മറഡോണക്ക് മാപ്പില്ല- പീറ്റർ ശിൽട്ടൻ

- Advertisement -

1986 ലോകകപ്പിൽ കൈ കൊണ്ട് ഗോളടിച്ചു വില്ലനായ ഡിയഗോ മറഡോണക്ക് തന്റെ ജീവിതകാലത്തിൽ ഒരിക്കലും മാപ്പ് നൽകില്ലെന്ന് അന്ന് ഇംഗ്ലണ്ട് ഗോൾ കീപ്പറായിരുന്ന പീറ്റർ ശിൽട്ടൻ. മറഡോണ പിന്നീട് ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിച്ച ഗോളിന്റെ കൂടെ പിൻബലത്തിലാണ് അന്ന് ഇഗ്ലണ്ടിനെ മറികടന്ന് അർജന്റീന ലോകകപ്പ് സെമിയിലേക്ക് പ്രവേശിച്ചത്.

2-1 ന് അവസാനിച്ച മത്സരത്തിലെ ആദ്യ ഗോളാണ് മറഡോണ കൈകൊണ്ട് ഇംഗ്ലണ്ടിന്റെ വലയിലേക്ക് തട്ടിയിട്ടത്. അന്ന് റഫറിയായിരുന്ന അലി ബെന്നാകുർ അത് കാണാതായതോടെ ഇംഗ്ലണ്ട് ഒരു ഗോളിന് പിറകിലായി. പിന്നീട് 4 മിനിട്ടുകൾക്ക് അപ്പുറം മറഡോണ തന്നെ നേടിയ മറ്റൊരു ചരിത്ര പ്രസിദ്ധ ഗോളിൽ അർജന്റീന ലീഡ് ഉയർത്തി. 81 ആം മിനുട്ടിൽ ഗാരി ലിനെക്കറിലൂടെ ഇംഗ്ലണ്ട് ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് മത്സരം തിരിച്ചു പിടിക്കാനായില്ല. പിന്നീട് സെമിയും ഫൈനലും ജയിച്ച മറഡോണയുടെ സംഘം ലോകകപ്പ് ജേതാക്കളായി.

 

റഷ്യയിലെ ലോകകപ്പിന് മുന്നോടിയായി ശിൽട്ടനും മറഡോണയും തമ്മിൽ കാണുമെന്നും എല്ലാം പരസ്പരം മറക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വല കാത്ത ശിൽട്ടൻ പക്ഷെ തന്റെ ട്വിറ്റർ അകൗണ്ട് വഴിയാണ് മറഡോണക്ക് മാപ്പ് നൽകില്ലെന്നും മറഡോണയുമായി ഹസ്തദാനം നടത്തില്ലെന്നും വ്യക്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement