The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association. FIFA Malayalam ഫിഫ ലോകകപ്പ് Qatar World Cup 2022
രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ തകർത്ത് സെമി ഉറപ്പിച്ച ബെൽജിയത്തിനു മുന്നിൽ നിരവധി റെക്കോർഡുകളാണ് തകർന്നു വീണത്. ഗോളിന്റെ എണ്ണം പോലെ തന്നെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടു. സെൽഫ് ഗോളുകൾ ഒഴിച്ച നിർത്തിയാൽ ബെൽജിയത്തിനു വേണ്ടി 9 വ്യത്യസ്ത കളിക്കാരാണ് ഗോളടിച്ചത്. 2018 റഷ്യൻ ലോകകപ്പിലെ മറ്റൊരു റെക്കോർഡാണിത്. ഇതിനു മുൻപ് 2006 ൽ ഇറ്റലിക്കും 1982 ഫ്രാൻസിനും മാത്രമാണ് ഇതിലധികം ഗോൾ സ്കോറർമാർ ഉണ്ടായിരുന്നത്(10 ഗോൾ വീതം) .
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ബ്രസീലിനെതിരായ വിജയത്തോടെ ബെൽജിയത്തിന് ഈ ലോകകപ്പിൽ 14 ഗോളുകളായി. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്. മെർട്ടൻസ്, ലുകാകു, ഹസാർഡ്, ബത്‌സുവായി, അദ്നാൻ യൂനസി ,വെർട്ടോങ്ങൻ,ഫെല്ലെയ്‌നി, ചാഡിൽ, ഡു ബ്രെയ്ൻ എന്നിവരാണ് ബെൽജിയത്തിന്റെ ലോകകപ്പ് ഗോൾ സ്കോറർമാർ.
ലോകകപ്പ് പരാജയത്തിന് പിറകെ ഒരു ജപ്പാൻ താരം കൂടെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഡിഫൻഡർ ഗൊറ്റൊകു സകായിയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്റെ പ്രകടനങ്ങൾ ടീമിനോട് നീതി പുലർത്തുന്നില്ല എന്ന് സ്വയം പഴി പറഞ്ഞാണ് സകായിയിടെ വിരമിക്കൽ. ഈ ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമെ സകായി കളിച്ചിരുന്നുള്ളൂ.
27കാരനായ സകായി ജപ്പാനു വേണ്ടി 42 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നേരത്തെ വെറ്ററൻ താരങ്ങളായ ഹോണ്ടയും, ഹസെബെയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്റെ താൽക്കാലിക പരിശീലകനായി ലോകകപ്പിനെത്തിയ നിഷിനോയും ജപ്പാന്റെ ചുമതല ഒഴിഞ്ഞിട്ടുണ്ട്.
ഉറുഗ്വേയുടെ ഇന്നലത്തെ പരാജയത്തിന് കാരണം സ്ട്രൈക്കർ കവാനി ഇല്ലാത്തത് ആണെന്ന് സുവാരസ്. ഇന്നലെ ക്വാർട്ടറിൽ ഫ്രാൻസിനെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം നേരിട്ടിരുന്നു. പോർച്ചുഗലിനെതിരെ പരിക്കേറ്റ കവാനിക്ക് ഇന്നലെ സബ്ബായി പോലും ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.
കവാനി ഇല്ലാത്തത് ടീമിനെ ആകെ ബാധിച്ചു എന്നാണ് സുവാരസ് പറഞ്ഞത്. ഇതൊരു കാരണമായി പറയുന്നതല്ല എന്നും കവാനിക്കു വേണ്ടിയാണ് ഞങ്ങൾ എല്ലാവരും 100 ശതമാനം കൊടുത്ത് കളിച്ചതെന്നും സുവാരസ് പറഞ്ഞു. കവാനിക്ക് പകരം സ്റ്റുവാനിയെ ഇന്നലെ മുൻ നിരയിൽ ഇറക്കിയെങ്കിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇംഗ്ലീഷ് ഗോൾകീപ്പറായ പിക്ക്ഫോർഡിനെ താൻ കളിയാക്കിയിട്ടില്ല എന്ന് ബെൽജിയം ഗോൾകീപ്പർ കോർതുവ പറഞ്ഞു. ഇന്നത്തെ മത്സരത്തിനു ശേഷമാണ് താൻ കളിയാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ കോർതുവ നിഷേധിച്ചത്. ഇംഗ്ലണ്ട് ബെൽജിയം മത്സരത്തിൽ പിക്ക്ഫോർഡ് വഴങ്ങിയ ഗോൾ പിക്ക്ഫോർഡ് നീളമില്ലാത്തത് കൊണ്ട് വഴങ്ങിയതാണ് എന്ന് കോർതുവ പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതികരണവുമായി പിക്ക്ഫോർഡും രംഗത്ത് വന്നിരുന്നു. താൻ നീളമുണ്ടോ വണ്ണമുണ്ടോ എന്നത് ഞാൻ നോക്കുന്നില്ല എന്നും എനിക്ക് കഴിവും പരിശ്രമവും ഉണ്ടെന്നും ആയിരുന്നു പിക്ക്ഫോർഡിന്റെ മറുപടി. എന്നാൽ ഇന്ന് താൻ അങ്ങനെ കളിയാക്കാൻ അല്ല ഉദ്ദേശിച്ചത് എന്ന് കോർതുവ പറഞ്ഞു. ഒരു ഗോൾ കീപ്പറെയും അവരുടെ നീളവും വണ്ണവുൻ വെച്ച് ഒരിക്കലും താൻ വിമർശിക്കുക പോലുമില്ല എന്നും താരം പറഞ്ഞു.
ഇന്ന് നടക്കുന്ന ലോകകപ്പ് ക്വാർട്ടറിന് മുന്നോടിയായി ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെ വെല്ലുവിളിച്ച് സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പരാജയപ്പെട്ടാൽ ഡേവിഡ് ബെക്കാമിന് ഈ ലോകകത്തെ ബെക്കാം ആവശ്യപ്പെടുന്ന ഏതു സ്ഥലത്തു വെച്ചും ബെക്കാമിന് ഡിന്നർ നൽകാം എന്നാണ് ഇബ്രയുടെ ബെറ്റ്. തിരിച്ച് ഇംഗ്ലണ്ട് പരാജയപ്പെടുക ആണെങ്കിൽ അങ്ങനെ ഒരു ഓഫർ തിരികെ നൽകാൻ ബെക്കാമിന് ആകുമോ എന്നാണ് വെല്ലുവിളി.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇബ്ര ബെക്കാമിനെ വെല്ലുവിളിച്ചിരിക്കുന്നത്. ബെക്കാം ഈ വെല്ലുവിളി സ്വീകരിക്കുകയും പകരം രസകരമായ മറ്റൊരു ബെറ്റ് വെക്കുകയും ചെയ്തു. ഡിന്നറല്ല തനിക്ക് വേണ്ടത് എന്നും പകരം സ്വീഡൻ തോറ്റാൽ തന്റെ കൂടെ വെംബ്ലി സ്റ്റേഡിയത്തിൽ വന്ന് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ് ഇംഗ്ലണ്ടിന്റെ ഒരു കളികാണണം എന്നുമാണ് ബെക്കാമിന്റെ ബെറ്റ്.
മുമ്പ് പി എസ് ജിയിൽ ഒരുമിച്ചു കളിച്ചവരാണ് ഇരുവരും. നേരത്തെ ബെക്കാം ഇംഗ്ലണ്ട് ഫൈനലിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഇബ്ര സ്വീഡൻ കപ്പ് ഉയർത്തുമെന്നും കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
ലോകകപ്പ് ചരിത്രത്തിലെ ഒരു സ്വപ്ന കുതിപ്പിലാണ് ബെൽജിയം ഇപ്പോൾ. അവരുടെ ഫുട്ബോൾ ഇതുവരെ കണ്ട ഏറ്റവും മികച്ച തലമുറയാകും ഇത്തവണ ലോകകപ്പിന് എത്തിയിരിക്കുന്നത്. ഇന്ന് ഈ ലോകകപ്പ് ഫേവറിറ്റ്സ് എന്ന് ഭൂരിഭാഗം പേരും വിളിച്ചിരുന്ന ബ്രസീലിനെയും അവർ നാട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇന്നത്തെ വിജയം ബെൽജിയത്തിന് സമ്മാനിച്ചിരിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാം സെമി ഫൈനൽ ആണ്.
1986ൽ ആയിരുന്നു ഇതിന് മുമ്പ് ബെൽജിയം സെമിയിൽ എത്തിയത്. അത് ഒരു അത്ഭുത യാത്രയായിരുന്നു. മെക്സിക്കോയിൽ നടന്ന ആ ലോകകപ്പിൽ ബെൽജിയത്തിന്റെ നോക്കൗട്ട് വിജയങ്ങൾ എല്ലാം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്ന് അവസാനം മറഡോണയുടെ ഇരട്ട ഗോളുകൾക്ക് മുന്നിലാണ് സെമിയിൽ ബെൽജിയം വീണത്. ഇത്തവണത്തെ പ്രത്യേകത ബെൽജിയത്തിന്റെ വിജയങ്ങൾ ഒന്നും ആർക്കും അത്ഭുതമല്ല എന്നതാണ്.
ബ്രസീലിനെ തോൽപ്പിച്ചപ്പോൾ പോലും അതും ആൾക്കാർ പ്രതീക്ഷിച്ചതു പോലെയെ പ്രതികരണങ്ങൾ വന്നുള്ളൂ. ബെൽജിയം ഇത്തവണ അത്രയ്ക്കും മികച്ചു നിൽക്കുന്നു. കളിച്ച ഒരു കളിയിലും പതറിയില്ല. ആകെ വിറച്ചത് ജപ്പാന്റെ മുന്നിൽ ഒരു 10 മിനുട്ട് ആയിരുന്നു. അതും അവർ രാജകീയമായി മറികടന്നു. ഇംഗ്ലണ്ടിനെതിരെ 9 മാറ്റങ്ങൾ വരുത്തി കളിച്ചപ്പോഴും വിജയം തന്നെയായിരുന്നു ഫലം.
ഇനി ഫ്രാൻസ് ആണ് എതിരാളികൾ. എളുപ്പമല്ല ബെൽജിയത്തിന് ഒന്നും. പക്ഷെ ബെൽജിയത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല. ഇതിനകം തന്നെ ഈ ലോകകപ്പ് അവരുടെ ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റിയിരിക്കുന്നു. ഇനി നേടാൻ മാത്രമെ ഉള്ളൂ ബെൽജിയത്തിന്.
ബ്രസീൽ ബെൽജിയത്തോട് തോറ്റതോടെ അവസാന ലോകകപ്പുകളിൽ ബ്രസീൽ യൂറോപ്പ്യൻ ടീമുകൾക്കെതിരെ തുടരുന്ന മോശം റെക്കോർഡ് തുടരുന്നതാണ് കണ്ടത്. 2002ൽ ലോകകപ്പ് വിജയിച്ചതിന് ശേഷം ഇങ്ങോട്ട് നാലു ലോകകപ്പുകളിലും ബ്രസീൽ തോറ്റ് പുറത്തായത് യൂറോപ്യൻ എതിരാളികളോടായിരുന്നു. ശരിക്ക് കണക്കു നോക്കിയാൽ 2002ന് ശേഷം നോക്കൗട്ടിൽ യൂറോപ്പിലെ എതിരാളികൾക്കെതിരെ ഒരു ജയം പോലും ബ്രസീലിന് ഇല്ല.
2006ൽ പ്രീക്വാർട്ടറിൽ ആഫ്രിക്കൻ ടീമായ ഘാന ആയിരുന്നു എതിരാളികൾ. അതു വിജയിച്ച് ക്വാർട്ടറിൽ ഫ്രാൻസ് എതിരാളികളായി എത്തിയപ്പോൾ 1-0ന്റെ പരാജയം ഏറ്റുവാങ്ങി ബ്രസീൽ മടങ്ങി. 2010ൽ പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ ടീമായ ചിലിയെ തോൽപ്പിച്ചു എങ്കിലും വീണ്ടു ക്വാർട്ടറിൽ യൂറോപ്പിന് മുന്നിൽ വീണു. ഹോളണ്ട് ആയിരുന്നു അന്ന് ബ്രസീലിനെ തോൽപ്പിച്ചത്. സ്കോർ 2-1.
2014 ലോകകപ്പിൽ പ്രീക്വാർട്ടറിലും ക്വാർട്ടറിലും ബ്രസീലിന് ലാറ്റിനമേരിക്കൻ എതിരാളികൾ ആയിരുന്നു. രണ്ടും ബ്രസീൽ മറികടന്നു. പക്ഷെ സെമിയിൽ യൂറോപ്യൻ ടീമായ ജർമ്മനി. അതിന്റെ ഫലം ദുരന്തമായിരുന്നു. സ്വന്തം നാട്ടിൽ 7-1ന്റെ തോൽവി. ഈ ലോകകപ്പിലും കഥ മാറിയില്ല. പ്രീക്വാർട്ടറിൽ കോൺകകാഫ് ടീമായ മെക്സിക്കോയെ മറികടന്ന ബ്രസീൽ ക്വാർട്ടറിൽ യൂറോപ്പിന് മുന്നിൽ തന്നെ വീണു.
ഇത് യൂറോപ്പിന്റെ ലോകകപ്പായി തന്നെ മാറിയിരിക്കുകയാണ്. ഇന്ന് ബെൽജിയത്തോട് തോറ്റ് ബ്രസീൽ കൂടെ മടങ്ങിയതോടെ ഇനി അവശേഷിക്കുന്നത് യൂറോപ്യൻ ടീമുകൾ മാത്രം എന്നായി. ബെൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ, റഷ്യ, സ്വീഡൻ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇനി അവശേഷിക്കുന്നത്. ഒര ഇടവേളയ്ക്ക് ശേഷം വീണ്ടും യൂറോപ്പ് മാത്രമുള്ള സെമി ഫൈനലിനും ഇതോടെ കളം ഒരുങ്ങുകയാണ്.
ഇതിന് മുമ്പ് 2006ലാണ് അവസാനമായി യൂറോപ്പ് മാത്രം അണിനിരന്ന സെമി ഫൈനൽ ലോകകപ്പിൽ പിറന്നത്. അന്ന് ഇറ്റലി ജർമ്മനിയേയും, ഫ്രാൻസ് പോർച്ചുഗലിനെയും ആയിരുന്നു നേരിട്ടത്. 2006 അല്ലാതെ 1966ലും 1982ലും ആണ് യൂറോപ്പ് മാത്രമുള്ള ഫൈനലുകൾ മുമ്പ് ഉണ്ടായിട്ടുള്ളത്. ഇതോടെ 2002ന് ശേഷം എല്ലാ ലോക കിരീടങ്ങളും യൂറോപിലേക്കാണ് വന്നത് എന്ന റെക്കോർഡും തുടരും.
2002ൽ ബ്രസീലാണ് അവസാനമായി യൂറോപ്പിന് പുറത്തേക്ക് ലോകകപ്പ് കിരീടം കൊണ്ടു പോയത്.
ഇന്നത്തെ മത്സരത്തിൽ ബെൽജിയം ഇതുവരെ കളിച്ച ബെൽജിയമെ ആയിരുന്നില്ല. ഇതുവരെ കളിച്ച ബെൽജിയം മോശമായിരുന്നു എന്നല്ല. പക്ഷെ ഇന്ന് ബെൽജിയം ആകെ മാറി ആയിരുന്നു ഇറങ്ങിയത് തന്നെ. ഒരു റോബേർട്ടോ മാർട്ടിനസ് മാസ്റ്റർ ക്ലാസായിരുന്നു ഇതെന്നും പറയാം. ഇതുവരെ ബെൽജിയം ഇറങ്ങിയത് ഡിബ്രുയിനെ മധ്യനിരയിൽ ഇറക്കിയായിരുന്നു. അങ്ങനെയൊരു ഫോർമേഷൻ തന്നെയാകും ടിറ്റെയും ഇന്ന് പ്രതീക്ഷിച്ചു കാണുക.
പക്ഷെ മാർട്ടിമെസിന്റെ പ്ലാൻ വേറെ ആയിരുന്നു. ഫെല്ലൈനിയെ മധ്യനിരയിലേക്ക് കൊണ്ടുവന്ന മാർട്ടിനെസ് മുൻ നിരയിലേക്ക് ഡിബ്ര്യുയിനെ വിട്ട് ഹസാർഡ്-ലുകാകു-ഡിബ്രുയിൻ എന്നൊരു ത്രയം ബ്രസീൽ ഡിഫൻസിന്റെ മുന്നിൽ സൃഷ്ടിച്ചു. പ്രീമിയർ ലീഗിൽ മികച്ച മൂന്ന് ക്ലബുകളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരങ്ങൾ. യുണൈറ്റഡിന്റെ ലുകാകുവും, ചെൽസിയുടെ ഹസാർഡും, സിറ്റിയുടെ ഡിബ്രുയിനും സാംബ താളം തെറ്റിച്ചെന്നു തന്നെ പറയാം.
ഇന്ന് കണ്ട ആദ്യ പകുതിയെ ബെൽജിയം ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കൗണ്ടർ അറ്റാക്കിംഗ് ടാക്ടിക്സായിരുന്നു. ഒരോ തവണ ബെൽജിയത്തിന്റെ അറ്റാക്കിംഗ് പകുതിയിലേക്ക് പന്തു പോവുമ്പോഴും അതൊരു ഗോൾ ചാൻസാകാൻ മാത്രം മികച്ച കൗണ്ടർ അറ്റാക്കിംഗ്. ബെൽജിയത്തിന്റെ രണ്ടാം ഗോളിൽ കലാശിച്ചതും അങ്ങനെയൊരു കൗണ്ടറായിരുന്നു.
ബ്രസീലിന്റെ അറ്റാക്കിൽ നിന്ന് പന്ത് സ്വീകരിച്ച ലുകാകു മുഴുവൻ ബ്രസീൽ ഡിഫൻസിനെയും മറികടന്ന് ഡിബ്രുയിന് പന്ത് കൊടുത്തതും ആ പന്ത് വലയിൽ എത്തിയതും ഒക്കെ നിമിഷ നേരം കൊണ്ടായിരുന്നു. കഴിഞ്ഞ കളിയിൽ ജപ്പാനെതിരെ വിജയം നേടിയ കൗണ്ടർ അറ്റാക്കിംഗ് ഗോൾ പോലെ മറ്റൊരു മനോഹര ഗോളായിരുന്നു ഡിബ്രുയിൻ ഗോൾ.
ഡിഫൻസിന് പേര് കേട്ട ടിറ്റയുടെ ഡിഫൻസിനെ വരെ ഈ മൂവർ സംഘം തകർത്തെന്നു പറയാം. രണ്ട് ഗോൾ അടിച്ചതിന് ശേഷം രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് ബെൽജിയം മാറി. അല്ലായെങ്കിൽ ആ കൗണ്ടർ അറ്റാക്കിംഗ് സൗന്ദര്യം 90 മിനുട്ടും കാണാൻ ഫുട്ബോൾ ആരാധകർക്ക് കഴിഞ്ഞേനെ. ഈ അറ്റാക്കിംഗ് ത്രയം ലോകഫുട്ബോൾ എന്നും ഓർക്കുന്ന ഒന്നാവാൻ ഇന്നത്തെ മത്സരം മാത്രം മതിയാകും.
ഫെർണാണ്ടീനോ ഇന്ന് ബെൽജിയത്തിനെതിരെ വഴങ്ങിയ സെൽഫ് ഗോൾ ഫെർണാണ്ടീനോയെ നാണക്കേടിന്റെ പട്ടികയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ന് ബ്രസീൽ വഴങ്ങിയ സെൽഫ് ഗോൾ ബ്രസീലിന്റെ ഇത്രയും കാലത്തെ ലോകകപ്പ് ചരിത്രത്തിലെ വെറും രണ്ടാമത്തെ സെൽഫ് ഗോൾ മാത്രമായിരുന്നു. ഇതിനു മുമ്പ് ലോകകപ്പിൽ ബ്രസീൽ വഴങ്ങിയ സെൽഫ് ഗോളിന്റെ ഉടമയും ഇന്ന് ഫെർണാണ്ടീനോയ്ക്കൊപ്പം ടീമിൽ ഉണ്ടായിരുന്നു.
മാർസലോ ആണ് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തിൽ സെൽഫ് ഗോൾ നേടിയ മറ്റൊരു താരം. ബ്രസീലിൽ വെച്ച് നടന്ന 2014 ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ആയിരുന്നു മാർസലോയുടെ സെൽഫ് ഗോൾ.
ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിന്റെ സെൽഫ് ഗോളിലൂടെ ബെൽജിയം ഒരു ഗോളിന് മുന്നിൽ എത്തിയതോടെ ലോകകപ്പിൽ ബെൽജിയത്തിന് പുതിയ റെക്കോർഡായി. ഈ ലോകകപ്പിൽ ബെൽജിയത്തിന്റെ 13ആം ഗോളായിരുന്നു ഇത്. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്. 1986 ലോകകപ്പിൽ നേടിയ 12 ഗോളുകൾ എന്ന റെക്കോർഡാണ് ബെൽജിയം ഇന്ന് മറികടന്നത്. ഇന്നത്തെ രണ്ട് ഗോളുകളോടെ ബെൽജിയത്തിന് ഈ ലോകകപ്പിൽ 14 ഗോളുകളായി.
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ 9 ഗോളുകൾ ബെൽജിയം നേടിയിരുന്നു. നാലു ഗോളുകൾ നേടിയ ലുകാകു ആണ് ബെൽജിയത്തിനായി ഗോളടിയിൽ മുന്നിൽ നിൽക്കുന്നത്.
നിർണായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി ബ്രസീലും ബെൽജിയവും. ബ്രസീൽ നിരയിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. സസ്പെൻഷൻ നേരിടുന്ന കസമേറോയ്ക്ക് പകരം ഫെർണാണ്ടീനോ ആദ്യ ഇലവനിൽ എത്തി. പരിക്കേറ്റ് അവസാന മത്സരത്തിൽ പുറത്തിരുന്ന മാർസെലോ ആദ്യ ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു. ബെൽജിയം നിരയിലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയ ഫെല്ലൈനി ആദ്യ ഇലവനിൽ എത്തി.