ഷൂട്ട് ഔട്ടിൽ വീണ് റഷ്യൻ പട, ക്രൊയേഷ്യ സെമിയിൽ

റഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് സോച്ചിയിൽ അവസാനം. പെനാൽറ്റി കിക്കിലൂടെയാണ് ക്രോയേഷ്യ റഷ്യയെ മറികടന്നത്. 2-2 എക്സ്ട്രാ ടൈം അവസാനിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ഷൂട്ട് ഔട്ടിൽ ക്രോയേഷ്യ 4-3 ന് മറികടന്ന ക്രോയേഷ്യൻ സംഘം അങ്ങനെ 1998 ന് ശേഷം വീണ്ടും സെമിയിൽ.

മത്സരത്തിന്റെ തുടക്കത്തിൽ ക്രോയേഷ്യൻ ഗോൾ മുഖത്ത് മികച്ച ആക്രമണമാണ് റഷ്യ നടത്തിയത്. പക്ഷെ ക്രോയേഷ്യ താളം കണ്ടെത്തിയതോടെ റഷ്യക്കും പ്രതിരോധത്തിലേക്ക്‌ പിൻവാങ്ങേണ്ടി വന്നു. 16 ആം മിനുട്ടിൽ റഷ്യൻ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് പക്ഷെ റാകിറ്റിച് പുറത്തേക്ക് അടിച്ചു.

31 ആം മിനുട്ടിലാണ് റഷ്യ കാത്തിരുന്ന ഗോൾ പിറന്നത്. സൂബയുടെ പാസ്സ് സ്വീകരിച്ചു ചെറിശേവ് തൊടുത്ത കിടിലൻ ഷോട്ട് ക്രോയേഷ്യൻ ഗോളിയെ കാഴ്ചകാരനാക്കി വലത് മൂലയിൽ പതിച്ചു. സ്കോർ 1-0.

പക്ഷെ 39 ആം മിനുട്ടിൽ ക്രോയേഷ്യ സമനില കണ്ടെത്തി. മൻസൂകിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെ ക്രമറിച് ആണ് ഗോൾ നേടിയത്. രണ്ട് ഗോളുകൾ പിറന്നെങ്കിലും ആദ്യ പകുതി പലപ്പോഴും വിരസമായി കടന്ന് പോയി.

രണ്ടാം പകുതിയിൽ ക്രോയേഷ്യൻ ആക്രമണത്തിന് കൂടുതൽ കരുത്ത് വന്നു. 59 ആം മിനുട്ടിൽ പെരിസിച്ചിന്റെ ഷോട്ട് റഷ്യൻ പോസ്റ്റിൽ തട്ടി മടങ്ങി. മത്സരം ഒരു മണിക്കൂർ പിന്നിട്ട ശേഷം ക്രോയേഷ്യ തുടർച്ചയായി റഷ്യയെ ആക്രമിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം എക്ട്ര ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനാവാതെ വിഷമിച്ചിരിക്കെ ക്രോയേഷ്യൻ ഡിഫൻഡർ വിദ മികച്ചൊരു ഹെഡറിലൂടെ റഷ്യൻ വല കുലുക്കി. എക്സ്ട്രാ ടൈമിന്റെ 11 ആം മിനുട്ടിലാണ് ക്രോയേഷ്യൻ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ക്രോയേഷ്യൻ ഗോൾ മുഖം നിരന്തരം വിറപ്പിച്ച റഷ്യക്ക് മുന്നിൽ ക്രോയേഷ്യൻ ഗോളി പലപ്പോഴും തടസ്സമായെങ്കിലും 115 ആം മിനുട്ടിൽ സോച്ചിയെ ആഘോഷത്തിമിർപ്പിലാക്കി റഷ്യയുടെ സമനില ഗോളെത്തി. ഫ്രീകിക്ക് ഹെഡറിലൂടെ മാരിയോ ഫെർണാണ്ടസ് റഷ്യക്ക് ജീവൻ നൽകി. സ്കോർ 2-2. പിന്നീടുള്ള സമയം റഷ്യ പിടിച്ചു നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക്.

ഷൂട്ട് ഔട്ടിൽ റഷ്യയുടെ ആദ്യ കിക്ക് തന്നെ ക്രോയേഷ്യൻ ഗോളി തടുത്തു. ക്രോയേഷ്യയുടെ ആദ്യ ഷോട്ട് ഗോളായെങ്കിലും രണ്ടാം കിക്ക് എടുത്ത കോവാചിച്ചിന്റെ കിക്ക് തടുത്തു റഷ്യൻ ഗോളി സ്കോർ സമനിലയിലാക്കി. പക്ഷെ റഷ്യയുടെ ഫെർണാണ്ടസിന്റെ കിക്ക് പുറത്തു പോയതോടെ വീണ്ടും ക്രോയേഷ്യക്ക് മേൽകൈ. പിന്നീടുള്ള എല്ലാ കിക്കുകളും ക്രോയേഷ്യ കൃത്യമായി വലയിലാക്കിയതോടെ ക്രോയേഷ്യ ലോകകപ്പ് സെമിയിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് ചരിത്രത്തിലെ മൂന്നാം സെമി ഫൈനലിനായി ഇംഗ്ലണ്ട്

ലോകകപ്പ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ മൂന്നാം ലോകകപ്പ് സെമി ഫൈനലിനാണ് അവർ യോഗ്യത നേടിയിരിക്കുന്നത്. 1966 ലെ ലോകകപ്പിൽ മാത്രമാണ് ഫുട്ബോളിന്റെ ജന്മദേശത്തേക്ക് കപ്പെത്തിയത്. 1990 ൽ ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയെങ്കിലും വെസ്റ്റ് ജർമ്മനിയോട് പരാജയപ്പെട്ടതാണ് ഇംഗ്ലണ്ട് പുറത്തേക്ക് പോയത്. നിശ്ചിതസമയത് സമനിലയും പെനാൽറ്റി ഷൂട്ടൗട്ടിൽ 4–3 പരാജയവുമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനെ സെമിയിൽ പരാജയപ്പെടുത്തിയ വെസ്റ്റ് ജർമ്മനി പിന്നീട് കപ്പുയർത്തുകയും ചെയ്‌തു. 1966 ലെ ലോകകപ്പിൽ വെസ്റ്റ് ജർമ്മനിയെ തകർത്താണ് ഇംഗ്ലണ്ട് കപ്പുയർത്തിയത്.

സൗത്ഗേറ്റും യുവനിരയും തങ്ങളുടെ പിന്ഗാമികൾക്ക് പറ്റാത്ത ലക്ഷ്യം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. വിജയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ലോകകപ്പിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച കുതിപ്പാണ് റഷ്യൻ ലോകകപ്പിൽ നടത്തുന്നത്. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ ബെൽജിയത്തോട് മാത്രമാണ് ഇംഗ്ലണ്ട് പരാജയമേറ്റുവാങ്ങിയത്. ട്യുണീഷ്യയും പണമായും ഇംഗ്ലണ്ടിന് മുന്നിൽ തകർന്നു. പ്രീ ക്വാർട്ടറിൽ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെക്കാമിനോട് ബെറ്റിൽ തോറ്റു, ഇബ്രാഹിമോവിചിന് ഇനി ഇംഗ്ലീഷ് ജേഴ്സി വാങ്ങാം

ഇന്ന് ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ട് സ്വീഡനോട് ജയിച്ചതോടെ വെട്ടിലായത് സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിചാണ്. ഇന്നലെ മത്സരത്തിന് മുന്നോടിയായി ഇബ്രാഹിമോവിച് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെ ഒരു ബെറ്റുമായി വെല്ലുവിളിച്ചിരുന്നു. സ്വീഡൻ ജയിച്ചാൽ ഇബ്ര ആവശ്യപ്പെടുന്ന സ്ഥലത്ത് വെച്ച് ഒരു ഡിന്നർ ബെക്കാം ഒരുക്കണം എന്നയിരു‌നു ബെറ്റ്.

ഇബ്രയുടെ ബെറ്റ് അംഗീകരിച്ച ബെക്കാം പകരം ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ജയിച്ചാൽ ഇബ്രാഹിമോവിച് ഒരു ഇംഗ്ലണ്ട് മത്സരം വെംബ്ലിയിൽ വെച്ച് ബെക്കാമിനൊപ്പം ഇംഗ്ലീഷ് ജേഴ്സിയും ഇട്ട് കാണണം എന്നായിരുന്നു. ഇന്ന് സ്വീഡൻ പരാജയപ്പെട്ടതോടെ ഇബ്ര ബെറ്റിലും പരാജയപ്പെട്ടു. ഇനി ഇംഗ്ലീഷ് ജേഴ്സി വാങ്ങി അടുത്ത ഇംഗ്ലണ്ട് ഹോം മത്സരം കാണാൻ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇബ്ര.

മുമ്പ് പി എസ് ജിയിൽ ഒരുമിച്ചു കളിച്ചവരാണ് ഇരുവരും. നേരത്തെ ബെക്കാം ഇംഗ്ലണ്ട് ഫൈനലിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. എന്തായാലും വെറുതെ ഇരിക്കുന്ന ബെക്കാമിനെ അങ്ങോട്ട് ചെന്ന് മുട്ടി പണി വാങ്ങിയിരിക്കുകയാണ് സ്ലാട്ടാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പിൽ കന്നി ഗോളുമായി ഹാരി മഗ്യെർ

മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ സ്വീഡൻ – ഇംഗ്ലണ്ട് പോരാട്ടത്തിൽ ആദ്യ ഗോൾ നേടിയത് ഹാരി മഗ്യെറാണ്. ഹാരി മഗ്യെറുടെ ഗോളിന് പ്രത്യേകതകൾ ഏറെയുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി തന്റെ ആദ്യ ഗോളാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹാരി മഗ്യെർ നേടിയത്. ലോകകപ്പിലേയും അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്.

ലോകകപ്പിൽ തന്റെ കന്നി ഗോൾ നേടുന്ന നാലാം ഇംഗ്ലണ്ട് താരമാണ് ഹാരി മഗ്യെർ. അലൻ മുളേറി, ഡേവിഡ് പ്ലാറ്റ് , റിയോ ഫെർഡിനൻഡ് എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുടെ താരമാണ് ഈ 25 കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശരിക്കും, ഇറ്റ്സ് കമിങ് ഹോം!!!?

ലോകകപ്പിന് മുമ്പ് ഒരു രസത്തിന് സ്വയം പരിഹസിക്കാൻ ഇംഗ്ലീഷ് ആരാധകർ തന്നെയാണ് “It’s Coming Home” എന്നും പറഞ്ഞ് ഇറങ്ങിയത്. ഫുട്ബോളിന്റെ ജന്മനാട്ടിലേക്ക് ലോകകപ്പ് വരും എന്നായിരുന്നു ഈ ഇറ്റ്സ് കമിംഗ് ഹോമിന്റെ ഉള്ളടക്കം. പൊതുവെ എല്ലാ ലോകകപ്പിലും മികച്ച താരനിരയുമായി എത്തി നാണക്കേടുമായി മടങ്ങുക ആയിരുന്നു ഇംഗ്ലണ്ടിന്റെ പതിവ്. ബെക്കാമും, ഓവനും, റൂണിയും, സ്കോൾസും, ജെറാഡും, ലാമ്പാർഡും ഒക്കെ നാണം കെട്ടാണ് ലോകകപ്പിന് വന്നപ്പോഴെല്ലാം മടങ്ങിയിട്ടുള്ളത്.

ഇത്തവണ സൗത്ഗേറ്റും യുവനിരയും വരുമ്പോഴും അത്രയൊക്കെയെ എല്ലാവരും പ്രതീക്ഷിച്ചുള്ളൂ. പ്രീമിയർ ലീഗിലെ വൻ താരങ്ങളെല്ലാം കെയ്നിന്റെ കീഴിൽ അണിനിരന്നപ്പോൾ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചില്ല. പക്ഷെ ഇത്തവണ ഒക്കെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. എപ്പോഴും ഒരു ടീമായി കളിക്കാൻ കഷ്ടപ്പെടുന്ന ഇംഗ്ലണ്ടിനെയാണ് നമ്മൾ കണ്ടിട്ടുള്ളത്. താരങ്ങളുടെ ഈഗോയും ക്ലബുകൾ തമ്മിലുള്ള പോരും ഒക്കെ ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുമായിരുന്നു‌.

പക്ഷെ ഇത്തവണ ഒരു ടീമിനെ മാത്രമെ ഇംഗ്ലണ്ടിന്റെ ജേഴ്സിയിൽ കണ്ടുള്ളൂ. ഒരു താരത്തിന്റെയും വലുപ്പം ആ ടീമിൽ കണ്ടില്ല. ഗോൾ വരയിൽ നിൽക്കുന്ന പിക്ക്ഫോർഡ് മുതൽ ഗോൾ മുഖത്ത് നിക്കുന്ന കെയ്ൻ വരെ എല്ലാവരും ഒരു ടീമിന്റെ ഭാഗമായി തന്നെ കളിക്കുന്നു. എതിർ ടീമുകളുടെ മേൽ ആധിപത്യം പുലർത്തി വൻ പ്രകടനം ഒന്നും ഇത്തവണ ഇംഗ്ലണ്ട് നടത്തിയിട്ടില്ല. (പനാമ മത്സരം ഒഴിച്ചാൽ). പക്ഷെ അതൊക്കെ മതി എന്നാണ് സൗത്ഗേറ്റിന്റെയും ശൈലി.

ജയിക്കാൻ മാത്രമുള്ളത് കളിച്ച ഇംഗ്ലണ്ട് ഇപ്പോൾ സെമി ഫൈനലിൽ എത്തിയിരിക്കുകയാണ്. 1966ന് ശേഷം ഒരു ഫൈനലിന് വെറും 90 മിനുട്ടുകളുടെ ദൂരത്തിൽ. ഇത്തവണ സെമിയിലേക്ക് ഉള്ള യാത്രയിൽ ഒരു പെനാൾട്ടി ഷൂട്ടൗട്ടിനെയും ഇംഗ്ലണ്ട് മറികടന്നു എന്നത് ഓർക്കുക. കൊളംബിയക്കെതിരായ പെനാൾട്ടി ജയം ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ പെനാൾട്ടി ശാപത്തിനും അന്ത്യം കുറിച്ചു.

ഇത് അങ്ങനെയൊരു ലോകകപ്പാണ്. എല്ലാം അപ്രതീക്ഷിതമായിരുന്നു. തമാശയ്ക്കായി ആരംഭിച്ച It’s Coming Home സത്യമാകാൻ ഇനി അധികം ദൂരമില്ല എന്നതാണ് കളിയിലെ കാര്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ഇത് ഏറ്റവും ദുഖമുള്ള നിമിഷം, ഇനി ഫുട്ബോൾ കളിക്കാനുള്ള താല്പര്യം വരെ നഷ്ടപ്പെട്ടു” – നെയ്മർ

ഇന്നലെ ക്വാർട്ടറിൽ ബെൽജിയത്തോടെ പരാജയപ്പെട്ട് മടങ്ങേണ്ടി വന്ന നെയ്മർ താൻ ഭയങ്കര ദുഖത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പ്രതികരിച്ചു. ഇന്ന് സാമൂഹിക മാധ്യമം വഴി പുറത്തിറക്കിയ കുറിപ്പിലാണ് നെയ്മർ തന്റെ വിഷമം ആരാധകരുമായി പങ്കുവെച്ചത്. ഇത് തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മർ പറഞ്ഞു. “തങ്ങൾക്ക് വിജയിക്കാൻ കഴിയുമായിരുന്നു എന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും ദുഖം. ചരിത്രം എഴുതാം എന്നാണ് കരുതിയത്‌. പക്ഷെ ഇത്തവണ ആയില്ല” – നെയ്മർ പറഞ്ഞു.

തനിക്ക് ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം വരെ ഇപ്പോൾ കണ്ടെത്താൻ കഴിയുന്നില്ല. ദൈവം എന്റെ കൂടെ ഉണ്ടെന്നും, ദൈവം കളിക്കാൻ എന്നെ വീണ്ടും സഹായിക്കും എന്നാണ് വിശ്വാസം എന്നും നെയ്മർ പറഞ്ഞു‌. ഈ ടീമിൽ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ടീമിനെ കുറിച്ച് അഭിമാനമുണ്ട്. ഈ സ്വപ്നം ഇപ്പോൾ അവസാനിക്കുന്നു. പക്ഷെ ലോകകപ്പ് സ്വപ്നം ഞങ്ങളുടെ മനസ്സിൽ ബാക്കി ആയി തന്നെ ഉണ്ടെന്നും നെയ്മർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടും ഹെഡർ ഗോളുകളും

ഇന്ന് ആദ്യ പകുതി സ്വീഡനെതിരെ നേടിയ ഹെഡർ ഗോളോടെ ഈ ലോകകപ്പിൽ ഇംഗ്ലീഷ് നിര നേടിയ ഹെഡർ ഗോളുകളുടെ എണ്ണം നാലായി. ഇന്ന് മഗ്യർ ആയിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ കോർണറിൽ നിന്ന് തലകൊണ്ട് നേടിയത്. ഒരു ലോകകപ്പിൽ നാലിൽ കൂടുതൽ ഹെഡർ ഗോളുകൾ ഒരു ടീം തന്നെ ഇതിനു മുമ്പ് നേടിയത് ജർമ്മനി ആയിരുന്നു. 2002ൽ ആയിരുന്നു അത്.

ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ , സ്റ്റോൺസ് എന്നിവരാണ് ഇതിനു മുമ്പ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹെഡ് വഴി ഗോൾ നേടിയത്‌. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിൽ പിറന്ന 10 ഗോളുകളിൽ 8 ഗോളുകളും സെറ്റ് പീസുകളിൽ നിന്നാണ് വന്നത്. വെറും രണ്ട് ഗോളുകളെ ഓപൺ പ്ലേയിൽ നിന്ന് പിറന്നിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഉംറ്റിറ്റിയുടെ പരിക്ക് ഗുരുതരമല്ല, സെമിയിൽ കളിക്കുമെന്ന് റാഫേൽ വരാൻ

ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയുടെ പരിക്ക് ഗുരുതരമല്ല എന്നും സെമി ഫൈനലിൽ ഉംറ്റിറ്റി കളിക്കുമെന്നും സഹ ഡിഫൻഡർ റാഫേൽ വരാൻ. ടൂർണമെന്റിൽ ഉടനീളം മുട്ടിനേറ്റ പരിക്ക് അലട്ടിയ ഉംറ്റിറ്റിക്ക് ഡെന്മാർക്കിനെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു.

“ഉംറ്റിറ്റിക്ക് കുഴപ്പം ഒന്നുമില്ല, ഇന്നലെ മത്സര ശേഷം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം ശരിയായി, സെമിയിൽ ഉംറ്റിറ്റി എന്തായാലും കളിക്കും” റാഫേൽ വരാൻ പറഞ്ഞു. ഇന്നലെ ഉറുഗ്വേക്കെതിരെ ആദ്യ ഗോൾ നേടിയത് വരാൻ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്, ലൈനപ്പ് അറിയാം

നിർണായ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സ്വീഡനെ നേരിടുമ്പോൾ മാറ്റങ്ങൾ ഇല്ലാതെ ആണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നേരത്തെ കൊളംബിയക്കെതിരെ പരിക്ക് അലട്ടിയ ഡെലെ അലി ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്ന് സൂചനകൾ ഉണ്ടായിരുന്നു എങ്കിലും താരം ഇന്നു ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്.

സ്വീഡൻ: Olsen; Krafth, Lindelöf, Granqvist, Augustinsson; Claesson, Larsson, Ekdal, Forsberg; Berg, Toivonen.

ഇംഗ്ലണ്ട്: Pickford; Walker, Stones, Maguire; Trippier, Dele Alli, Henderson, Lingard, Young; Sterling, Kane.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുസലേര ഉറുഗ്വേ വലകാത്തത് വീട്ടിൽ നടന്ന രണ്ടു മരണങ്ങളുടെ വേദന കടിച്ചമർത്തിക്കൊണ്ട്

ഉറുഗ്വേ ഗോൾകീപ്പർ മുസലേരയുടെ അബദ്ധവും ഇന്നലെ ഫ്രാൻസിനെതിരായ ഉറുഗ്വേയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്നലെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഉറുഗ്വേ പരാജയപ്പെട്ടിരുന്നു. ഇതിൽ രണ്ടാമത്തെ ഗോൾ മുസ്ലേരയുടെ പിഴവായിരുന്നു. ഗ്രീസ്മന്റെ ഷോട്ട് തനിക്ക് നേരെയാണ് വന്നതെങ്കിലും അത് പഞ്ച് ചെയ്ത് അകറ്റുന്നതിൽ മുസലേര പരാജയപ്പെടുകയും പന്ത് വലയിൽ എത്തുകയുമായിരുന്നു.

മുസലേരയുടെ പ്രകടനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും മുസലേരയെ ഓർത്ത് സഹതപിക്കുകയാണ് താരത്തെ അറിയുന്നവർ. ഉറുഗ്വേയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പത്തെ ദിവസങ്ങളിലായി മുസലേരയുടെ വീട്ടിൽ രണ്ട് മരണങ്ങൾ നടന്നിരുന്നു. തന്റെ അമ്മാവനും തന്റെ അമ്മയുടെ അമ്മയെയും ആണ് 72 മണിക്കൂറിനിടെ മുസലേരയ്ക്ക് നഷ്ടപ്പെട്ടത്.

താരത്തിന് വീട്ടിലേക്ക് മടങ്ങാൻ പറ്റുമായിരുന്നു എങ്കിലും ടീമിലെ ഏറ്റവും പരിചയസമ്പത്ത് ഉള്ള താരമെന്ന നിലയിൽ ഉത്തരവാദിത്വം മറക്കാൻ മുസലേര ഒരുക്കമായിരുന്നില്ല. താരം ഫ്രാൻസിനെതിരെ വിഷമം കടിച്ചമർത്തി കളിക്കുകയായിരുന്നു. അതിനിടെയാണ് ഈ ഒരു അബദ്ധവും താരത്തിന് തിരിച്ചടിയായത്. ഉറുഗ്വേക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമാണ് മുസലേര.

ഒരു പിഴവ് കൊണ്ട് മുസലേരയെ വിമർശിക്കാൻ ആവില്ല എന്ന് ടീം ക്യാപ്റ്റനായ ഗോഡിൻ ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. ടീമിനെ ഒരുപാട് പിഴവുകളിൽ നിന്ന് ഒറ്റയക്ക് രക്ഷിച്ച ചരിത്രം മുസലേരയുടെ കരിയറിനുണ്ട്. അതുകൊണ്ട് ഈ ഗോൾ ഒരു പ്രശ്നമായി പോലും കണക്കാക്കുന്നില്ല എന്നായിരുന്നു ഗോഡിന്റെ അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ഇനിയേസ്റ്റയെ ബെഞ്ചിലിരുത്തിയത് അത്ഭുതപ്പെടുത്തി” – റാകിറ്റിച്

സ്പെയിൻ ലോകകപ്പിൽ നിന്ന് പുറത്തായ മത്സരത്തിൽ ഇനിയേസ്റ്റ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് റാകിറ്റിച് അഭിപ്രായപ്പെട്ടു. സ്പെയിൻ പ്രീ ക്വാർട്ടർ ഫൈനലിൽ റഷ്യക്കെതിരെ ഇറങ്ങിയപ്പോൾ ബെഞ്ചിലായിരുന്നു ഇനിയേസ്റ്റയുടെ സ്ഥാനം. രണ്ടാം പകുതിയിൽ മാത്രമായിരുന്നു ഇനിയേസ്റ്റ് ഇറങ്ങിയത്. മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയും സ്പെയിൻ തോൽക്കുകയുമായിരുന്നു.

ഇനിയേസ്റ്റയെ ആദ്യ ഇലവനിൽ ഇറക്കാത്തത് ഞെട്ടലുണ്ടാക്കി എന്ന് പറഞ്ഞ ക്രൊയേഷ്യൻ മിഡ്ഫീൽഡർ റാകിറ്റിച്. താൻ കളിക്കുന്നതും തനിക്ക് അറിയാവുന്നതും ഫുട്ബോൾ ആണോ എന്ന് വരെ ആ നിമിഷം സംശയം വന്നു എന്നും പറഞ്ഞു. ഇനിയേസ്റ്റ് എന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ പൊസിഷനിൽ ഈ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നിട്ടും ആദ്യ ഇലവനിൽ എത്തിയില്ല എന്നത് വിശ്വസിക്കാനാവില്ല എന്നും റാകിറ്റിച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“നെയ്മർ ഒരിക്കലും പെലെ ആകില്ല”

നെയ്മർ ഒരിക്കലും പെലെ ആകില്ല എന്ന് മുൻ ബ്രസീൽ പരിശീലകൻ സ്കൊളാരി. നെയ്മറിന് മികച്ച താരമാകാം, ലോകത്തെ ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും മികച്ചവനായി തന്നെ മാറാൻ പക്ഷെ പെലെ ആകാൻ കഴിയില്ല എന്നാണ് സ്കൊളാരി പറയുന്നത്. പെലെയെ പോലെ ആർക്കും ആവാൻ ആകില്ല എന്നും പെലെ ആണ് ലോകം കണ്ട ഏറ്റവും മികച്ച താരമെന്നും സ്കൊളാരി പറഞ്ഞു.

നെയ്മർ ബാഴ്സലോണ വിട്ടത് നെയ്നറിന്റെ വളർച്ച തളർത്തി എന്നും സ്കൊളാരി പറഞ്ഞു‌‌. ഇപ്പോൾ നെയ്മർ മെസ്സിയുടെയും റൊണാൾഡോയുടെയും ലെവലിൽ അല്ല‌. ബാഴ്സയിൽ ഉള്ളപ്പോൾ അവരോട് അടുത്ത് എത്തിയതായിരുന്നു. പക്ഷെ സ്പെയിൻ വിട്ടതോടെ നെയ്നറിന്റെ വളർച്ച പതുക്കെയായി. മെസ്സിയുടെയും റൊണാൾഡോയുടെയും ലെവലിൽ നെയ്മർ എത്താൻ രണ്ടു വർഷമെങ്കിലും ഇനിയും എടുക്കും എന്നും സ്കൊളാരി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version