“ലുകാകു എന്നാൽ ഗോളടി മാത്രമല്ല”

താൻ ഗോളടിക്കുക മാത്രമല്ല ചെയ്യുന്നത് എന്നും അതു മാത്രം വെച്ച് തന്നെ അളക്കരുത് എന്നും ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായ ലുകാകുവിന്റെ മികവിലാണ് ബെൽജിയം ഇപ്പോൾ സെമിയിൽ എത്തി നിൽക്കുന്നത്. ഇതുവരെ നാലു ഗോളുകൾ ഈ ലോകകപ്പിൽ അടിച്ച താരമാണ് തന്നെ ഗോള് കൊണ്ടു മാത്രം അളക്കരുത് എന്ന് അപേക്ഷിക്കുന്നത്.

“എല്ലാവരും തന്നെ ഗോൾ വെച്ച് മാത്രമാണ് അളക്കുന്നത്. പക്ഷെ എനിക്ക് ഒരു ഓൾറൗണ്ടറായാണ് അറിയപ്പെടേണ്ടത്. താൻ അതിനായി പരിശ്രമിക്കുന്നുണ്ട്. ഈ കഴിഞ്ഞ സീസണിൽ താൻ അസിസ്റ്റ് ചെയ്യുന്നതിൽ ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്” ലുകാകു ഓർമ്മിപ്പിച്ചു. ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ ഡിബ്രുയിൻ നേടിയ ഗോൾ ഒരുക്കിയത് ലുകാകു ആയിരുന്നു. ബ്രസീലിയൻ ഡിഫൻസിനെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒരോട്ടത്തിന് ശേഷമായിരുന്നു ആ അസിസ്റ്റ്.

അതിന് മുമ്പ് ജപ്പാനെതിരായ മത്സരത്തിൽ പന്ത് തൊടാതെ ഡമ്മി കളിച്ച് ഗോളിന് വഴി ഒരുക്കിയതും ലുകാകു ആയിരുന്നു. ബെൽജിയത്തിന്റെ അവസാന 14 മത്സരങ്ങളിൽ 17 ഗോളുകളും 4 അസിസ്റ്റും ലുകാകു സംഭാവന ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇറാൻ യുവതാരം അസ്മൗൻ കാർ അപകടത്തിൽ

ഇറാന്റെ യുവതാരം സർദാർ അസ്മൗൻ കാറപകടത്തിൽ പെട്ടു. ഇന്നലെ സ്വന്തം നാട്ടിൽ വെച്ചായിരുന്നു സർദാർ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. താരത്തിന് സാരമായ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം താരം വീട്ടിലേക്ക് മടങ്ങി. പരിക്ക് പേടിക്കാൻ ഇല്ല എന്ന് താരം ആരാധകരെ അറിയിക്കുകയും ചെയ്തു.

ലോകകപ്പിൽ ഇറാനൊപ്പം കളിച്ച അസ്മൗൻ ലോകകപ്പിന് ശേഷം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആരാധകരുടെ വിമർശനം തന്റെ അമ്മയെ രോഗിയാക്കുന്നു എന്ന് പറഞ്ഞായിരുന്നു അസ്മൗൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ഇത്തവണ ബെൽജിയം കിരീടം നേടിയില്ല എങ്കിൽ അത് ഒരിക്കലും തീരാത്ത ദുഖമാകും”

ഇത്തവണ ബെൽജിയം കിരീടം നേടിയില്ല എങ്കിൽ അത് ബെൽജിയത്തിന് ഒരിക്കലും തീരാത്ത ദുഖമാകുമെന്ന് ബെൽജിയൻ ഡിഫൻഡർ തോമസ് വെർമാലെൻ പറഞ്ഞു. “സെമിയിൽ ഫ്രാൻസിനെ കീഴടക്കാൻ കഴിയുമെന്നും ഫൈനലിൽ എത്തി കപ്പുയർത്താൻ കഴിയുമെന്നുമാണ് വിശ്വസിക്കുന്നത്. അതിന് സാധിച്ചില്ല എ‌ങ്കിൽ അത് ഒരിക്കലും തീരാത്ത ദുഖമാകും”.

” കാരണം ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നിനെ പരാജയപ്പെടുത്തിയാണ് ഞങ്ങൾ സെമിയിൽ എത്തിയത്. ഇതിലും മികച്ച അവസരം ബെൽജിയത്തിന് ലഭിച്ചേക്കില്ല. അതുകൊണ്ട് കിരീടം ഉയർത്താൻ കഴിയുമെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കണം” താരം പറഞ്ഞു. ബ്രസീലിനെക്കാൾ കഷ്ടമാകും ഫ്രാൻസിനെതിരായ മത്സരമെന്നും വെർമാലെൻ പറഞ്ഞു.

മികച്ച താരങ്ങൾ ഒരുപാട് ഫ്രാൻസിന് ഉണ്ടെന്നും ഒപ്പം അവരുടെ ഡിഫൻസ് ശക്തമാണെന്നും വെർമലൻ ഓർമ്മിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജന്മനാടിനെ വീഴ്ത്താൻ തന്ത്രമൊരുക്കണം, ശ്രദ്ധാകേന്ദ്രമായി തിയറി ഹെൻറി

ലോകകപ്പ് സെമിയിൽ ബെൽജിയത്തിന് എതിരാളികളായി ഫ്രാൻസ് വന്നതോടെ പുലിവാൽ പിടിച്ചത് സാക്ഷാൽ തിയറി ഹെൻറിയാണ്. ബെൽജിയം സഹ പരിശീലകനായ ഹെൻറിക്ക് വന്നിരിക്കുന്നത് സ്വന്തം രാജ്യത്തെ കളിക്കളത്തിൽ വീഴ്ത്താൻ തന്ത്രം തയ്യാറാക്കുക എന്ന ജോലിയും. അതും 1998 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കൾ ആയപ്പോൾ ഹെൻറി ഉൾപ്പെടുന്ന ടീമിനെ നയിച്ച ദിദിയെ ദശാംപ്സ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ.

സെന്റ് പീറ്റേഴ്സ്ബെർഗിൽ ചൊവ്വാഴ്ചയാണ്‌ ഫ്രാൻസ് – ബെൽജിയം സെമി. ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടകാരിൽ ഒരാളായ ഹെൻറി പക്ഷെ അന്ന് പ്രാർത്ഥിക്കുക എംബപ്പേയും, ജിറൂദും, ഗ്രീസ്മാനും അടക്കമുള്ള ഫ്രഞ്ച് ആക്രമണ നിര ഗോൾ അടിക്കരുതെ എന്നാവും.

ഹെൻറിയുമായുള്ള പോരാട്ടത്തെ വിചിത്രം എന്നാണ് ഫ്രാൻസ് പരിശീലകൻ ദേഷാമ്പ്സ് വിശേഷിപ്പിച്ചത്. പക്ഷെ ഹെൻറിയുടെ നേട്ടങ്ങളിൽ സന്തോഷവാൻ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 40 വയസുകാരനായ ഹെൻറി ഫ്രാൻസിന് വേണ്ടി 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്. 1998, 2002, 2006, 2010 ലോകകപ്പുകളിൽ ഫ്രഞ്ച് ആക്രമണത്തെ നയിച്ചതും ഹെൻറിയായിരുന്നു.

ലോകകപ്പിൽ ഏറ്റവും അപകടം വിതക്കുന്ന ആക്രമണ നിരയായി ബെൽജിയം വളർന്നതിൽ ഹെൻറിയുടെ പങ്കും വലുതാണ്. ലുകാകുവിന്റെ കളിയിൽ കാണുന്ന മാറ്റം അത് സൂചിപ്പിക്കുന്നു. കേവലം ഗോളടിക്കുക എന്നതിലുപരി ബെൽജിയം ആക്രമണത്തിന്റെ റഫറൻസ് പോയിന്റ് ആയി ലുകാകു വളർന്നതിൽ ഹെൻറിയുടെ മാർഗ നിർദേശങ്ങൾ ഉണ്ടായിരുന്നു. ആഴ്സണലിൽ ഹെൻറി കളിച്ച അതേ ശൈലി. ഗോൾ അടിക്കുക, അടിപ്പിക്കുക.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹെൻറി റോബർട്ടോ മാർടീനസിന്റെ സഹ പരിശീലകനാവുന്നത്. കേവലം സൂപ്പർ സ്റ്റാറുകളുടെ കൂട്ടം മാത്രമായിരുന്ന ബെൽജിയത്തെ മാർടീനസിനൊപ്പം ഒത്തിണക്കമുള്ള ടീമാക്കി വളർത്തുന്നതിൽ ഹെൻറിയും പങ്കാളിയായി. ജന്മ ദേശത്തിനെതിരെ കളിക്കാൻ ഒരുങ്ങുമ്പോഴും കരിയറിൽ ഉടനീളം പ്രൊഫഷണലിസം മുറുകെ പിടിച്ച തിയറി ഹെൻറി ബെൽജിയത്തിന്റെ കൂടെയാവും. 1998 ൽ ഗ്രൗണ്ടിൽ ഇറങ്ങി നേടിയത് ഇത്തവണ പിന്നണിയിൽ നിന്ന് നേടാൻ. നാളെ ഒരു പക്ഷെ ഫ്രഞ്ച് സംഘത്തെ ഹെൻറി പരിശീലിപ്പിക്കുന്നതും  നമുക്ക് കാണാനായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീൽ പരിശീലകനായി ഖത്തർ ലോകകപ്പ് വരെ ടിറ്റെ തുടർന്നേക്കും

ലോകകപ്പിൽ സെമി കാണാതെ പുറത്തായി എങ്കിലും പരിശീലകനെ പുറത്താക്കാൻ ബ്രസീൽ ഒരുങ്ങിയേക്കില്ല. ടിറ്റെയുടെ കീഴിൽ ചെറിയ സമയം കൊണ്ട് ടീം വളരെ മെച്ചപ്പെട്ടു എന്ന വിലയിരുത്തലാണ് പൊതുവെ ബ്രസീൽ ഫുട്ബോൾ അസോസിയേഷനുള്ളത്. അതുകൊണ്ട് തന്നെ ടിറ്റെയ്ക്ക് പുതിയ കരാർ നൽകും എന്നും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ലോകകപ്പ് ലക്ഷ്യമാക്കി മുന്നേറാനുള്ള ദൗത്യം ആയിരിക്കുൻ ടിറ്റെയെ ബ്രസീൽ ഏൽപ്പിക്കുക. അടുത്ത കോപ അമേരിക്കയിലെ പ്രകടനവും ടിറ്റെയുടെ ഭാവി തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ബ്രസീൽ താരങ്ങളും ടിറ്റെ തുടരണമെന്ന അഭിപ്രായം ഉള്ളവരാണ്. 2016ൽ ബ്രസീലിന്റെ ചുമതയേറ്റ ടിറ്റെ ഇതുവരെ ആകെ 2 മത്സരങ്ങളിലെ പരാജയം രുചിച്ചിട്ടുള്ളൂ. ടിറ്റെയുടെ കീഴിലെ ബ്രസീലിന്റെ ഡിഫൻസീവ് റെക്കോർഡും പ്രശംസനീയമാണ്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ്റ്റിയാനോ റൊണാൾഡോ റയലിൽ തുടരും – ലൂക്ക മോഡ്രിച്

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ റയലിൽ തന്നെ തുടരുമെന്ന് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്. സീരി എ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാൾഡോ മാറുമെന്ന വാർത്തകൾ തുടർച്ചയായി വരുന്നതിനു പിന്നാലെയാണ് മോഡ്രിച് മനസ് തുറന്നത്. ലോകത്തെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റിയാനോ മാഡ്രിഡിൽ തന്നെ തുടരുമെന്നാണ് താൻ വിശ്വസിക്കുന്നത്. യൂറോപ്പിലെ മറ്റൊരു ക്ലബിന് വേണ്ടി ക്രിസ്റ്റിയാനോ കളിക്കുന്നത് ചിന്തിക്കാൻ പോലുമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

33 കാരനായ മോഡ്രിച് ഇന്നലെ റഷ്യയെ ഷൂട്ട്ഔട്ടിൽ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി ഫൈനലിൽ എത്തിയതിനു ശേഷമാണ് ക്രിസ്റ്റിയാനോ വിഷയത്തിൽ മനസ് തുറന്നത്. ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്ത് പോയതിന്റെ പിന്നാലെയാണ് ടൂറിനിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ പോകുമെന്ന വാർത്തകൾ വരാൻ തുടങ്ങിയത്. നൂറു മില്യൺ യൂറോയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് യുവന്റസ് ഇട്ട വിലയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യക്കെതിരായ മുദ്രാവാക്യം, ക്രോയേഷ്യൻ താരത്തിനെതിരെ നടപടി വന്നേക്കും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ‘ ഗ്ലോറി ടു ഉക്രെയ്ൻ’ എന്ന് താരം വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഉക്രെയ്നിലെ ആന്റി റഷ്യൻ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് വിദ ഉപയോഗിച്ചത്.

2-2 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളും പെനാൽറ്റി കിക്കും നേടിയ വിദ മികച്ച പ്രകടനമാണ് നടത്തിയത്. തുർക്കി ക്ലബ്ബായ ബേസിക്താസ് താരമായ വിദ അതിന് മുൻപ് ഉക്രേനിയൻ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വർഷം കളിച്ചിരുന്നു.

രാഷ്‌ട്രീയ ചുവയുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫിഫ താരത്തിന് എതിരെ നടപടി എടുത്തേക്കും എന്ന കാര്യം ഉറപ്പാണ്. നേരത്തെ സെർബിയക്ക് എതിരെ രാഷ്ട്രീയ ആംഗ്യം കാണിച്ച സ്വിസ് താരങ്ങളായ ശകീരി, ചാക്ക എന്നിവർക്കെതിരെ ഫിഫ കനത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പാനിഷ് പരിശീലകൻ രാജിവെച്ചു

സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ ഹിയേരോ രാജിവെച്ചു. ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തിനോടൊപ്പം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഓഫർ ചെയ്ത സ്പോർട്ടിങ് ഡയറക്ടർ സ്ഥാനവും ഫെർണാണ്ടോ ഹിയേരോ നിരസിച്ചിട്ടുണ്ട്. ലോകകപ്പിൽ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോൽവിയിലൂടെയാണ് സ്‌പെയിൻ ക്വാർട്ടർ കാണാതെ പുറത്താവുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4 നു സ്പെയിൻ പരാജയപ്പെടുകയായിരുന്നു.

സ്പാനിഷ് ദേശീയ ടീം കോച്ചായ ഹുലൻ ലോപ്പറ്റയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയതിന് പിന്നാലെയാണ് മുൻ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെർണാണ്ടോ ഹിയേരോ സ്ഥാനമേറ്റെടുത്തത്. സ്പെയിനിന്റെ മുൻ ദേശീയ താരമായ ഹിയേരോ സ്പാനിഷ് എഫ് എ സ്പോർട്ടിങ് ഡയറക്ടറായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ മാഡ്രിഡ് ക്യാപ്റ്റനായ ഹിയേരോ 2016-2017 സീസണിൽ റയൽ ഒവിയെഡോയെ പരിശീലിപിച്ചിട്ടുണ്ട്. 89 തവണ സ്പാനിഷ് ദേശീയ കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളും നേടിയിട്ടുണ്ട്. മാഡ്രിഡിന് പുറമെ ബോൾട്ടൻ, അൽ റയാൻ ക്ലബ്ബ്ൾക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഇന്നലെ ക്രൊയേഷ്യയോട് ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ റഷ്യൻ താരം ഇഗ്നാഷേവിച് ഫുട്ബോളിൽ നിന്ന് ഇഗ്നാഷേവിച് വിരമിച്ചു. 38കാരനായ ഇഗ്നാഷേവിച് നേരത്തെ തന്നെ ലോകകപ്പായിരിക്കും തന്റെ അവസാന ടൂർണമെന്റ് എന്ന് അറിയിച്ചിരുന്നു. ലോകകപ്പ് ഉള്ളത് കോണ്ട് മാത്രമായിരുന്നു വിരമിക്കാതിരുന്നത് എന്ന് താരം മത്സര ശേഷം പറഞ്ഞു‌.

റഷ്യയുടെ ക്വാർട്ടർ വരെയുള്ള യാത്രയിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഇഗ്നാഷേവിച്. അവസാന അഞ്ചു മത്സരങ്ങളിലും ഇഗ്നാഷേവിച് കളിച്ചിരുന്നു. ഇന്നലെ ഒരു പെനാൾട്ടിയും താരം ലക്ഷ്യത്തിൽ എത്തിച്ചു. ഈ ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതോടെ ലോകകപ്പ് ചരിത്രത്തിലെ സെൽഫ് ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഇഗ്നാഷേവിച് മാറിയിരുന്നു.

127 മത്സരങ്ങളിൽ റഷ്യാക്കായൊ ബൂട്ടു കെട്ടിയ താരം 9 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുടർച്ചയായ നോക്കൗട്ട് ജയങ്ങൾ പെനാൽറ്റിയിൽ, ലോകകപ്പ് റെക്കോർഡുമായി ക്രൊയേഷ്യ

പെനാൽറ്റി ഷൂട്ടൗട്ടിൽ റഷ്യയെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ച ക്രൊയേഷ്യ മറ്റൊരു ലോകകപ്പ് റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ രണ്ടാം നോക്കൗട്ട് മത്സര ജയമാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ന് ക്രൊയേഷ്യ സ്വന്തമാക്കിയത്. റ

ഷ്യൻ ലോകകപ്പിൽ ഇതൊരു റെക്കോർഡാണ്. ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തുടർച്ചയായ രണ്ടാം നോക്കൗട്ട് മത്സരജയം നേടിയ രണ്ടാം ടീമാണ് ക്രൊയേഷ്യ. 1990 ൽ യുഗോസ്ലാവിയയെയും ഇറ്റലിയെയും പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.

പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിലെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് ക്രൊയേഷ്യ വിജയിച്ചത്. 3 പെനാൽറ്റി കിക്കുകൾ തടഞ്ഞ് ക്രൊയേഷ്യൻ കീപ്പർ സുബാസിചാണ് വിജയം ക്രൊയേഷ്യക്ക് നേടിക്കൊടുത്തത്. ഇന്ന് നടന്ന ഷൂട്ടൗട്ടിലും റഷ്യയെ 4-3 ന് ക്രോയേഷ്യ മറികടന്നത് സുബാസിചിന്റെ മികവിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യയിൽ ഇനി നാല് പ്രതീക്ഷകൾ മാത്രം ബാക്കി

റഷ്യൻ ലോകകപ്പ് പോരാട്ടം ഇനി നാല് ടീമുകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. 32 ടീമുകൾ ഇറങ്ങിയ പോരിൽ ഇനി നാലു പേരുടെ പ്രതീക്ഷ മാത്രം ബാക്കി എന്നും പറയാം. ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ഇനി ലോകകപ്പ് പോരിൽ ബാക്കിയുള്ളത്. ഈ നാലിൽ രണ്ട് ടീമുകൾ ഇതുവരെ ലോകകപ്പ് കിരീടം ഉയർത്താത്തവരുമാണ്. ആദ്യ സെമിയിൽ ബെൽജിയം ഫ്രാൻസിനെയും, രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടും.


ബെൽജിയം;

ഈ ലോകകപ്പിൽ ചാമ്പ്യന്മാരെ പോലെ ഇതുവരെ കളിച്ചത് ബെൽജിയം മാത്രമായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ ഇങ്ങോട്ട് എല്ലാ മത്സരങ്ങളിലും വിജയം. ഗ്രൂപ്പിൽ ഇംഗ്ലണ്ടും, ക്വാർട്ടറിൽ ബ്രസീലും ഒക്കെ ബെൽജിയത്തിന്റെ മുന്നിൽ തടസ്സങ്ങളായി വന്നു എങ്കിലും എല്ലാം മറികടന്നാണ് ബെൽജിയം സെമിയിൽ എത്തിയിരിക്കുനത്. 1986ന് ശേഷം ബെൽജിയത്തിന്റെ ആദ്യ സെമിയാണ് ഇത്. ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചതും ബെൽജിയമാണ്.


ഫ്രാൻസ്;

ഗ്രൂപ്പ് ഘട്ടം മുതൽ വൻ പ്രകടനങ്ങൾ ഒന്നുമല്ല ഫ്രാൻസ് നടത്തിയത് എങ്കിലും ഫ്രാൻസ് ഇതുവരെ എല്ലാ കടമ്പകളും കടന്നു. റഷ്യയിലേക്ക് വന്നവരിൽ കിരീട പ്രതീക്ഷ കൽപ്പിച്ച വമ്പന്മാരിൽ ഫ്രാൻസ് മാത്രമെ അവശേഷിക്കുന്നുമുള്ളൂ. ഗ്രൂപ്പിൽ ഡെന്മാർക്കിനോട് വഴങ്ങിയ സമനില മാത്രമെ നിരാശപ്പെടുത്തിയുള്ളൂ. പ്രീക്വാർട്ടറിൽ മെസ്സിയേയും അർജന്റീനയേയും നാട്ടിലേക്ക് മടക്കിയത് ഫ്രാൻസ് ആണ്. ക്വാർട്ടറിൽ ഉറുഗ്വേയുടെ കരുത്തുറ്റ ഡിഫൻസിനെയും ഫ്രാൻസ് മറികടന്നു. രണ്ടാം ലോകകപ്പ് കിരീടമാണ് ഫ്രാൻസിന്റെ ലക്ഷ്യം.


ഇംഗ്ലണ്ട്;

ഇംഗ്ലണ്ടിനും ഇംഗ്ലീഷ് ആരാധകർക്കും ഇതൊരു സ്വപ്ന ലോകകപ്പാണ്. കെയ്നും സംഘവും ലോകകപ്പിനെ ഫുട്ബോളിന്റെ ജന്മ നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം നിര ടീമിനെ ഇറക്കിയപ്പോൾ ബെൽജിയത്തോട് പരാജയപ്പെട്ടത് ഒഴിച്ചാൽ ഇംഗ്ലണ്ട് എല്ലാ കളിയിലും മികച്ചു നിന്നു. കെയ്നിന്റെ ഗോളടിയും സെറ്റ് പീസുകളിലെ മികവും ആണ് ഇംഗ്ലണ്ടിന്റെ കരുത്ത്.


ക്രൊയേഷ്യ:

മോഡ്രിചിന്റെയും റാകിറ്റിചിന്റെയും ടീമായാണ് റഷ്യയിൽ ക്രൊയേഷ്യ എത്തിയത്. ആ രണ്ട് താരങ്ങൾ അവരുടെ മികവ് എന്താണെന്ന് റഷ്യയിൽ കാണിച്ചതിന്റെ ഫലമാണ് ഈ സെമി ഫൈനൽ. വമ്പന്മാരെ ഒക്കെ മറികടന്ന് സെമിവരെ ക്രൊയേഷ്യ എത്തുമെന്ന് ആരും പ്രവചിച്ചതല്ല. അർജന്റീനയെ നാണംകെടുത്തിയ ഒരൊറ്റ പ്രകടനം മതി ക്രൊയേഷ്യയുടെ കരുത്ത് അറിയാൻ. പ്രീ ക്വാർട്ടറിൽ നാടകീയമായ പെനാൽറ്റി ഷൂട്ടൗറ്റ്യും മറികടന്ന് വന്ന ക്രൊയേഷ്യ ക്വാർട്ടറിൽ റഷ്യൻ മണ്ണിൽ റഷ്യയെയും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കേറ്റും, ഒറ്റക്കാലിൽ നിന്നും പൊരുതിയ സുബാസിച് അർഹിച്ച വിജയം

ഇന്നത്തെ ക്രൊയേഷ്യൻ വിജയത്തിൽ കയ്യടി ഏറ്റവും കൂടുതൽ അർഹിക്കുന്ന താരം ക്രൊയേഷ്യയുടെ ഗോൾകീപ്പറായ സുബാസിചായിരിക്കും. കഴിഞ്ഞ മത്സരത്തിൽ പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ സുബാസിചിന്റെ ഒറ്റ മികവായിരുന്നു ക്രൊയേഷ്യയെ വിജയിപ്പിച്ചത്. ആ‌ സുബാസിച് ഇന്നും താരമായി. വെറും സേവുകൾ കൊണ്ട് മാത്രമല്ല, സമർപ്പണം കൊണ്ടും.

ഇന്ന് കളി 86അം മിനുട്ടിൽ ഉണ്ടാകുമ്പോൾ ഒരു പന്ത് പിടിക്കുന്നതിനിടെ സുബാസിചിന് പരിക്കേൽക്കുമ്പോൾ നിശ്ചിത സമയത്ത് ഉപയോഗിക്കാമായിരുന്ന മൂന്ന് സബ്സ്റ്റിട്യൂഷനും ക്രൊയേഷ്യ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ സുബാസിചിന് നേരെ നിൽക്കാൻ വരെ കഴിയാത്ത വേദനയിൽ ആയിരുന്നു. നിശ്ചിത സമയം കഴിയുന്നത് വരെ വേദന കടിച്ചു പിടിച്ചാൽ നാലാം സബായി എക്സ്ട്രാ ടൈമിൽ പകരം ഗോളിയെ ഇറക്കാം.

സുബാസിച് ആ വേദന കടിച്ചമർത്തി നിശ്ചിത സമയം തീരുന്നത് വരെ അല്ല കളിച്ചത്. നിശ്ചിത സമയൻ കഴിഞ്ഞ് പിന്നെയും 30 മിനുട്ടും അതു കഴിഞ്ഞ് പെനാൾട്ടിയും സുബാസിച് നേരിട്ടു. നിശ്ചിത സമയം കഴിഞ്ഞ് സബ് ചെയ്യാൻ ക്രൊയേഷ്യൻ ടീം ആലോചിച്ചു എങ്കിലും പെനാൾട്ടിയിൽ കളി എത്തിയാൽ താൻ ആവശ്യമാണെന്ന് മനസ്സിലാക്കിയ സുബാസിച് വേദന സഹിക്കാൻ തയ്യാറാവുക ആയിരുന്നു.

അവസാന 30 മിനുട്ടിൽ ഗോൾ കിക്ക് എടുക്കാൻ വരെ സുബാസിചിന് ഡിഫൻഡേഴ്സിന്റെ സഹായം ആവശ്യമായി വന്നിരുന്നു. എന്നിട്ടും നിർണായക സേവുകളും കാച്ചുകളും നടത്തി ക്രൊയേഷ്യയെ പിറകിലാക്കാതിരിക്കാൻ സുബാസിചിനായി. പെനാൾട്ടിയിൽ എത്തിയപ്പോൾ ആദ്യ പെനാൾട്ടി തന്നെ സേവ് ചെയ്യാനും സുബാസിചിനായി. ഒരേ ലോകകപ്പിൽ തന്നെ രണ്ട് പെനാൾട്ടി ഷൂട്ടൗട്ടുകൾ വിജയിക്കുന്ന 1990ന് ശേഷമുള്ള ആദ്യ ഗോൾകീപ്പറാകാനും ഇതോടെ സുബാസിചിനായി.

കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനെതിരെ മൂന്ന് പെനാൾട്ടികളാണ് സുബാസിച് തടഞ്ഞത്. സെമിയിൽ കളിക്കാൻ ഫിറ്റ്നെസ് വീണ്ടെടുക്കാൻ സുബാസിചിന് കഴിയുമെന്ന് ഉറപ്പില്ലാ എങ്കിലും ക്രൊയേഷ്യൻ ഫുട്ബോളിന് വേണ്ടി സുബാസിച് സഹിച്ച വേദന ക്രൊയേഷ്യൻ ആരാധകർ ഒരിക്കലും മറക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version