യെരി മിന- ബാഴ്സ ഫ്ലോപ്പ്, പക്ഷെ കൊളംബിയൻ സൂപ്പർ ഹീറോ

- Advertisement -

കൊളംബിയൻ ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറകേകിയത് ഒരു ബാഴ്സലോണ ഫ്ലോപ്പ്. അതേ യെരി മിനയെന്ന 23 കാരൻ ഇല്ലായിരുന്നെങ്കിൽ കൊളംബിയക്ക് റഷ്യയിൽ നിന്ന് മടക്ക ടിക്കറ്റ് ഉറപ്പായിരുന്നു.

സെനഗലിന് എതിരായ മത്സരത്തിൽ ഹാമേസ് റോഡ്രിഗസ് പരിക്കേറ്റ് പിൻവാങ്ങിയപ്പോൾ പലരും കൊളംബിയൻ സാധ്യതകളെ തള്ളി കളഞ്ഞതാണ്. ജയം അനിവാര്യമായ മത്സരത്തിൽ ഫാൽകാവോയും കോഡ്റാഡോയും സെനഗലീസ് പ്രതിരോധത്തിന്റെ കരുത്തിൽ കളി മറന്നപ്പോൾ മികച്ചൊരു ഹെഡറിലൂടെ ഗോൾ നേടി രക്ഷകൻ ആയത് ഈ സെൻട്രൽ ഡിഫണ്ടറായിരുന്നു.

ഗോൾ അടിച്ചു മാത്രമല്ല മിന കൊളംബിയക്ക് തുണയായത്. സെനഗൽ ആക്രമണത്തെ ഡേവിസൻ സാഞ്ചസിനൊപ്പം ചേർന്ന് തടയുന്നതിലും താരം വലിയ പങ്കാണ് വഹിച്ചത്. മത്സരത്തിൽ 91 ശതമാനം പാസിംഗ് കൃത്യതയും, 7 ഏരിയൽ ഡ്യൂവെൽസ്, 7 ക്ലിയറൻസ് എന്നിവയുമായി പ്രതിരോധത്തിൽ ഉരുക്ക് കോട്ട പോലെ ഉറച്ചു നിന്നപ്പോൾ സെനഗലിനെ വരച്ച വരയിൽ നിർത്താൻ കൊളംബിയക്ക് സാധിച്ചു.

ലോകകപ്പിന് മുൻപുള്ള 10 മാസങ്ങൾ പക്ഷെ മിന ഒട്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നാകും. ബ്രസീലിയൻ ക്ലബ്ബായ പാൽമേറാസിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ താരത്തിന് പക്ഷെ ലഭിച്ചത് വളരെ പരിമിതമായ അവസരങ്ങൾ. ഉംറ്റിറ്റിയും പികെയും അടങ്ങുന്ന ബാഴ്സയുടെ സെൻട്രൽ ഡിഫൻസിൽ താരത്തിന് ലഭിച്ചത് വെറും 5 കളികൾ.

വരും സീസണിൽ ബാഴ്സയിൽ കാര്യമായ പരിഗണന ലഭിക്കും എന്ന് താരത്തിന് ഉറപ്പില്ല. ബാഴ്സ താരത്തെ വിൽക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളും വരുന്നതിനിടെയാണ് ലോകകപ്പിൽ താരത്തിന്റെ കിടിലൻ പ്രകടനം. യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ടീം താരത്തെ ലോകകപ്പിന് ശേഷം സ്വന്തമാക്കിയാലും അത്ഭുതപെടാനാവില്ല. ഒരു പക്ഷെ ബാഴ്സയിൽ രണ്ടാമത് ഒരവസരവും താരത്തിന് ലഭിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement