ക്വാർട്ടറിൽ കാണാൻ ഇറങ്ങിയ റൊണാൾഡോയും മെസ്സിയും മടക്കയാത്രയിൽ കാണേണ്ട ഗതിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പിൽ ക്വാർട്ടറിൽ വെച്ച് മെസ്സിയും റൊണാൾഡോയും കണ്ടുമുട്ടുമോ എന്ന് നോക്കിയായിരുന്നു ഇന്നത്തെ ദിവസം ആരംഭിച്ചത്. പക്ഷെ ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ ഇരുവരും റഷ്യ വിട്ട് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടുമെന്ന അവസ്ഥയിൽ ആയി. അതെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളും ഒരേ ദിവസം തന്നെ ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്‌.

തങ്ങളുടെ ക്ലബുകളിൽ ചുറ്റും ഉണ്ടാകുന്ന കളി മികവ് കിട്ടാത്തത് തന്നെയാണ് ഇരുവരുടെയും പ്രശ്നമെന്ന് ഫുട്ബോൾ ലോകത്തിന് അറിയാം. പോർച്ചുഗൽ നേടിയ അഞ്ചു ഗോളുകളിൽ നാലു ഗോളുകളും സ്കോർ ചെയ്ത റൊണാൾഡോയ്ക്കാണ് തമ്മിൽ ഭേദപ്പെട്ട ലോകകപ്പ് എന്ന് പറയാം. സ്പെയിനെതിരെ നേടിയ ഹാട്രിക്ക് തന്നെയാകും റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം. മൊറോക്കോയ്ക്ക് എതിരെയും റൊണാൾഡോയുടെ ഏക ഗോളാണ് രക്ഷയായത്. മെസ്സിക്ക് ആകട്ടെ നൈജീരിയക്കെതിരെ നടത്തിയ പ്രകടനം മാത്രമെ എടുത്ത് പറയാനുള്ളൂ.

ഗോളുകളുടെ എണ്ണം ഒഴിച്ചാൽ മെസ്സിയുടെയും റൊണാൾഡോയ്ക്കും ചില സാമ്യങ്ങൾ ഈ ലോകകപ്പിൽ ഉണ്ടായിരുന്നു. ആദ്യത്തേത് ഇരുവരും ഒരോ പെനാൾട്ടി ഈ ലോകകപ്പിൽ നഷ്ടപ്പെടുത്തി എന്നതാണ്. മെസ്സി ഐസ്‌ലാന്റിനെതിരെയും റൊണാൾഡോ ഇറാനെതിരെയും ആണ് പെനാൾട്ടി നഷ്ടപ്പെടുത്തിയത്. രണ്ട് പേരുടെ ടീമും ഗ്രൂപ്പിൽ രണ്ടാമതായാണ് നോക്കൗട്ടിലേക്ക് വന്നത് എന്നത് മറ്റൊരു സാമ്യം.

പിന്നെ ലോകകപ്പിന്റെ നോക്കൗട്ടിൽ ഈ നാല് ലോകകപ്പ് കളിച്ചിട്ടും ലോകം കണ്ട ഈ മികച്ച താരങ്ങൾക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് മറികടക്കാനും രണ്ടുപേർക്കും ആയില്ല എന്നതാണ്. ആയിരത്തിൽ അധികം മിനുട്ടുകൾ ഇരുവരും ചേർന്ന് ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ കരിയറിൽ ഉടനീളം കളിച്ചു. എന്നിട്ടാണ് ഈ ദുർഗതി.

മെസ്സിയും റൊണാൾഡോയും ഖത്തർ ലോകകപ്പിൽ ഉണ്ടാകുമെന്ന് ഒരു ഉറപ്പും ഇപ്പോൾ പറയാനാകില്ല. ലോക ഫുട്ബോളിനെ അവസാന ദശകത്തിൽ നയിച്ച രണ്ട് താരങ്ങളെയും ഇനി ഒരിക്കൽ കൂടെ ലോകകപ്പിൽ കാണാൻ കഴിയണമെന്നായിരിക്കും വൈരികൾ ആയാലും രണ്ട് പേരുടെയും ആരാധകർ ആഗ്രഹിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial