എമ്പപ്പെ!! ഹോ!! മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിപ്പിച്ച 19കാരൻ!!

- Advertisement -

19കാരനായ എമ്പാപ്പെ എന്തു കൊണ്ട് 166 മില്യണ് പി എസ് ജിയിൽ എത്തി എന്നൊരു ചോദ്യം ആർക്കേലും അവശേഷിക്കുന്നുണ്ട് എങ്കിൽ അതിനുള്ള ഉത്തരമാണ് ഇന്ന് ലോകം കണ്ടത്. അർജന്റീനയ്ക്ക് എതിരെ 12ആം മിനുട്ടിൽ തന്നെ ഇന്ന് തന്റെ ദിവസമാണെന്ന് എമ്പാപ്പെ സൂചന നൽകി. അർജന്റീനയുടെ അറ്റാക്കിംഗ് പകുതിയിൽ നിന്ന് എമ്പാപ്പെ പന്ത് എടുത്തതെ അർജന്റീനയ്ക്ക് ഓർമ്മയുണ്ടാകൂ. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് എമ്പാപ്പെ അർജന്റീന ടീമിനെ ഒന്നാകെ ഭേദിച്ച് മുന്നേറിയത്.

അവസാനം കഴിഞ്ഞ കളിയിലെ അർജന്റീനയുടെ ഹീറോ റോഹോയെ അർജന്റീനയുടെ വില്ലനാക്കി കഴിഞ്ഞെ എമ്പാപ്പെ ആ ഓട്ടം നിർത്തിയുള്ളൂ. റോഹോ വലിച്ച് താഴെ ഇട്ട് പെനാൾട്ടി കൊടുക്കേണ്ടി വന്നു എമ്പാപ്പയെ നിർത്താൻ. കിട്ടിയ പെനാൾട്ടി വലയിൽ എത്തിച്ച് ഗ്രീസ്മെൻ ഫ്രാൻസിനെ മുന്നിലും എത്തിച്ചു. മൈക്കിൾ ഓവൻ പണ്ട് അർജന്റീനയ്ക്ക് എതിരെ നടത്തിയ കുതിപ്പും. കക്കാ അർജന്റീനയ്ക്ക് എതിരെ നടത്തിയ മുന്നേറ്റവും ഒക്കെ ആണ് ഈ എമ്പാപ്പെ കുതിപ്പ് ഓർമ്മിപ്പിച്ചത്.

ഈ ലോകകപ്പിൽ ഗോളടിച്ച് ഫ്രഞ്ച് ചരിത്രത്തിൽ ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേരത്തെ തന്നെ എമ്പാപ്പെ സ്വന്തമാക്കിയിരുന്നു. ഇന്ന് സ്കോർ 2-2 എന്ന നിലയിൽ നിൽക്കെ മെസ്സിക്കും സംഘത്തിനും മരണമണി മുഴക്കി എമ്പാപ്പയുടെ ആദ്യ ഗോൾ വന്നു‌. അധികം താമസിയാതെ അർജന്റീനയോട് ടാറ്റ പറഞ്ഞ് സ്കോർ 4-2 എന്നാക്കി എമ്പാപ്പയുടെ രണ്ടാം ഗോളും. ഒരു 19കാരനാണ് മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഇങ്ങനെ ഒരു ദയനീയ അന്ത്യം നൽകിയിരിക്കുന്നത്.

ഇന്നത്തെ ഇരട്ട ഗോളുകൾ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ രണ്ട് ഗോളുകൾ ഒരു മത്സരത്തിൽ അടിക്കുന്ന രണ്ടാമത്തെ ടീനേജർ ആക്കി എമ്പാപ്പയെ മാറ്റി. പെലെ മാത്രമെ ഇതിനു മുമ്പ് ടീനേജർ ആയിരിക്കെ ഒരു നോക്കൗട്ട് മത്സരത്തിൽ ഇരട്ട ഗോൾ അടിച്ചിട്ടുള്ളൂ. എമ്പാപ്പയെ വീഴ്ത്തിയതിന് മാത്രം മൂന്ന് മഞ്ഞ കാർഡുകളാണ് അർജന്റീന വാങ്ങേണ്ടി വന്നത്. എമ്പാപ്പെ ലോക ഫുട്ബോളിന്റെ മധ്യത്തിലേക്ക് വെക്കുന്ന ആദ്യ ചുവടാണിത്. ലോകം ഇനിയും എമ്പാപ്പെയിൽ നിന്ന് കാണാനിരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement