മലപ്പുറത്തിന് ഭ്രാന്ത് പിടിക്കുന്നു !!!!!!!

അതെ മലപ്പുറത്തിന് ഭ്രാന്ത് പിടിക്കുകയാണ്, ലോകകപ്പ് ഫുട്ബോൾ എന്ന ഭ്രാന്ത് അവരുടെ സിരകളിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. മലയാള പുതുവർഷത്തെ വരവേൽക്കുന്ന ചിങ്ങ മാസ പുലരികളിലെ കൊന്ന പൂക്കളെ പോലെ മലപ്പുറത്തിന്റെ തെരുവ് വീഥികൾ റഷ്യൻ ലോകകപ്പിനെ നെഞ്ചോടു ചേർക്കാൻ ഫ്ളക്സ് ബോർഡുകളും , കട്ടൗട്ടുകളും തയ്യാറാക്കി കാത്തിരിക്കുകയാണ്. ലാറ്റിനമേരിക്കയുടെ വൻ ശക്തികളായ ബ്രസീലിന്റെ സാംബാ താളവും , അർജന്റീനയുടെ മാസ്മരിക സൗന്ദര്യവും റഷ്യയുടെ മണ്ണിൽ പേമാരി വിരിയിക്കുന്നതും കാത്തു നിൽക്കുകയാണ് മലപ്പുറം .
റഷ്യയിലെ കളി മലപ്പുറത്താണ് നടക്കുന്നത് എന്നുപോലും തോന്നിപോകും. കാര്യമായി ബ്രസീലിനും അർജന്റീനക്കും ആണ് കൂടുതൽ ആരാധകർ എങ്കിലും റൊണാൾഡോയുടെ പോർചുഗലിനും , ജര്മനിക്കും,ഫ്രാൻസിനും,ബെല്ജിയത്തിനു പോലും ആരാധകരുണ്ട് മലപ്പുറത്തിന്റെ മണ്ണിൽ . റൊണാൾഡോക്കും പോർചുഗലിനും സപ്പോർട്ട് കൂടുന്ന മലപ്പുറം കാഴ്ചയും ഇക്കുറി ഉണ്ട്. നാലാള് കൂടുന്നിടത്ത് നിന്നും മറ്റു ചർച്ചകൾ മാറിത്തുടങ്ങി. ഫുട്ബോൾ , റഷ്യ , മെസ്സി , നെയ്മർ , റൊണാൾഡോ എന്നിങ്ങനെ ആയി കവല ചർച്ചകൾ. ഒപ്പം ഉയരങ്ങളിൽ തങ്ങളുടെ ടീമുകളുടെയും താരങ്ങളുടെയും വർണ ചിത്രങ്ങളും പതാകകളും ചങ്കിനു കൊള്ളുന്ന ഡയലോഗുകളും . ജൂണിൽ തിമിർക്കുന്ന കാലവർഷത്തെ ഉരുളുന്ന പന്തിന്റെ ചടുല താളങ്ങൾ കൊണ്ട് അവർ തോൽപ്പിച്ചു കളയും.

എതിർ കക്ഷികളാണെങ്കിലും ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനലിനായി ആദ്യ റൗണ്ടുകളിലായി എതിരാളികളുടെ വിജയത്തിനായി മോഹിക്കും, പ്രാർത്ഥിക്കും . എതിരാളികളുടെ പതനത്തിൽ സങ്കടപ്പെടും,പിന്നീട് പരിഹസിക്കും . അര്ധരാത്രികൾ പകലാക്കി മാറ്റി സൽമാനും, ജിഷ്ണുവും, അഹമ്മദ് കുട്ടിയും, കൃഷ്ണനും തോളോട് തോൾ ചേർന്നിരിക്കും, എല്ലാം അവരുടെ ഫുട്ബോൾ എന്ന വികാരത്തിന് മുന്നിൽ . ഒഴുകുന്ന നീരിലേക്ക് തിമിർക്കുന്ന പേമാരിയാണ് മലപ്പുറത്തിന് ലോകകപ്പ് ഫുട്ബോൾ. കാൽ പന്തുകളിയുടെ മഹായുദ്ധത്തിനായി വാക്കുകൊണ്ട് അങ്കം വെട്ടും പണം കൊണ്ട് വർണ ചിത്രങ്ങൾ തീർക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial