“ലുകാകു എന്നാൽ ഗോളടി മാത്രമല്ല”

- Advertisement -

താൻ ഗോളടിക്കുക മാത്രമല്ല ചെയ്യുന്നത് എന്നും അതു മാത്രം വെച്ച് തന്നെ അളക്കരുത് എന്നും ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായ ലുകാകുവിന്റെ മികവിലാണ് ബെൽജിയം ഇപ്പോൾ സെമിയിൽ എത്തി നിൽക്കുന്നത്. ഇതുവരെ നാലു ഗോളുകൾ ഈ ലോകകപ്പിൽ അടിച്ച താരമാണ് തന്നെ ഗോള് കൊണ്ടു മാത്രം അളക്കരുത് എന്ന് അപേക്ഷിക്കുന്നത്.

“എല്ലാവരും തന്നെ ഗോൾ വെച്ച് മാത്രമാണ് അളക്കുന്നത്. പക്ഷെ എനിക്ക് ഒരു ഓൾറൗണ്ടറായാണ് അറിയപ്പെടേണ്ടത്. താൻ അതിനായി പരിശ്രമിക്കുന്നുണ്ട്. ഈ കഴിഞ്ഞ സീസണിൽ താൻ അസിസ്റ്റ് ചെയ്യുന്നതിൽ ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്” ലുകാകു ഓർമ്മിപ്പിച്ചു. ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ ഡിബ്രുയിൻ നേടിയ ഗോൾ ഒരുക്കിയത് ലുകാകു ആയിരുന്നു. ബ്രസീലിയൻ ഡിഫൻസിനെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒരോട്ടത്തിന് ശേഷമായിരുന്നു ആ അസിസ്റ്റ്.

അതിന് മുമ്പ് ജപ്പാനെതിരായ മത്സരത്തിൽ പന്ത് തൊടാതെ ഡമ്മി കളിച്ച് ഗോളിന് വഴി ഒരുക്കിയതും ലുകാകു ആയിരുന്നു. ബെൽജിയത്തിന്റെ അവസാന 14 മത്സരങ്ങളിൽ 17 ഗോളുകളും 4 അസിസ്റ്റും ലുകാകു സംഭാവന ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement