Josegaya

പരിക്ക്; ഗയ സ്പാനിഷ് ടീമിൽ നിന്നും പുറത്ത്, ബാഴ്‌സ യുവതാരം പകരക്കാരൻ

ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേരത്തെ കളത്തിൽ ഇറങ്ങിയ പരിക്കിന്റെ കളികൾ വീണ്ടും തുടരുന്നു. സ്പാനിഷ് ലെഫ്റ്റ് ബാക്ക് ഹോസെ ഗയ ആണ് ടൂർണമെന്റിൽ നിന്നും പുറത്തു പോയ പുതിയ താരം. കാലിന്റെ മടമ്പിനേറ്റ പരിക്കാണ് വലൻസിയ ക്യാപ്റ്റന് തിരിച്ചടി ആയത്. ഒരു പിടി യുവതരങ്ങളുമായി ഖത്തറിലേക്ക് തിരിച്ച സ്പാനിഷ് ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു ഗയ. ഫോമിലുള്ള താരത്തിന്റെ മത്സര പരിചയം കൂടിയാണ് ഇതോടെ ടീമിന് നഷ്ടമാകുന്നത്.

പകരക്കാരനായി ബാഴ്‌സലോണ യുവതാരം അലെഹന്ദ്രോ ബാൾടെയെയാണ് കണ്ടെത്തിയിരിക്കുന്നത്. സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരം, ആൽബ, മർക്കോസ് ആലോൻസോ എന്നിവരെ മറികടന്ന് ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് സാവിയുടെ പ്രിയ താരമായി വളർന്നിരുന്നു. പലപ്പോഴും റൈറ്റ് ബാക്ക് സ്ഥാനത്തും ടീം പരീക്ഷിച്ചിട്ടുള്ള താരം അവിടെയും പതറാതെ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തു കൊണ്ടിരുന്നത്. ഇതോടെ ദേശിയ ടീമിലേക്കുള്ള അരങ്ങേറ്റം തന്നെ ലോകകപ്പിലൂടെ ആവുന്ന ഭാഗ്യമാണ് താരത്തെ കാത്തിരിക്കുന്നത്. ജോർഡി ആൽബയാണ് സ്പാനിഷ് ടീമിലെ മറ്റൊരു ലെഫ്റ്റ് ബാക്ക്.

Exit mobile version