ജപ്പാൻ…ഈ നിമിഷങ്ങൾക്ക് ഏഷ്യയുടെ നന്ദി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യയിൽ നോക്കൗട്ട് റൗണ്ടിൽ ഏഷ്യയുടെ ഏക പ്രതിനിധി ആയിരുന്നു ജപ്പാൻ. ആരും വലിയ പ്രതീക്ഷകൾ ഒന്നും ഇന്നത്തെ ബെൽജിയത്തിനെതിരായ പോരാട്ടത്തിൽ വെച്ചില്ല. ടാലന്റുകൾക്ക് ബെഞ്ചിൽ വരെ ഇരിക്കാൻ കഴിയാത്തത്ര ടാലന്റുകൾ ഉള്ള ബെൽജിയവും, ഇപ്പോഴും ഒരു ഗോൾ വരണമെങ്കിൽ ‘വയസ്സൻ’ ഹോണ്ടയെ ആശ്രയിക്കേണ്ടി വരുന്ന ജപ്പാനും. കളി തുടങ്ങും മുമ്പ് തന്നെ ബെൽജിയം-ബ്രസീൽ ക്വാർട്ടറിനെ കുറിച്ചൊക്കെ ആയിരുന്നു ചർച്ച. പക്ഷെ ഈ ലോകകപ്പ് ഒരു സാധാരണ ലോകകപ്പേ അല്ലല്ലോ.

ഇന്നത്തെ അത്ഭുത മത്സരം എവിടെ എന്ന് കാത്തിരുന്നവർക്ക് ഒരു സമ്മാനമായി റോസ്തോവിലെ ബെൽജിയം ജപ്പാൻ പോരാട്ടം മാറി. ആദ്യ പകുതിയിൽ വെറും ബെൽജിയം ആധിപത്യം മാത്രമായിരുന്നു ഫലം. പക്ഷെ രണ്ടാം പകുതിയിൽ കളി മാറി. റഷ്യയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ മാത്രം ജപ്പാന്റെ പരിശീലകനായി ചേർന്ന നിഷീനോ രണ്ടാം പകുതിയിൽ അത്ഭുതങ്ങളാണ് കാണിച്ചത്.

കളി രണ്ടാം പകുതിയിൽ പൊടുന്നനെ ജപ്പന്റെ വരുതിയിൽ. ആദ്യം 48ആം മിനുട്ടിൽ വെർടോംഗന്റെ ഒരു പിഴവ് മുതലാക്കി ഹറഗുചിയുടെ സ്ട്രൈക്ക്. ചെൽസി ഗോൾകീപ്പർ കോർട്ടുവയുടെ നീണ്ട കൈകൾക്കും അതെത്തി പിടിക്കാനായില്ല. ബെൽജിയൻ ആരാധകരെയും കളിക്കാരെയും ഒക്കെ നിശ്ബദരാക്കിയ ആ ഗോളായിരുന്നു ജപ്പാന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ നോക്കൗട്ട് ഗോൾ. ആ ഗോളിനൊപ്പം മത്സരത്തിന്റെ നിയന്ത്രണവും ജപ്പാനിങ് ഏറ്റെടുത്തു.

നാലു മിനുട്ടുകൾക്ക് അപ്പുറം തകാചി ഇനുയിയുടെ വക ഒരു ലോംഗ് റേഞ്ചർ. ഏഷ്യൻ ഫുട്ബോൾ ആരാധകർ മൊത്തം ആ സ്ട്രൈക്ക് ആഘോഷിച്ച് കാണും. 2-0 എന്ന സ്കോറിന് ബെൽജിയത്തിനെതിരെ ലീഡ് ചെയ്യുന്ന ജപ്പാൻ. ലോകകപ്പിൽ പലരും ഫേവറിറ്റ്സ് ആയി കണക്കാക്കപ്പെട്ട ബെൽജിയത്തിനെതിരെ. ഏഷ്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നുവരെ തോന്നി.

പക്ഷെ അതിനുശേഷം ബെൽജിയം ടാക്ടിക്സ് മാറ്റി. കാലിലെ കളി മാറ്റി തടി മിടുക്കും ഉയരവും ആക്കി മാറ്റി ടാക്ടിക്സ്. ഇതിനായി ഫെല്ലൈനിയും രംഗത്തെത്തി. പിന്നീട് കണ്ടത് ചരിത്രം കണ്ട ബെൽജിയം തിരിച്ചുവരവായിരുന്നു. ഫെല്ലൈനിയുടെ അടക്കം രണ്ട് ഹെഡറുകൾ കളി 2-2 എന്നാക്കി. പക്ഷെ ഈ കളി എക്സ്ട്രാ ടൈമിൽ എത്തിക്കണമെന്നോ ഡിഫൻഡ് ചെയ്യണമെന്നോ എന്നൊന്നും ജപ്പാനില്ലായിരുന്നു. എക്സ്ട്രാ ടൈമിലും ജപ്പാൻ വിജയിക്കാനെ നോക്കിയുള്ളൂ. ഹോണ്ടയുടെ ഫ്രീകിക്ക് കോർതുവ തട്ടിയകറ്റിയതിന് ലഭിച്ച കോർണറിനായി മുഴുവൻ താരങ്ങളെയും അയച്ച് വിജയ ഗോളിന് വേണ്ടി ജപ്പാൻ നോക്കി. അതൊരു തിരിച്ചടിയായി മാറുകയും ചെയ്തു.

ആ കോർണറിൽ നിന്ന് ബോൾ നേടി, മികച്ചൊരു കൗണ്ടറിലൂടെ ബെൽജിയം അവസാന വിസിലിന് മുമ്പുള്ള അവസാന കിക്കിൽ വിജയ ഗോൾ കണ്ടെത്തി. ചരിത്ര തിരിച്ചുവരവിന്റെ ആഘോഷം ഒരു വശത്ത് നടക്കുമ്പോൾ എഴുതാനിരുന്ന ഒരു പുതിയ ചരിത്രം പൂർത്തിയാക്കാൻ കഴിയാതെ ജപ്പാൻ താരങ്ങൾ തളർന്നു വീണിരുന്നു. എങ്കിലും ജപ്പാൻ നന്ദി, ഏഷ്യൻ ഫുട്ബോളിന് ഓർക്കാൻ ആ നല്ല നിമിഷങ്ങൾ തന്നതിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial