Picsart 23 07 26 12 22 47 950

കോസ്റ്റാറിക്കയെയും തോൽപ്പിച്ചു, ജപ്പാൻ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക്

വനിതാ ഫുട്ബോൾ ലോകകപ്പിൽ ജപ്പാൻ പ്രക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചു‌. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജപ്പാൻ വിജയിച്ചതോടെയാണ് പ്രീക്വാർട്ടറിൽ എത്തുന്നതിന് അടുത്ത് എത്തിയത്‌. ഇന്ന് കോസ്റ്റാറിക്കയെ നേരിട്ട ജപ്പാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആണ് ജപ്പാന്റെ രണ്ട് ഗോളുകളും വന്നത്.

25ആം മിനുട്ടിൽ ഹികാറോ നവൊമൊതോയുടെ സ്ട്രൈക്കിൽ ജപ്പാൻ ലീഡ് എടുത്തു. ആ ഗോൾ പിറന്ന് രണ്ട് മിനുട്ടിനകം അവീബ ഫുജിനോയുടെ ഗോൾ ലീഡ് ഇരട്ടിയാക്കി‌. രണ്ട് ഗോളും ഒരുക്കിയത് മിന തനാക ആയിരുന്നു. ജപ്പാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോൾ നേടാൻ അവർക്ക് ഇന്ന് ആയില്ല. ആദ്യ മത്സരത്തിൽ ജപ്പാൻ 5 ഗോളുകൾക്ക് സാംബിയയെ തോൽപ്പിച്ചിരുന്നു‌.

സ്പെയിൻ ഇന്ന് സാംബിയയോട് തോൽക്കാതിരുന്നാൽ ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശനം ഔദ്യോഗികമാകും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്പെയിൻ ആയിരിക്കും ജപ്പാന്റെ എതിരാളികൾ.

Exit mobile version