ശരിക്കും, ഇറ്റ്സ് കമിങ് ഹോം!!!?

- Advertisement -

ലോകകപ്പിന് മുമ്പ് ഒരു രസത്തിന് സ്വയം പരിഹസിക്കാൻ ഇംഗ്ലീഷ് ആരാധകർ തന്നെയാണ് “It’s Coming Home” എന്നും പറഞ്ഞ് ഇറങ്ങിയത്. ഫുട്ബോളിന്റെ ജന്മനാട്ടിലേക്ക് ലോകകപ്പ് വരും എന്നായിരുന്നു ഈ ഇറ്റ്സ് കമിംഗ് ഹോമിന്റെ ഉള്ളടക്കം. പൊതുവെ എല്ലാ ലോകകപ്പിലും മികച്ച താരനിരയുമായി എത്തി നാണക്കേടുമായി മടങ്ങുക ആയിരുന്നു ഇംഗ്ലണ്ടിന്റെ പതിവ്. ബെക്കാമും, ഓവനും, റൂണിയും, സ്കോൾസും, ജെറാഡും, ലാമ്പാർഡും ഒക്കെ നാണം കെട്ടാണ് ലോകകപ്പിന് വന്നപ്പോഴെല്ലാം മടങ്ങിയിട്ടുള്ളത്.

ഇത്തവണ സൗത്ഗേറ്റും യുവനിരയും വരുമ്പോഴും അത്രയൊക്കെയെ എല്ലാവരും പ്രതീക്ഷിച്ചുള്ളൂ. പ്രീമിയർ ലീഗിലെ വൻ താരങ്ങളെല്ലാം കെയ്നിന്റെ കീഴിൽ അണിനിരന്നപ്പോൾ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചില്ല. പക്ഷെ ഇത്തവണ ഒക്കെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. എപ്പോഴും ഒരു ടീമായി കളിക്കാൻ കഷ്ടപ്പെടുന്ന ഇംഗ്ലണ്ടിനെയാണ് നമ്മൾ കണ്ടിട്ടുള്ളത്. താരങ്ങളുടെ ഈഗോയും ക്ലബുകൾ തമ്മിലുള്ള പോരും ഒക്കെ ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുമായിരുന്നു‌.

പക്ഷെ ഇത്തവണ ഒരു ടീമിനെ മാത്രമെ ഇംഗ്ലണ്ടിന്റെ ജേഴ്സിയിൽ കണ്ടുള്ളൂ. ഒരു താരത്തിന്റെയും വലുപ്പം ആ ടീമിൽ കണ്ടില്ല. ഗോൾ വരയിൽ നിൽക്കുന്ന പിക്ക്ഫോർഡ് മുതൽ ഗോൾ മുഖത്ത് നിക്കുന്ന കെയ്ൻ വരെ എല്ലാവരും ഒരു ടീമിന്റെ ഭാഗമായി തന്നെ കളിക്കുന്നു. എതിർ ടീമുകളുടെ മേൽ ആധിപത്യം പുലർത്തി വൻ പ്രകടനം ഒന്നും ഇത്തവണ ഇംഗ്ലണ്ട് നടത്തിയിട്ടില്ല. (പനാമ മത്സരം ഒഴിച്ചാൽ). പക്ഷെ അതൊക്കെ മതി എന്നാണ് സൗത്ഗേറ്റിന്റെയും ശൈലി.

ജയിക്കാൻ മാത്രമുള്ളത് കളിച്ച ഇംഗ്ലണ്ട് ഇപ്പോൾ സെമി ഫൈനലിൽ എത്തിയിരിക്കുകയാണ്. 1966ന് ശേഷം ഒരു ഫൈനലിന് വെറും 90 മിനുട്ടുകളുടെ ദൂരത്തിൽ. ഇത്തവണ സെമിയിലേക്ക് ഉള്ള യാത്രയിൽ ഒരു പെനാൾട്ടി ഷൂട്ടൗട്ടിനെയും ഇംഗ്ലണ്ട് മറികടന്നു എന്നത് ഓർക്കുക. കൊളംബിയക്കെതിരായ പെനാൾട്ടി ജയം ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ പെനാൾട്ടി ശാപത്തിനും അന്ത്യം കുറിച്ചു.

ഇത് അങ്ങനെയൊരു ലോകകപ്പാണ്. എല്ലാം അപ്രതീക്ഷിതമായിരുന്നു. തമാശയ്ക്കായി ആരംഭിച്ച It’s Coming Home സത്യമാകാൻ ഇനി അധികം ദൂരമില്ല എന്നതാണ് കളിയിലെ കാര്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement