ഇറാൻ വനിതകൾക്കായി റഷ്യയിൽ പ്രതിഷേധം

- Advertisement -

ഇറാൻ വനിതകൾക്ക് വേണ്ടി റഷ്യൻ ലോകകപ്പ് വേദികളിൽ ശബ്ദം ഉയരുകയാണ്. ദശകങ്ങളായി ഇറാനിയൻ വനിതകൾക്ക് അവരുടെ രാജ്യത്ത് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനായുള്ള വിലക്കിനെതിരെയാണ് റഷ്യയിൽ ഇറാൻ ആരാധകരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നത്. മൊറോക്കോയൊകെതിരായ മത്സരത്തിൽ ഉയർന്ന ‘Let The Iranian Women Enter Their Stadiums’ എന്ന ബാന്നറിലൂടെയാണ് ഈ പ്രതിഷേധം റഷ്യയിൽ ശ്രദ്ധ നേടുന്നത്.

ഇതിനു പിന്നാലെ മൊറോക്കോ ആരാധകർ ഉൾപ്പെടെ ഇറാൻ പ്രതിഷേധങ്ങൾക്കൊപ്പം കൂടി. മത്സരത്തിന് ശേഷം മുമ്പും വിലക്ക് നീക്കാനുള്ള പ്ലക്കാർഡുകളുമായി മൊറൊക്കോ ആരാധകരും ഇറാൻ ആരാധകരും റഷ്യൻ കവലകളിൽ പാട്ടു പാടിയും നൃത്തം ചെയ്തും പ്രതിഷേധിച്ചു. 1979 മുതൽ ഇറാനിൽ എല്ലാ പുരുഷ കായിക ഇനങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലും വനിതകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. അടുത്തിടെ വൻ പ്രതിഷേധങ്ങൾക്ക് ശേഷം തെഹ്റാനിൽ വോളിബോൾ മത്സരങ്ങൾ കാണാൻ നിശ്ചിത എണ്ണം സ്ത്രീകളെ അനുവദിച്ചു എങ്കിലും വിലക്ക് പിന്നെയും പഴയതു പോലെ തുടരുകയാണ്.

സ്റ്റേഡിയത്തിൽ കയറി ഒരു കുടുംബം പോലെ കളി കാണാൻ നാലായിരം കിലോമീറ്ററുകൾ സഞ്ചരിക്കണോ എന്നാണ് റഷ്യയിൽ ഉയരുന്ന പോസ്റ്ററുകൾ ചോദിക്കുന്നത്. ഇറാനിയൻ ആരാധകർ മാത്രമല്ല ഇറാനിലെ ഫുട്ബോൾ താരങ്ങളും ഈ പ്രതിഷേധങ്ങൾക്ക് പിന്തുണയേകുന്നുണ്ട്. ഇറാൻ ക്യാപ്റ്റൻ മുഹമ്മദ് ഷൊജോയി മുൻ ബയേൺ മ്യൂണിച്ച് താരം അലി കരീമി തുടങ്ങിയ താരങ്ങൾ എന്നും ഈ വിലക്ക് നീക്കാനായി ശബ്ദം ഉയർത്തിയിട്ടുണ്ട്.

റഷ്യൻ ലോകകപ്പിൽ ആദ്യ മത്സരം വിജയിച്ച ഇറാൻ ഈ പ്രതിഷേധത്തിന് കൂടുതൽ ലോകശ്രദ്ധ നേടിയെടുക്കാൻ വേണ്ടിയെങ്കിലും റഷ്യയിൽ ഗ്രൂപ്പ് ഘട്ടം കടന്ന് കൂടുതൽ ദിവസം റഷ്യയിൽ നിൽക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement