എന്ന് ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പ് നേടും?

- Advertisement -

എന്ന് ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പ് നേടും? അല്ലെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്‌ബോള്‍ നേടിക്കൂടാ? ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലോകകപ്പെന്ന മാമാങ്കത്തിനു തയ്യാറെടുക്കുമ്പോള്‍ ഞങ്ങളെ അലട്ടുന്ന ചോദ്യമിതാണ്. ഈ ചോദ്യം ഞങ്ങള്‍ ഒരു പ്രശസ്ത ഫുട്‌ബോള്‍ താരത്തോടു ചോദിച്ചു. നിങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും കാര്യത്തെപ്പറ്റി സംസാരിക്കൂ. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്തുകൊണ്ട് അത് സംഭവിച്ചു കൂടാ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തെ ക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെ എത്ര പ്രാവശ്യം തോല്‍പ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ടു പ്രാവശ്യം ക്രിക്കറ്റ് ലോകകപ്പ് നേടി. പ്രകാശ് പദുക്കോണ്‍, വിശ്വനാഥന്‍ ആനന്ദ്, ഗീത് സേഥി, പങ്കജ് അദ്വാനി, ലിയാണ്ടര്‍ പെയ്‌സ്, അഭിനവ് ബിന്ദ്ര, സൈന നെഹ്‌വാള്‍, സാനിയ മിര്‍സ എന്നിങ്ങനെയുള്ള ഇന്ത്യന്‍ താരങ്ങള്‍ എത്രയോ ഉയര്‍ന്ന റാങ്കുള്ള വിദേശ താരങ്ങളെ പലവട്ടം പരാജയപ്പെടുത്തിയിരിക്കുന്നു. പിന്നെയെന്താണ് ഫുട്‌ബോളിന്റെ മാത്രം പ്രശ്‌നം?

ബ്രസീലുകാരും, അര്‍ജന്റീനക്കാരും, ജര്‍മന്‍കാരും, ഇംഗ്ലീഷുകാരുമെല്ലാം അവരുടെ ദേശീയ ടീമിന്റെ ജെഴ്‌സിയും ധരിച്ച് കൈയ്യില്‍ ഫുട്‌ബോളുമായാണ് ജനിക്കുന്നതെന്ന് പല ഇന്ത്യക്കാരും ബലമായി, പക്ഷെ തെറ്റായി വിശ്വസിക്കുന്നു. എല്ലായിടത്തും നവജാതശിശുക്കള്‍ ജനിക്കുന്നത് നഗ്നരായി, കൈയ്യില്‍ പ്രത്യേകമായി ഒരു വസ്തുവുമില്ലാതെയാണ്. ഈ ലോകത്ത്് ജനനസമയത്ത് എന്തെങ്കിലും പ്രത്യേക വസ്തുവുമായി ആരെങ്കിലും ജനിച്ചിട്ടുണ്ടങ്കില്‍ അതുതന്നെ ഇന്ത്യക്കാരനാണ്. മഹാഭാരതത്തിലെ കര്‍ണ്ണന്‍. അദ്ദേഹം കവചകുണ്ടലങ്ങളുമായാണ് ജനിച്ചു വീണത്. ഇന്ത്യന്‍ ഗര്‍ഭപാത്രത്തിലാണെങ്കിലും, ലാറ്റിനമേരിക്കന്‍ ഗര്‍ഭപാത്രത്തിലാണെങ്കിലും, യൂറോപ്യന്‍ ഗര്‍ഭപാത്രത്തിലാണെങ്കിലും ഗര്‍ഭസ്ഥശിശു ചില സമയങ്ങളില്‍ ഫുട്‌ബോള്‍ പോലെ ഉരുണ്ട രൂപത്തിലാണ് കിടക്കുന്നതെന്നു മാത്രം.

ജനനത്തിനുശേഷം എന്താണ് നടക്കുന്നതെന്നാണ് വളരെ പ്രധാനം. യൂറോപ്യന്‍മാര്‍ക്കും, ലാറ്റിനമേരിക്കക്കാര്‍ക്കും വളരെ മഹത്തായ ഒരു കായിക സംസ്‌കാരമുണ്ട്, പ്രത്യേകിച്ചും ഫുട്‌ബോളില്‍. വിവിധ കായിക ഇനങ്ങള്‍ക്കായി അവര്‍ സൃഷ്ടിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നുമാണ് അത്തരമൊരു കായിക സംസ്‌കരം ഉടലെടുത്തത്. ഇന്ത്യക്കൊരു മഹത്തായ ക്രിക്കറ്റ് സംസ്‌കാരമുണ്ട്. അത് സൃഷ്ടിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ്. ബിസിനസുകാരുടെ കൗശലത്തോടെ അവര്‍ ക്രിക്കറ്റിനെ വിപണനം ചെയ്തു. അവര്‍ കളിക്കളങ്ങളും, പരിശീലനത്തിനുള്ള സൗകര്യങ്ങളും സൃഷ്ടിച്ചു. അവര്‍ തുടര്‍ച്ചയായി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവും ഒരു മഹത്തായ ക്രിക്കറ്റ് സംസ്‌കാരത്തിലാണ് ജനിച്ചു വീഴുന്നത്.

1983ല്‍ കപില്‍ദേവിന്റെ മഹത്തായ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോള്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യ ഒന്നുമല്ലായിരുന്നു. കപില്‍ദേവും, അദ്ദേഹത്തിന്റെ ചെകുത്താന്‍മാരും ക്രിക്കറ്റ് ലോകത്തെ അന്നത്തെ ഗോലിയാത്തായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ലോകകപ്പ് നേടുമ്പോള്‍ അന്നത്തെ വലിയ ഇന്ത്യന്‍ ആരാധകര്‍ അവരുടെ സ്വപ്‌നത്തില്‍പോലും ഇന്ത്യ ലോകകപ്പ് നേടുമെന്ന് കരുതിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ആരാധകരുണ്ടായതു തന്നെ 1983 ല്‍ നമ്മള്‍ ലോകകപ്പു നേടിയ ശേഷമാണ്.

നമ്മുടെ ക്രിക്കറ്റ് സംസ്‌ക്കാരംപോലെ ശക്തമായെരു ഫുട്‌ബോള്‍ സംസ്‌കാരം നമുക്കാവശ്യമുണ്ട്. ഇന്ത്യയുടെ മുന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം സി.സി ജേക്കബ് ശക്തമായി വാദിക്കുന്നതു പോലെ നമുക്കു ഫുട്‌ബോളിനു മാത്രമായി സ്‌റ്റേഡിയങ്ങള്‍ വേണം. ചെറുതും, വലുതുമായ ഫുട്‌ബോള്‍ ക്ലബുകള്‍ വേണം. നിറയേ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നമുക്ക് സ്ഥിരമായി വേണം.

സ്ഥിരമായ പരിശീലനം മാത്രം ഒരു കായിക താരത്തിന്റെ കഴിവുകള്‍ വികസിപ്പിക്കില്ല. സ്ഥിരമായുള്ള മത്സരങ്ങള്‍ മാത്രമെ ഒരാളുടെ വിജയിക്കാനുള്ള കഴിവുകളും, പരാജയങ്ങളില്‍നിന്നും പഠിക്കുവാനുള്ള കഴിവും വികസിപ്പിക്കുകയുള്ളു. ഫുട്‌ബോള്‍ ലോകകപ്പ് വിജയിക്കണമെന്നുണ്ടങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്ത്യയുടേതായ ഫുട്‌ബോള്‍ ശൈലിയ്ക്ക് രൂപം നല്‍കണം. അത് ഇന്ത്യക്കാരുടെ ശാരീരിക പ്രത്യേകതകളും, കഴിവുകളും, കുറവുകളും പരിഗണിച്ചുള്ളതുമായിരിക്കണം.

ഇന്ന് ഭ്രാന്തനായ ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകന് ആശ്വാസം നല്‍കുന്ന ഒരേ ഒരു കാര്യം ഫിഫ റാങ്കിംഗില്‍ ഇന്ത്യ ആദ്യ 100 സ്ഥാനത്തിനകത്തുണ്ട് എന്നതു മാത്രമാണ്. എന്നാല്‍ 1950, 1960 കാഘട്ടങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ലോകത്തെ മികച്ച 20 ഫുട്‌ബോള്‍ ടീമുകളുടെ നിരയില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നത് നമ്മളില്‍ എത്ര പേര്‍ക്കറിയാം? 1951ലേയും, 1962ലേയും ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത് ഇന്ത്യയാണ്. 1956ലെ ഒളിംമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനം നേടുകയും ചെയ്തു. 1950ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സാമ്പത്തിക പ്രശ്‌നങ്ങളും, മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും നിമിത്തമാണ്.

ആഗസ്റ്റ് 2008ലാണ് ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും മഹാനായ ലെഗ്‌സ്പിന്നറും അന്നത്തെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകത്തെ ഒന്നാം നമ്പര്‍ ടീമാക്കുന്നതിനുള്ള പദ്ധതി തന്റെ സഹകളിക്കാരുമായി പങ്കുവയ്ക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനകം ഒന്നാം നമ്പര്‍ ടീമാകാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ 2009 ഡിസംബറില്‍ തന്നെ ഇന്ത്യ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി തീര്‍ന്നു. 2008 നവംബറില്‍ തന്നെ കുംബ്ലെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നവും, പദ്ധതിയും ഒന്നാം നമ്പര്‍ ക്രിക്കറ്റ് ടീമാകാന്‍ ഇന്ത്യന്‍ ടീമിന്
പ്രചോദനം നല്‍കി.

2022ലോ 2026ലോ ഫുട്‌ബോള്‍ ലോകകപ്പ് നേടാന്‍ ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ എന്തുകൊണ്ട് ഒരു ഇന്ത്യക്കാരന് സാധിക്കില്ല? അനില്‍ കുംബ്ലയെപ്പോലെ ഒരാള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ  ചോദിപ്പിക്കാന്‍ തീര്‍ച്ചയായും മുന്നോട്ടു വരണം. ഇന്ത്യക്കാരുടെ ശാരീരികമായ കുറവുകളാണ് യൂറോപ്യന്‍മാരോടും, ലാറ്റിനമേരിക്കക്കാരോടും, ആഫ്രിക്കക്കാരോടും മത്സരിക്കുന്നതിനുള്ള നമ്മുടെ പ്രധാന തടസ്സമായി പലരും ചൂണ്ടികാണിക്കുന്നത്. എന്നാല്‍ ആ സിദ്ധാന്തത്തില്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

പൊതുവില്‍ ഉയരക്കൂടുതലുള്ളവരുടെ കളിയായിട്ടാണ് ബാസ്‌ക്കറ്റ്‌ബോളിനെ പരിഗണിക്കുന്നത്. 1985 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയോഷ (എന്‍.ബി.എ)നിലെ താരങ്ങളുടെ ഏകദേശ ശരാശരി ഉയരം 6.7 അടി ആയിരുന്നു. എന്‍.ബി.എ യുടെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടു താരങ്ങളായ റൊമാനിയായുടെ ജോര്‍ജ് മുറേഷന്‍, സുഡാന്റെ മനൂട്ട് ബോല്‍ എന്നിവരുടെ ഉയരം 7.7 അടിയാണ്. പക്ഷെ ലോകം മുഴുവന്‍ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ധീരന്‍മാരുടേതാണ്.

എന്‍.ബി.എ നിലവാരമനുസരിച്ച് അസാധാരണമായി ഉയരക്കുറവുള്ള താരങ്ങളാണ് ടൈറോണ്‍ മുഗസി ബോഗ്‌സ് (5’3′), ഏള്‍ ബോയ്കിന്‍സ് (5’5′), ആന്തണി സ്പുഡ് വെബ് (5’7′, ഗ്രെഗ്ഗ്രാന്‍ഡ് (5’7′) എന്നവര്‍. പക്ഷെ അവര്‍ തങ്ങളുടെ സ്വപ്‌നം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഉയരക്കുറവെന്ന പ്രതികൂല സാഹചര്യം നിലനില്‍ക്കെതന്നെ ഇവരല്ലാം പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. അതു കൊണ്ടുതന്നെ ദയവായി ശാരീരിക ന്യൂനതകള്‍ മോശം പ്രകടനത്തിനുള്ള കാരണമായി എടുത്തുകാട്ടുന്ന പരിപാടി തുടരരുത്.

ശാരീരിക ക്ഷമതയും, വഴക്കവും ഉറപ്പാക്കുന്ന പ്രധാന വ്യായാമ മുറകളായ യോഗയുടേയും, കളരിപ്പയറ്റിന്റേയും നാടാണ് ഇന്ത്യ. നമുക്ക് നമ്മുടെ ഫുട്‌ബോള്‍ കളിക്കാരെ മാത്രമല്ല, എല്ലാ കായിക താരങ്ങളേയും ഈ വ്യായാമ മുറകളിലൂടെ മാനസികമായും, ശാരീരികമായും ശക്തിപ്പെടുത്താന്‍ സാധിക്കും. യോഗയും, കളരിപ്പയറ്റും നമ്മുടെ നമ്മുടെ കായിക പരിശീലനത്തിന്റെ ഒന്നാം ദിവസം മുതല്‍ തന്നെ തുടങ്ങണം. അത് തീര്‍ച്ചയായും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അത് നമ്മുടെ കായിക താരങ്ങളുടെ കഴിവുകളും, കരുത്തും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ അന്ധമായി വിദേശ പരിശീലന മുറകള്‍ പിന്തുടരുന്ന പാരമ്പര്യം നിറുത്തി ഇന്ത്യന്‍ താരങ്ങള്‍ക്കനു യോജ്യമായ പരിശീലന രീതി വികസിപ്പിക്കാനും, പിന്തുടരാനും നമ്മള്‍ ശ്രമിക്കണം.

ലോക ഫുട്‌ബോളിലെ അടുത്ത വന്‍ശക്തിയാകാന്‍ നമ്മുടെ അയല്‍ക്കാരായ ചൈന നടത്തുന്ന ശ്രമങ്ങള്‍ നമ്മള്‍ നിരീക്ഷിക്കേണ്ടതുണ്ട്. പണ്ട് ജനസംഖ്യയുടെ കാര്യത്തിലും, ഇന്ന് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലും നാം ചൈനയോടൊപ്പം കടുത്ത മത്സരത്തിലാണ്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ഫുട്‌ബോള്‍ അക്കാഡമി. വെര്‍ഗ്രാന്‍ഡെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ സ്‌ക്കൂള്‍. പരിശീലനത്തിനുള്ള നാല്‍പതിലധികം കളിക്കളങ്ങള്‍, 2350 ഫുട്‌ബോള്‍ വിദ്യാര്‍ത്ഥികള്‍, 122 പരിശീലകര്‍ എന്നിവയാണ് അക്കാദമിയുടെ പ്രത്യേകതകള്‍.

അതുപോലെ തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടു മത്സരിക്കുന്ന ചൈനീസ് സൂപ്പര്‍ ലീഗ്. ഫെബ്രുവരിയില്‍ ആരംഭിച്ച് നവംബറില്‍ അവസാനിക്കുന്ന ലീഗില്‍ നിലവില്‍ 16 ക്ലബുകളാണുള്ളത്. ലോകത്തിലെ നിലവിലെ മികച്ച താരങ്ങളെ ഇറക്കി പ്രീമിയര്‍ ലീഗിനോടു തന്നെ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി പോലുള്ള ക്ലബുകളിലും ചൈനീസ് സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നു. വരുന്ന ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ബ്രസീലിനേയും, അര്‍ജന്റീനയേയും, ജര്‍മനിയേയും തോല്‍പിച്ച് ചൈന ലോകകിരീടം നേടിയാല്‍ നമ്മള്‍ ഞെട്ടരുത്. കാരണം ചൈന കളിക്കുന്നത് ജയിക്കാന്‍ മാത്രമാണ്.

ഇന്ത്യയ്ക്കിതിനെല്ലാം കഴിയുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു സംശയമില്ല. തീര്‍ച്ചയായും കഴിയും. പക്ഷെ നമ്മളതിനു ശ്രമിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം.

ഡോ: ഇന്ദുലേഖ ആര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജി, ആലപ്പുഴ)
സിജിന്‍ ബി ടി (ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement