കളിക്കളത്തിലും ഗാലറിയിലും മരണമാസായി ഐസ് ലാൻഡ്

- Advertisement -

റഷ്യൻ ലോകകപ്പിലെ കറുത്ത കുതിരകൾ ആരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുണ്ടാകു ഐസ് ലാൻഡ്. ആദ്യ ലോകകപ്പിൽ ലയണൽ മെസി നയിക്കുന്ന അർജന്റീനയെ പിടിച്ച് കെട്ടിയത് ഒരു തുടക്കം മാത്രമാണ്. റഷ്യൻ ലോകകപ്പിനെത്തിയ ഈ കുഞ്ഞൻ രാജ്യം വെറും കയ്യോടെ പോകാനല്ല വന്നതെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇന്നലത്തെ മത്സരം. അർജന്റീനയുടെ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കിയാണ് ഐസ് ലാൻഡ് മത്സരം തുടങ്ങിയത്.

ബോൾ കൈവശം വെക്കുന്നതിൽ ആധിപത്യം പുലർത്തിയ അർജന്റീന പലപ്പോഴും ഐസ്ലാൻഡ് താരങ്ങളുടെ തടി മിടുക്കിൽ പിറകിലായി. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ മെസ്സിയും അർജന്റീനയും നിരന്തരം ഐസ് ലാൻഡ് ഗോൾ മുഖം ആക്രമിച്ചെങ്കിലും പ്രതിരോധവും ഗോൾ കീപ്പർ ഹാൽഡോർസണും അവരുടെ രക്ഷക്കെത്തുകയായിരുന്നു. സമനിലയോടെ മരണ ഗ്രൂപ്പിൽ വിലപ്പെട്ട ഒരു പോയിന്റ് നേടാനും ഐസ് ലാൻഡിനായി.

കളിക്കളത്തിനകത്ത് മാത്രമല്ല ഗാലറിയിലും ആവേശം നിറയ്ക്കുകയാണ് ഐസ് ലാൻഡ് ആരാധകർ. 2016 യൂറോ കപ്പോ അല്ലെങ്കിൽ ഐസ് ലാൻഡിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളോ കണ്ട ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കാനിടയില്ല ഐസ് ലാൻഡിന്റെ തണ്ടർ ക്ലാപ്പ് അല്ലെങ്കിൽ വൈക്കിങ് ക്ലാപ്പ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഞെഞ്ചിലേറ്റിയ, അനുകരിക്കുന്ന വൈക്കിങ് ക്ലാപ്പ്. ഇന്നലെയും ഐസ് ലാൻഡ് ആരാധകരുടെ ആവേശത്തിനൊട്ടും കുറവുണ്ടായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement