ജന്മനാടിനെ വീഴ്ത്താൻ തന്ത്രമൊരുക്കണം, ശ്രദ്ധാകേന്ദ്രമായി തിയറി ഹെൻറി

- Advertisement -

ലോകകപ്പ് സെമിയിൽ ബെൽജിയത്തിന് എതിരാളികളായി ഫ്രാൻസ് വന്നതോടെ പുലിവാൽ പിടിച്ചത് സാക്ഷാൽ തിയറി ഹെൻറിയാണ്. ബെൽജിയം സഹ പരിശീലകനായ ഹെൻറിക്ക് വന്നിരിക്കുന്നത് സ്വന്തം രാജ്യത്തെ കളിക്കളത്തിൽ വീഴ്ത്താൻ തന്ത്രം തയ്യാറാക്കുക എന്ന ജോലിയും. അതും 1998 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കൾ ആയപ്പോൾ ഹെൻറി ഉൾപ്പെടുന്ന ടീമിനെ നയിച്ച ദിദിയെ ദശാംപ്സ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ.

സെന്റ് പീറ്റേഴ്സ്ബെർഗിൽ ചൊവ്വാഴ്ചയാണ്‌ ഫ്രാൻസ് – ബെൽജിയം സെമി. ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടകാരിൽ ഒരാളായ ഹെൻറി പക്ഷെ അന്ന് പ്രാർത്ഥിക്കുക എംബപ്പേയും, ജിറൂദും, ഗ്രീസ്മാനും അടക്കമുള്ള ഫ്രഞ്ച് ആക്രമണ നിര ഗോൾ അടിക്കരുതെ എന്നാവും.

ഹെൻറിയുമായുള്ള പോരാട്ടത്തെ വിചിത്രം എന്നാണ് ഫ്രാൻസ് പരിശീലകൻ ദേഷാമ്പ്സ് വിശേഷിപ്പിച്ചത്. പക്ഷെ ഹെൻറിയുടെ നേട്ടങ്ങളിൽ സന്തോഷവാൻ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 40 വയസുകാരനായ ഹെൻറി ഫ്രാൻസിന് വേണ്ടി 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്. 1998, 2002, 2006, 2010 ലോകകപ്പുകളിൽ ഫ്രഞ്ച് ആക്രമണത്തെ നയിച്ചതും ഹെൻറിയായിരുന്നു.

ലോകകപ്പിൽ ഏറ്റവും അപകടം വിതക്കുന്ന ആക്രമണ നിരയായി ബെൽജിയം വളർന്നതിൽ ഹെൻറിയുടെ പങ്കും വലുതാണ്. ലുകാകുവിന്റെ കളിയിൽ കാണുന്ന മാറ്റം അത് സൂചിപ്പിക്കുന്നു. കേവലം ഗോളടിക്കുക എന്നതിലുപരി ബെൽജിയം ആക്രമണത്തിന്റെ റഫറൻസ് പോയിന്റ് ആയി ലുകാകു വളർന്നതിൽ ഹെൻറിയുടെ മാർഗ നിർദേശങ്ങൾ ഉണ്ടായിരുന്നു. ആഴ്സണലിൽ ഹെൻറി കളിച്ച അതേ ശൈലി. ഗോൾ അടിക്കുക, അടിപ്പിക്കുക.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹെൻറി റോബർട്ടോ മാർടീനസിന്റെ സഹ പരിശീലകനാവുന്നത്. കേവലം സൂപ്പർ സ്റ്റാറുകളുടെ കൂട്ടം മാത്രമായിരുന്ന ബെൽജിയത്തെ മാർടീനസിനൊപ്പം ഒത്തിണക്കമുള്ള ടീമാക്കി വളർത്തുന്നതിൽ ഹെൻറിയും പങ്കാളിയായി. ജന്മ ദേശത്തിനെതിരെ കളിക്കാൻ ഒരുങ്ങുമ്പോഴും കരിയറിൽ ഉടനീളം പ്രൊഫഷണലിസം മുറുകെ പിടിച്ച തിയറി ഹെൻറി ബെൽജിയത്തിന്റെ കൂടെയാവും. 1998 ൽ ഗ്രൗണ്ടിൽ ഇറങ്ങി നേടിയത് ഇത്തവണ പിന്നണിയിൽ നിന്ന് നേടാൻ. നാളെ ഒരു പക്ഷെ ഫ്രഞ്ച് സംഘത്തെ ഹെൻറി പരിശീലിപ്പിക്കുന്നതും  നമുക്ക് കാണാനായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement