ദൈവം അർജന്റീനയുടെ കൂടെയെന്ന് മെസ്സി

- Advertisement -

ദൈവം അർജന്റീനയുടെ കൂടിയാണെന്നും അത്  കൊണ്ട് തന്നെ പ്രീ ക്വാർട്ടർ സ്ഥാനം ഒരിക്കലും നഷ്ടമാവില്ലായിരുന്നു എന്നും അർജന്റീന സൂപ്പർ താരം ലിയോണൽ മെസി. നൈജീരിയക്കെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മെസ്സി. മത്സരത്തിൽ ഈ ലോകകപ്പിലെ തന്റെ  ആദ്യ ഗോൾ മെസ്സി കണ്ടെത്തിയിരുന്നു.

“എനിക്ക് അറിയാമായിരുന്നു ദൈവം ഞങ്ങളുടെ കൂടെയാണെന്നും ഞങ്ങൾ പുറത്തുപോവാൻ ദൈവം അനുവദിക്കില്ലെന്നും. ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു അർജന്റീന ജയിക്കുമെന്ന്.  വളരെ അതിശയകരമായിരുന്നു ഈ രീതിയിൽ വിജയിക്കുക എന്നത്. ഞങ്ങൾ അർഹിച്ച സന്തോഷം തന്നെയായിരുന്നു ഇത്.” മെസ്സി പറഞ്ഞു. മത്സരത്തിൽ അർജന്റീനക്ക് ആർത്തലച്ച അർജന്റീന ആരാധകരെ അഭിനന്ദിക്കാനും മെസ്സി മറന്നില്ല.

നിശ്ചിത സമയം കഴിയാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മാർക്കോസ് റോഹോ നേടിയ ഗോളിൽ അർജന്റീന നൈജീരിയയെ മറികടന്ന് പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പിച്ചിരുന്നു. ഒരു ഘട്ടത്തിൽ ലോകകപ്പ് പ്രീ ക്വാർട്ടർ കാണാതെ അർജന്റീന പുറത്തുപോവുമെന്ന് തോന്നിച്ച സമയത്താണ് റോഹോ അർജന്റീനയുടെ രക്ഷകനായത്.

പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീന ജൂൺ 30ന് ഫ്രാൻസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement