ഫ്രാൻസ്!!! ഇനി ലോക ചാമ്പ്യന്മാർ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

20 വർഷങ്ങൾക്ക് ശേഷം ഫ്രാൻസിന് ലോക ഫുട്ബോൾ കിരീടത്തിൽ മുത്തം. ലോകത്തെ ആവേശത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ച റഷ്യൻ ലോകകപ്പിന്റെ എല്ലാ ഭംഗിയും ചേർന്ന ഒരു ഫൈനലിന് ഒടുവിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഫ്രാൻസ് കിരീടം ഉയർത്തിയത്.

കരുതലോടെയാണ് ഇരുവരും തുടങ്ങിയത് എങ്കിലും 18ആം മിനുട്ടിൽ തന്നെ കളിയുടെ ആദ്യ ഗോൾ പിറന്നു. ഒരു ക്രൊയേഷ്യൻ പിഴവായിരുന്നു ഗോളിൽ കലാശിച്ചത്. ഗ്രീസ്മെന്റെ ഫ്രീകിക്കിൽ പന്ത് തട്ടിയകറ്റാൻ ഉയർന്ന മാൻസുകിചിന് പിഴച്ചു. പന്ത് സ്വന്തം വലയിൽ തന്നെ വീണു. സെമി ഫൈനലിലെ ഹീറോ ക്രൊയേഷ്യയുടെ വില്ലനായി. പക്ഷെ എത്ര പിറകിൽ പോയാലും തിരിച്ചുവരുന്ന ക്രൊയേഷ്യൻ പതിവ് ഇന്നും തെറ്റിയില്ല.

പത്ത് മിനുട്ടുകൾക്കകം ഗംഭീര ഗോളിലൂടെ ഒരു ക്രൊയേഷ്യൻ തിരിച്ചുവരവ്. ഇന്റർ മിലാന്റെ വിങ്ങറായ പെരിസിചിന്റെ ഇടം കാലൻ ഷോട്ടായിരുന്നു ക്രൊയേഷ്യയെ ഒപ്പം എത്തിച്ചത്. പക്ഷെ ആ സമനില നീണ്ടു നിന്നില്ല. കൃത്യം പത്തു മിനുട്ടിനപ്പുറം 38ആം മിനുട്ടിൽ വീണ്ടും ഒരു ഫ്രാൻസ് ഗോൾ. ഇത്തവണയും ക്രൊയേഷ്യ വരുത്തിയ വലിയ പിഴവിന്റെ വില. പെനാൾട്ടി ബോക്സിലെ ഹാൻഡ് ബോളായിരുന്നു പെനാൾട്ടിയിൽ കലാശിച്ചത്. ഗ്രീസ്മെൻ എടുത്ത പെനാൾട്ടി സുബാസിചിനെ മറികടന്ന് വലയിൽ. സ്കോർ 2-1

രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആണ് നന്നായി തുടങ്ങിയത് എങ്കിലും നേട്ടമുണ്ടായത് ഫ്രാൻസിന്. 59ആം മിനുട്ടിൽ പോൾ പോഗ്ബയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ക്രൊയേഷ്യൻ വലയിൽ. സ്കോർ 3-1. ക്രൊയേഷ്യൻ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. പിറകെ 65ആം മിനുട്ടിൽ എമ്പപ്പെയുടെയും ലോംഗ് റേഞ്ചർ വീണ്ടു സുബാസിചിനെ മറികടന്ന് പന്ത് വലയിൽ സ്കോർ 4-1. ഫ്രാൻസിന് ലോക കിരീടം ഏതാണ്ട് ഉറപ്പ്.

4 മിനുട്ടിനപ്പുറം ലോറിസിന്റെ അബദ്ധം മുതലാക്കി മാൻസുകിച് വലകുലുക്കി സ്കോർ 4-2 എന്നാക്കി ക്രൊയേഷ്യക്ക് പ്രതീക്ഷ നൽകി. പക്ഷെ അതിനു ശേഷം 90 മിനുട്ട് വരെ പൊരുതിയിട്ടും ഫ്രഞ്ച് ഡിഫൻസ് വീണില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 1998ന്റെ ആവർത്തനം. അന്ന് കളിക്കാരനായി കിരീടം ഉയർത്തി ദെസ്ചാമ്പിന് ഇന്ന് പരിശീലകനായി കിരീടത്തിൽ മുത്തം. ഫ്രാൻസ് ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial