ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകളെ ഇറക്കാൻ ശ്രമവുമായി ഫിഫ

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കാനുള്ള ശ്രമം തുടന്ന് ഫിഫ. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ മറ്റൊരു ഗൾഫ് രാജ്യം കൂടെ തയ്യാറായാൽ 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് ഖത്തറിൽ ഉണ്ടാവുമെന്നും ഫിഫ പ്രസിഡണ്ട് ജിയോവാനി ഇന്ഫന്റിനോ പറഞ്ഞു. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനുകളുടെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ൽ നടക്കുന്ന ലോകകപ്പിന് നേരത്തെ തന്നെ ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കി ഉയർത്താൻ ഫിഫ മുൻപ് തീരുമാനം എടുത്തിരുന്നു. ഖത്തറിൽ ഫിഫ 48 ടീമുകളെ വെച്ചുള്ള ലോകകപ്പ് ആണ് നടത്തുന്നതെങ്കിൽ ഏഷ്യയിൽ നിന്ന് ഇരട്ടി ടീമുകൾക്ക് പങ്കെടുക്കാനുള്ള അവസരം അതുവഴി ലഭ്യമാകും. ഇതുവരെ 4 ടീമുകൾ നേരിട്ടും ഒരു ടീം പ്ലേ ഓഫ് വഴിയുമാണ് ഏഷ്യയിൽ നിന്ന് യോഗ്യത കരസ്ഥമാക്കിയിരുന്നത്. 48 ടീമുകൾ ആണെങ്കിൽ ഏഷ്യയിൽ നിന്ന് 8 ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യത ഉറപ്പായുമുണ്ട്. ഗള്‍ഫ് മേഖലയില്‍ ഖത്തറും മറ്റു അറബ് രാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോളിനെ ബാധിക്കുന്നതല്ല എന്ന് ഊന്നി പറയുകയും ചെയ്തു ഫിഫ പ്രസിഡണ്ട്.