ഫാൻപോർട്ട് റഷ്യൻ ഡയറി : മൊറോക്കോയുടെ ഒരോയൊരു ഹക്കിം സീയെച്ച്

ഈ കുറിപ്പെഴുതുന്നത് റഷ്യയിൽ നിന്നാണ്. കൃത്യമായി പറഞ്ഞാൽ ലെനിൻഗ്രാസ്‌ക് റെയിൽവേ സ്റ്റേഷനിൽ നിന്നും തെല്ലു മാറിയുള്ള  Chernyshevsky സ്മാരകത്തിന് മുന്നിലെ ഒരു പാർക്ക്‌ ബെഞ്ചിലിരുന്ന്. മോസ്കൊയിൽ എത്തിയിട്ട് ഇന്ന് മൂന്നാം ദിവസം. ഞങ്ങൾ ടിക്കറ്റ് എടുത്തിരിക്കുന്നത് st.പീറ്റേഴ്സ്ബർഗിൽ ജൂൺ 15നു നടക്കുന്ന ഇറാനും മോറോകോയും തമ്മിലുള്ള  മത്സരം കാണാനാണ്. വേൾഡ് കപ്പ്‌ കാണാൻ റഷ്യയിൽ പോകുകയാണ് എന്നു കേട്ടപ്പോൾ ആവേശത്തോടെ പ്രതികരിച്ച മിക്ക ഫ്രണ്ട്സും, കാണുന്നത് ഇറാൻ vs മൊറോക്കോ കളി ആണെന്ന് കേട്ടപ്പോ, ‘വേറൊന്നും കിട്ടീലെ മോനെ നിനക്ക് ‘ എന്നു ചോദിച്ചിരുന്നു. കിട്ടിയത് ഇതാണ്, പക്ഷെ നിരാശയില്ല. കാരണം ഞങ്ങൾ ഹക്കിം സീയെച്ചിന്റെ പ്രകടനം ലൈവ് ആയി കാണാൻ പോകുന്നു. ഞാനിതു എഴുതുന്ന  സമയത്തു, ഏതാനും മാസങ്ങളായി കൂട്ടിഞ്ഞോക്കു ഒരു പകരക്കാരനെ തേടുന്ന ‘സ്വന്തം ലിവർപൂൾ ‘ സീയെച്ചിനെ വാങ്ങിയേക്കും എന്ന വാർത്തകൾക്ക് കനം വെക്കുകയാണ്.

ആരാണ് സീയെച്.?

നെതർലാൻഡിലെ ഡ്രോണ്റ്റണിൽ 1993 മാർച്ച്‌ 19 നു ആണ് സീയെച് ജനിച്ചത്. ഹോളണ്ടിനെയും മൊറോക്കോയെയും പ്രതിനിധീകരിക്കാൻ അർഹനാണെങ്കിലും സീയെച് തിരഞ്ഞെടുത്തത് മൊറോക്കോയെയാണ്. 2012 ഓഗസ്റ്റിൽ ഡച്ച് ലീഗിലെ SC Heerenveen എന്ന  ക്ലബ്ബിനു വേണ്ടിയായിരുന്നു  സീയെചിന്റെ സീനിയർ അരങ്ങേറ്റം. അവിടെ നിന്നും ട്വന്റിലേക്കും നാല് വർഷങ്ങൾക്കു ശേഷം ഡച്ച് ഭീമന്മാരായ അയാക്സിലേക്കും ട്രാൻസ്ഫർ. ട്വൻറിൽ വെച്ചാണ് സീയെച്ചിനെ ലോകം അറിഞ്ഞു തുടങ്ങിയത്.

സീയെച് ഒരു സെൻട്രൽ മിഡ്‌ഫീൽഡർ ആണ്. ഡച്ച് ഫുട്ബോൾ ലോകത്തിന്റെ കണ്ണിൽ പോയ വർഷം ഡച്ച് ലീഗിലെ ഏറ്റവും ക്രീയേറ്റീവ് ആയ പ്ലയെർ ആണ് സീയെച്. ഡ്രിബ്ലിങ് മികവും എത്ര കടുത്ത പ്രതിരോധവും അനായാസേന പിളർത്തുന്ന പാസുകൾ നെയ്‌തെടുക്കുന്ന അക കണ്ണും സീയെച്ചിനെ ഡച്ച്കാരുടെ പ്രിയങ്കരനാക്കി. സീയെച്ചിന്റെ മറ്റൊരു പ്രധാന മികവ് ഫ്രീ കിക്കുകൾ എടുക്കുന്നതിൽ ഉള്ള വൈദഗ്ധ്യമാണ്. ഈ കഴിഞ്ഞ സീസണിൽ അയാക്സിനായി 34 മത്സരങ്ങളിൽ നിന്നും 9 ഗോളുകളും 15 അസിസ്റ്റും സീയെച്ചിന്റെ ബൂട്ടിൽ നിന്നും പിറന്നു. ഡച്ച് ലീഗിൽ PSV ഐന്തോവന് നാല് പോയിന്റ് പിറകിൽ രണ്ടാമതായി ഫിനിഷ് ചെയ്ത അയാക്സിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ഊർജം സീയെച്ചിന്റെ പ്ലേ മേക്കിങ് മികവായിരുന്നു.

റഷ്യ കാത്തിരിക്കുകയാണ്. പ്രവചനീയതയുടെ വിരസതകളെ കാറ്റിൽ പറത്തുന്ന, ഫുട്ബാൾ എന്നാൽ മെസ്സി-നെയ്മർ -റൊണാൾഡോ ത്രയം അല്ലെന്നു ലോകത്തിനു കാട്ടിക്കൊടുക്കാൻ ചങ്കുറപ്പുള്ള, പുതിയ താരങ്ങൾക്കായി. വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു നിന്ന്, കുതിക്കാൻ  തയ്യാറെടുക്കുന്ന കറുത്ത കുതിരകൾക്കായി. മൊറോക്കോക്കും സീയെച്ചിനും അത് സാധിക്കുമോ. ഉത്തരം അറിയാൻ  കാത്തിരിക്കുന്നവരിൽ ഞങ്ങളും ഉണ്ട്.   St. പീറ്റേഴ്‌സ്ബർഗിലെ  ഗ്യാലറി എത്താൻ അക്ഷമയോടെ….

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് ഇന്നറിയാം
Next articleഫിനാൻഷ്യൽ ഫെയർ പ്ലേ : യുവേഫ ബാനിൽ നിന്നും പിഎസ്ജി രക്ഷപ്പെട്ടു