മിസ്രിലെ രാജാവിൽ ഈജ്പ്തിന്റെ പ്രതീക്ഷകൾ

മുഹമ്മദ് സലാഹ്! ഈജ്പ്ത് എന്ന രാജ്യം ഇന്ന് ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത് ഈ പേരിലാണ്. ലിവർപൂളിനായി സ്വപ്നതുല്യ പ്രകടനം ഈ സീസണിൽ പുറത്തെടുത്ത സലാഹിലാണ് ഈജ്പ്തിന്റെ പ്രതീക്ഷകൾ മുഴുവനും. 28 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മൂന്നാം ലോകകപ്പിന് തങ്ങൾക്ക്‌ യോഗ്യത നേടിതന്ന രാജാവിൽ അത്രത്തോളം വിശ്വാസമാണ് ഫറോവമാർക്ക്. ലോകകപ്പിൽ ആദ്യമായി രണ്ടാം റൗണ്ട് കാണൽ തന്നെയാവും ഗ്രൂപ്പ് എയിൽ ഈജ്പ്തിന്റെ ലക്ഷ്യം. മുഹമ്മദ് സലാഹ് താളം കണ്ടെത്തിയാൽ അതത്ര പ്രയാസമാവില്ലെന്നാണ് ഈജ്പ്ത് ആരാധകരുടെ പ്രതീക്ഷ. ഈ ലോകകപ്പിലെ ഏറ്റവും ഭ്രാന്തമായ ആരാധകപിന്തുണയാവും ഫറോവമാർക്ക് റഷ്യയിൽ ലഭിക്കുക. സലാഹിനൊപ്പം ലോകകപ്പ് ടിക്കറ്റ് വാങ്ങിയവരിൽ ഒന്നാമെതെന്ന് ഫിഫ പറഞ്ഞ ഈ ആരാധക കൂട്ടമാവും ഈജ്പ്തിന്റെ വലിയ ശക്തികളിലൊന്ന്.

സലാഹ് ആവേശമാണെങ്കിലും ഈജ്പ്തിന്റെ കളി അത്ര ത്രസിപ്പിക്കുന്നതെല്ല എന്നതാണ് യാഥാർത്ഥ്യം. മൗറീന്യോയെ പോലും നാണിപ്പിക്കുന്ന ബസാണ് അർജന്റീനക്കാരൻ കോച്ച് ഹെക്റ്റർ കൂപ്പർ ഈജ്പ്തിനായി ഒരുക്കുന്നത്. വലൻസിയെ മുമ്പ് രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച് പരിചയമുള്ള കൂപ്പർ ഈ പ്രതിരോധ ശൈലി കാരണം ആരാധകർക്ക് വില്ലനാണ് എന്നതാണ് വസ്തുത. ആഫ്രിക്കയിൽ നിന്ന് ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി ലോകകപ്പ് യോഗ്യത നേടിയതും ആഫ്രിക്കൻ നാഷൻസ് കപ്പിൽ രണ്ടാമതെത്തിയതും ഒന്നും ഈജ്പ്ത് കാണികളെ കൂപ്പറെ അവർക്ക്‌ പ്രിയപ്പെട്ടവനാക്കിയില്ല എന്നതാണ് വസ്തുത. എങ്കിലും ലോകകപ്പ് യോഗ്യതക്ക് സലാഹിനൊപ്പം കൂപ്പറിനാണ് ഈജ്പ്ത് നന്ദി പറയേണ്ടത്. പ്രതിരോധമാണ് ഈജ്പ്തിന്റെ കരുത്ത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് അവസാനം കളിച്ച 30 കളി കളിൽ ഒരിക്കൽ മാത്രമെ ഈജ്പ്ത് ഒന്നിലേറെ തവണ ഗോൾ വഴങ്ങിയിട്ടുള്ളു എന്ന വസ്തുത.

യുവത്വവും പരിചയസമ്പത്തും അടങ്ങിയതാണ് ഫറോവ സംഘം. ഒപ്പം സമ്മർദ്ദമില്ലാതെ കളിക്കാനും അവർക്കാകും. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമാവാനൊരുങ്ങുന്ന 45 കാരൻ ഗോൾ കീപ്പർ എസ്സം അൽ ഹാദരി ഈജ്പ്ത് വല കാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂട്ടായ പ്രതിരോധമാണ് ഈജ്പ്ത് ശക്തി. വെസ്റ്റ് ബ്രോം താരം അഹമ്മദ് ഹെഗാസിയും റാമി റാബിയയും നയിക്കുന്ന പ്രതിരോധം മറികടക്കാൻ സൗദിക്കും, ഉറുഗ്വക്കും, റഷ്യക്കും അധികം വിയർക്കേണ്ടി വരും എന്നുറപ്പാണ്. മധ്യനിരയിൽ ആർസനൽ താരം മുഹമ്മദ് എൽനെനിയും പരിചയസമ്പന്നനും ക്രിയേറ്റീവ് താരവുമായ 32 കാരൻ അബ്ദുള്ള സെയ്ദുമാണ് പ്രധാനികൾ. അബ്ദുള്ള സെയ്ദിന്റെ പ്രകടനം ഈജ്പ്തിന് വളരെ നിർണ്ണായകമാണ്.

മികച്ചൊരു നമ്പർ 9 ഈജ്പ്തിനില്ല എന്നതൊരു കുറവാണ്. എങ്കിലും മുന്നേറ്റത്തിൽ സലാഹിന് കൂട്ടായി വിങറായി തിളങ്ങാവുന്ന സ്റ്റോക് താരം റമദാൻ സോബി, കഹ്റബ, വേഗവും മികവും കാരണം യൂറോപ്പിലെ മികച്ച ക്ലബുകളുടെ നോട്ടപ്പുള്ളിയായ യുവതാരം മഹ്മോദ് ഹസ്സൻ ട്രെസെഗേ എന്നിവരുണ്ട്. എന്നാൽ പ്രീമിയർ ലീഗ് റെക്കോർഡ് ഗോൾ സ്കോററായ സലാഹിനെ ഈജ്പ്ത് അമിതമായി ആശ്രയിക്കുന്നു എന്നതൊരു വസ്തുതയാണ്. ഇതിന് തെളിവാണ് യോഗ്യത മത്സരങ്ങളിൽ ഈജ്പ്ത് നേടിയ ഗോളുകളിൽ 71 ശതമാനവും സലാഹിന്റെ ബൂട്ടിൽ നിനായിരുന്നു എന്ന വസ്തുത. സലാഹ് കരുത്താവുമ്പോൾ തന്നെ ഈ അമിതാശ്രയവും വലിയ സമ്മർദ്ദവും സലാഹ് റഷ്യയിൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഈജ്പ്തിന് വെല്ലുവിളിയാണ്.

ചിട്ടയായ പ്രതിരോധവും മുഹമ്മദ് സലാഹും ഈജ്പ്തിന് ലോകകപ്പിൽ മുന്നോട്ടുള്ള വഴി തെളിയിക്കും എന്നാണ് ആരാധക പ്രതീക്ഷ. സീസണിൽ മിന്നുന്ന ഫോമിലുള്ള ഈജ്പ്തിന്റെ പുതിയ രാജാവിൽ നിന്ന് അത്തരമൊരു പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് എ യിൽ സലാഹിനെ പൂട്ടുക, ഈജ്പ്ത് പ്രതിരോധം മറികടക്കുക എന്നീ 2 വലിയ കടമ്പകളാണ് റഷ്യക്കും, ഉറുഗ്വക്കും സൗദിക്കുമുള്ളത്. സലാഹയും കൂപ്പറിന്റെ ബസും ഈജ്പ്തിന് മുന്നോട്ട് വഴി തെളിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. എന്നിരുന്നാലും ചരിത്രത്തിൽ ആദ്യമായി ഈജ്പ്ത് ലോകകപ്പ് രണ്ടാം റൗണ്ട് കടക്കാൻ പുതിയ കാലത്തിന്റെ ഫറോവയിൽ നിന്ന് അത്ഭുതപ്രകടനം തന്നെ ഉണ്ടാവണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial