മാന്ത്രികൻ മോഡ്റിച്, ക്രോയേഷ്യൻ മധ്യനിരയുടെ ജീവൻ

- Advertisement -

ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ലൂക്ക മോഡ്റിച്. താരങ്ങൾ തിങ്ങി നിറഞ്ഞ അർജന്റീനൻ ആക്രമണ നിരയെ ഭയക്കാതെ ക്രൊയേഷ്യ ലോകകപ്പിൽ എതിരില്ലാത്ത 3 ഗോളിന് ജയം കണ്ടപ്പോൾ ചുക്കാൻ പിടിച്ചത് ഈ റയൽ മാഡ്രിഡ് മിഡ്ഫീൽഡറായിരുന്നു.

മധ്യനിരയിൽ കളി മെനഞ്ഞും പ്രതിരോധനിരയിൽ ആവശ്യം വന്നപ്പോഴോക്കെ സഹായിയായും മോഡ്റിച് കളം നിറഞ്ഞപ്പോൾ നിഷ്പ്രഭമായത് ലയണൽ മെസ്സിയെന്ന അർജന്റീനൻ ക്യാപ്റ്റൻ ആയിരുന്നു. മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താനാവാതെ മെസ്സി കളം വിട്ടപ്പോൾ മോദ്റിച് കളം വിട്ടത് ഒരു ഗോളും ,2 ടാക്കിളും, 2 കീ പാസുകളും അടക്കം മികച്ച പ്രകടനവുമായിട്ടാണ്.

80 ആം മിനുട്ടിൽ അർജന്റീനൻ പ്രതിരോധക്കാരെ നിഷ്പ്രഭമാക്കിയാണ് താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് വലയിൽ പതിച്ചത്. അർജന്റീനയുടെ അവസാന പ്രതീക്ഷകൾക്ക് മേൽ ഇടിത്തീ പോലെ വീണ നല്ല ഒന്നാം തരം ഗോൾ. ആദ്യ പകുതിയിൽ താരം നൽകിയ പാസ്സ് ഗോളക്കാൻ ആന്ദ്രേ റബിച്ചിന് സാധിക്കാതെ പോയത് കൊണ്ട് മാത്രമാണ് അർജന്റീന ആദ്യ പകുതിയിൽ പിറകിലാകാതെ പോയത്.

ക്രോയേഷ്യൻ ക്ലബ്ബായ ഡിനാമോ സാഗ്രബിലൂടെ സീനിയർ കരിയർ ആരംഭിച്ച മോദ്റിച് 2008 ഇൽ ടോട്ടൻഹാമിൽ എത്തിയതോടെയാണ് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നത്. സ്പർസിന്റെ എതിരാളികളായ ചെൽസി താരത്തിന് 40 മില്യൺ വില വരെ നൽകാൻ തയ്യാറായെങ്കിലും സ്പർസ് ചെയർമാൻ ലണ്ടനിൽ തന്നെയുള്ള മറ്റൊരു ടീമിന് താരത്തെ വിൽക്കാൻ തയ്യാറായില്ല. പക്ഷെ 2012 ഇൽ ഏതാണ്ട് 30 മില്യൺ യൂറോയോളം നൽകി റയൽ താരത്തെ മാഡ്രിഡിൽ എത്തിച്ചു.

സാബി ആലോൻസോയും , സാമി കെദീരയും ഓസിലും അടങ്ങുന്ന റയൽ മധ്യനിരയിൽ താരത്തിന് പക്ഷെ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ആദ്യ സീസണിൽ അവസരങ്ങൾ ലഭിച്ചപോയൊന്നും മികച്ച പ്രകടനം നടത്താൻ താരത്തിന് ആയതുമില്ല. പക്ഷെ പതുക്കെ റയൽ ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയ താരത്തിന് പിന്നീട് ഇതുവരെ തന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിലെ മാറ്റം ഏറ്റവും നന്നായി പ്രാവർത്തികമാക്കുന്ന മോഡ്റിച് അർജന്റീനക്കെതിരായ പ്രകടനം നോകൗട്ട് ഘട്ടത്തിലും തുടർന്നാൽ ക്രോയേഷ്യക്ക് ഈ ലോകകപ്പിൽ ഏറെ ദൂരം സഞ്ചരിക്കാനാവും എന്നത് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement