പുരുഷ, വനിത ടീമുകൾക്ക് ഒപ്പം ലോകകപ്പിൽ എത്തുന്ന ആദ്യ പരിശീലകൻ ആയി ജോൺ ഹെർഡ്മാൻ

Johnherdman

പുരുഷ, വനിത ടീമുകളെ ഫിഫ ലോകകപ്പിൽ പരിശീലിപ്പിക്കുന്ന ആദ്യ പരിശീലകൻ ആയി കാനഡ പരിശീലകൻ ജോൺ ഹെർഡ്മാൻ. ഇംഗ്ലീഷുകാരനായ ഹെർഡ്മാൻ വളരെ ചെറുപ്പത്തിൽ തന്നെ കോച്ചിങ് രംഗത്തു എത്തിയ ആളാണ്. ന്യൂസിലാൻഡ് യൂത്ത് ടീമിന്റെ പരിശീലകൻ ആയ ശേഷം സീനിയർ ടീമിൽ 2006 ൽ എത്തിയ അദ്ദേഹം 2007, 2011 ഫിഫ വനിത ലോകകപ്പുകളിൽ അവരെ പരിശീലിപ്പിച്ചു. തുടർന്ന് 2011 ൽ കാനഡ വനിത ടീം പരിശീലകൻ ആയി അദ്ദേഹം എത്തി. 2012, 2016 ഒളിമ്പിക്‌സുകളിൽ കാനഡ ടീമിന് വെങ്കലം സമ്മാനിച്ച അദ്ദേഹം അവർക്ക് ഒപ്പം 2015 ലോകകപ്പിലും പങ്കെടുത്തു.

കാനഡ വനിത ടീമിൽ കൊണ്ടു വന്ന മാറ്റങ്ങൾ അദ്ദേഹത്തിന് 2018 ൽ പുരുഷ ടീമിന്റെ ചുമതലയും കാനഡയുടെ ചരിത്രത്തിലെ ആദ്യ പുരുഷ ടീമിന്റെ ഫുട്‌ബോൾ ഡയറക്ടർ എന്ന പദവിയും നേടി നൽകി. 2021 ൽ 72 റാങ്കിൽ നിന്ന് കാനഡയെ 33 റാങ്കിലേക്ക് എത്തിച്ച അദ്ദേഹം കനേഡിയൻ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റം ആണ് വരുത്തിയത്. സുവർണ തലമുറ യുവതാരങ്ങളെ വച്ച് നീണ്ട 36 വർഷങ്ങൾക്ക് ശേഷം ചരിത്രത്തിൽ വെറും രണ്ടാം തവണ കാനഡക്ക് ലോകകപ്പ് യോഗ്യതയും അദ്ദേഹം നേടി നൽകി. ഇന്നലെ ബെൽജിയത്തെ ലോകകപ്പിൽ നേരിട്ട കാനഡയുടെ യുവനിര സൂപ്പർ താരനിരയും എത്തിയ ബെൽജിയത്തെ വിറപ്പിച്ചു ആണ് കീഴടങ്ങിയത്. അൽഫോൺസോ ഡേവിസ് പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ ഒരു ഗോളിന് ആയിരുന്നു കാനഡയുടെ പരാജയം.