സുവാരസിനെ കടിക്കാം, സാലയെ പൂട്ടാൻ റാമോസിന്റെ തന്ത്രവും – റഷ്യൻ ഡിഫൻഡറുടെ പ്ലാൻ

- Advertisement -

ലോകകപ്പിൽ റഷ്യയുടെ എതിരാളികളായി എത്തുന്ന ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാരായ സുവാരസിനെയും മൊഹമ്മദ് സാലയേയും താൻ പേടിക്കുന്നില്ല എന്ന് റഷ്യൻ ഡിഫൻഡർ ഇല്യ കുപെറ്റോവ്. രണ്ട് താരങ്ങളെയും തടയാൻ ആകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. സുവാരസിനെ എനിക്ക് പേടിയില്ല. വേണമെങ്കിൽ സുവാരസിനെ തടയാൻ വേണ്ടി കടിക്കാനും തനിക്ക് കഴിയുമെന്ന് കുപെറ്റോവ് പരിഹസിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

സാലയെ എങ്ങനെ തടയുമെന്ന ചോദ്യത്തിന് അതിനൊരു വഴി റാമോസ് കാണിച്ചു തന്നിട്ടുണ്ടല്ലോ എന്നായിരുന്നു കുപെറ്റോവിന്റെ മറുപടി. അങ്ങനെയൊരു മാർഗം പരീക്ഷിച്ച് നോക്കാമെന്നും തമാശയായി കുപെറ്റോവ് പറഞ്ഞു. സാലയ്ക്ക് ചാമ്പ്യൻസ് ലീഗിൽ പരിക്കേൽക്കുന്നത് കണ്ട് തനിക്ക് സങ്കടമായെന്ന് തമാശ മാറ്റിവെച്ച് പറഞ്ഞ റഷ്യൻ ഡിഫൻഡർ സാലയെ പോലുള്ള ജീനിയസിനെ നേരിടുന്നത് തന്നെ മെച്ചപ്പെട്ട ഡിഫൻഡറാക്കി മാറ്റാൻ ഉപകരിക്കും എന്നും കൂട്ടിച്ചേർത്തു.

ഈജിപ്ത്, ഉറുഗ്വേ, സൗദി അറേബ്യ എന്നീ ടീമുകൾക്കൊപ്പം ആണ് ആതിഥേയരായ റഷ്യ ലോകകപ്പിൽ പോരിനിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement