ലോകകപ്പ് പരാജയത്തിൽ ആരാധകരുടെ ഭീഷണി, 23കാരനായ ഇറാൻ താരം അസ്മൗൻ വിരമിച്ചു

- Advertisement -

ഇറാൻ ഫുട്ബോളിലെ ഏറ്റവും വലിയ പ്രതീക്ഷയായ യുവതാരം സർദാർ അസ്മൗൻ വിരമിച്ചു. 23കാരനായ താരം ശക്തമായ വിമർശനങ്ങളായിരുന്നു ഇറാൻ ആരാധകരിൽ നിന്ന് നേരിടേണ്ടി വന്നത്. അവസാന രണ്ട് മത്സരങ്ങളിൽ അസ്മൗൻ മികച്ചു നിന്നു എങ്കിലും ഇറാൻ ആരാധകർ സാമൂഹിക മാധ്യമങ്ങൾ വഴി താരത്തിന് വധഭീഷണി വരെ മുഴക്കിയിരുന്നു. ഇറാൻ ഗ്രൂപ്പ് ഘട്ടം കടക്കാത്തതും അതിന്റെ വിമർശനങ്ങളും തന്റെ മാതാവിനെ തളർത്തിയെന്ന് പറഞ്ഞാണ് അസ്മൗൻ ഇപ്പോൾ വിരമിച്ചിരിക്കുന്നത്.

നാല് മാസങ്ങൾക്ക് അപ്പുറം ഏഷ്യാ കപ്പ് വരാനിരിക്കെ അസ്മൗന്റെ വിരമിക്കൽ ഇറാൻ ഫുട്ബോളിന് തന്നെ വലിയ തിരിച്ചടിയാകും. കഴിഞ്ഞ ദിവസം മറ്റൊരു സ്ട്രൈക്കറായ റേസ ഗൂചെന്ന്ഹാദും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ഇറാൻ ഫുട്ബോളിന്റെ മുഖമായി അസ്മൗൻ മാറിയിരുന്നു. കാർലോസ് കൂരസിന്റെ ഡിഫൻസീവ് ടാക്ടിക്സിൽ കളിച്ചിട്ടും 36 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ ഇറാനായി നേടാൻ താരത്തിനായി.

റൂബിൻ കസാനിന്റെ താരമായ അസ്മൗൻ ഇനി ക്ലബ് ഫുട്ബോളിൽ മാത്രമെ ഉണ്ടാകു എന്നാണ് പറയുന്നത്. അലി റെസയെ പോലുള്ള താരങ്ങൾ നേരത്തെ അസ്മൗനെതിരായി വിമർശനങ്ങൾ വന്നപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇനി ഈ താരങ്ങളൊക്കെ ഇടപെട്ട് അസ്മൗന്റെ വിരമിക്കൽ തീരുമാനം മാറ്റുമെന്നാണ് ഇറാൻ ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement