മിശിഹായുടെ രണ്ടാം വരവ്; കനകക്കിരീടത്തിൽ മുത്തമിടാൻ അർജന്റീന, ചരിത്രം രചിക്കാൻ ഫ്രാൻസ്

Nihal Basheer

Picsart 22 12 18 00 25 14 808
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകം മുഴുവൻ ഫുട്ബോളിലേക്ക് ചുരുങ്ങുന്ന ആ ദിവസം വന്നെത്തി. ആവേശത്തെ മുഴുവൻ ഒരു തമോർഗത്തമെന്നോണം ഉള്ളിലേക്ക് ആവാഹിക്കാൻ കഴിവുള്ള കാൽപന്ത് അതിന്റെ പുതിയ ലോകചാമ്പ്യനെ തേടുമ്പോൾ കണ്ണുകളെല്ലാം ഒരാളിലേക്കാണ്. എട്ട് വർഷം മുൻപ് മറ്റൊരു ഫൈനൽ ദിനത്തിൽ കരഞ്ഞ കണ്ണുകളുമായി കളം വിട്ട ലയണൽ മെസ്സി.

എല്ലാം നേടിയിട്ടും, ലോകത്തെ എക്കാലത്തെയും മികച്ച താരമായിട്ടും എന്നും അകന്ന് നിന്ന് ആ കിരീടം സ്വന്തമാക്കാൻ വീണ്ടുമൊരു സുവർണാവസരം ഇതിഹാസ താരത്തിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. ഒരു പക്ഷെ കിരീടം നേടാൻ ഉള്ള അവസാന അവസരം കൂടിയാണ് മുപ്പത്തിയഞ്ചുകാരന്റെ മുന്നിൽ ഉള്ളത്. എതിരാളികളായ ഫ്രഞ്ച് പട ആവട്ടെ, അറുപത് വർഷങ്ങൾക്ക് ശേഷം കിരീടം നിലനിർത്തുന്ന മൂന്നാമത്തെ മാത്രം ടീം ആയി ചരിത്രത്തിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ്.

20221218 002149

പ്രതിഭാസമ്പന്നമാണ് ഫ്രഞ്ച് പട. പരിക്കേറ്റ വമ്പൻ താരങ്ങൾ കൃത്യമായ പകരക്കരെ എത്തിക്കാൻ അവർക്ക് തെല്ലും അമാന്തിക്കേണ്ടി വന്നില്ല. ചൗമെനി അടക്കമുള്ള യുവതാരങ്ങളെ ടീമുമായി ഇണക്കി ചേർത്ത് മികച്ച പ്രകടനം പുറത്തേടുക്കാൻ ദെഷാംപ്സിന്റെ തന്ത്രങ്ങൾക്കായി. കൂടാതെ എമ്പാപ്പെ അടക്കമുള്ള മുന്നേറ്റം ആരെയും ഭയപ്പെടുത്തുന്നതാണ്. ഹെഡറുകൾ വർഷിക്കാൻ ജിറൂഡും, അതിവേഗവുമായി ഡെമ്പലേയും കൂടി ചേരുമ്പോൾ അർജന്റീന ഡിഫെൻസിന് പിടിപ്പത് പണി ആവും.

ടൂർണമെന്റിൽ ഉടനീളം കളം നിറഞ്ഞു കളിച്ച്, ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരമായ ഗ്രീസ്മാനിലും അർജന്റീന പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. പല താരങ്ങൾക്കും ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇവർ പരിശീലനം പുനരാരംഭിച്ചത് ഫ്രാൻസിന് ശുഭ സൂചനയാണ്. കുണ്ടെയും വരാനേയും തിയോ ഹെർണാണ്ടസും കൂടെ കോനാട്ടയോ ഉപമെങ്കാനോയോ വരുമ്പോൾ അതി ശക്തമാണ് ഫ്രഞ്ച് ഡിഫെൻസ്. എങ്കിലും പ്രതിരോധം പലപ്പോഴായി വരുത്തുന്ന ചെറിയ വീഴ്ചകൾ തുടർന്നാൽ അവർക്ക് വലിയ വില കൊടുക്കേണ്ടി വരും. പോസ്റ്റിന് കീഴിൽ ലോറിസിന്റെ സാന്നിധ്യം കൂടി ആവുമ്പോൾ വീണ്ടുമൊരു കിരീടം ദെഷാംപ്സും സംഘവും സ്വപ്നം കാണുന്നുണ്ടാവും.

Picsart 22 12 17 00 30 43 835

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തിയാണ് അർജന്റീനയുടെ വരവ്. തോൽവിയോടെ തുടങ്ങിയ ലോകകപ്പിൽ നീലപ്പടയുടെ പ്രഹരശേഷി ക്രൊയേഷ്യക്കെതിരെ അതിന്റെ പരകോടിയിൽ എത്തി. ഖത്തറിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായ ഗ്വാർഡിയോളിനെ മറികടന്ന് മെസ്സി നൽകിയ അസിസ്റ്റ് താരത്തിന്റെ നിലവിലെ ഫോമിന് അടിവരയിടുന്നതാണ്. ഇത് ടീമിന് നൽകുന്ന ഊർജം ചെറുതല്ല. വമ്പൻ താരങ്ങൾ നിറഞ്ഞ ഫ്രഞ്ച് ആക്രമണത്തെ തടുക്കാൻ സ്കലോണി മെനയുന്ന തന്ത്രങ്ങൾ ആവും മത്സരത്തിൽ നിർണായകമാവാൻ പോവുന്നത്. വിങ്ങുകളിലൂടെയുള്ള നീക്കങ്ങൾക്ക് തടയിടാൻ ഒരിക്കൽ കൂടി മൂന്ന് സെന്റർ ബാക്കുകളെ അണിനിരത്താൻ അർജന്റീനൻ കോച്ച് മുതിർന്നേക്കും.

Picsart 22 12 18 00 25 26 479

ഗ്രീസ്മാന് തടയിടാൻ പരഡെസിന്റെ സഹായവും തേടും. ഒരിക്കൽ കൂടി ഡി മരിയ ബെഞ്ചിൽ നിന്നും മത്സരം ആരംഭിക്കും. എന്നും അതിനിർണായക പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ഡി മരിയയിൽ നിന്നും വീണ്ടുമൊരു മാജിക് ടീം പ്രതീക്ഷിക്കുന്നുണ്ട്. പോസ്റ്റിന് കീഴിൽ മാർട്ടിനസിന്റെ വിശ്വസ്തകരങ്ങളും ടീമിന് പ്രതീക്ഷ നൽകുന്നു. എല്ലാത്തിനും അപ്പുറം ഏതു കെട്ടും പൊട്ടിക്കാനുള്ള ലയണൽ മെസ്സിയുടെ സാന്നിധ്യം കൂടി ആവുമ്പോൾ എട്ട് വർഷം മുൻപ് കയ്യകലെ നഷ്ടമായ കനക കിരീടം ഇത്തവണ കൈപിടിയിൽ ഒരുക്കാം എന്നു തന്നെ ആവും അർജന്റീന സ്വപ്നം കാണുന്നത്.

ഞായറാഴ്ച വൈകീട്ട് 8.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന മത്സരം ആരംഭിക്കുന്നത്