നൈജീരിയൻ ബാധ വിട്ടൊഴിയാതെ അർജന്റീന

- Advertisement -

ലോകകപ്പിൽ നൈജീരിയയെ ഒഴിവാക്കാനാവാതെ അർജന്റീന. ഇന്നലെ റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് മത്സരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നതോടെ അർജന്റീനയും നൈജീരിയയും ഇത്തവണയും ഒരേ ഗ്രൂപ്പിൽ. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് അർജന്റീനയും നൈജീരിയയും ഒരു ഗ്രൂപ്പിൽ അകപ്പെടുന്നത്. 1994, 2002, 2010, 2014, 2018 ലോകകപ്പുകളിലാണ് നൈജിരീയയും അർജന്റീനയും ഒരേ ഗ്രൂപ്പിൽ എത്തിപ്പെട്ടത്.

ലോകകപ്പിൽ അർജന്റീനയോട് നാല് മത്സരങ്ങൾ കളിച്ചെങ്കിലും എല്ലാ മത്സരങ്ങളിലും നൈജീരിയ അർജന്റീനയോട് പരാജയപ്പെടുകയാണുണ്ടായത്. 2014 ൽ ബ്രസീലിൽ നടന്ന ടൂർണമെന്റിൽ മെസ്സി നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിൽ അർജന്റീന 3-2 നു വിജയിച്ചിരുന്നു. നൈജീരിയക്ക് വേണ്ടി അഹമ്മദ് മുസ രണ്ട് ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റോഹോ നേടിയ ഗോളിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു.

2010ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധിരോധ താരം ഗബ്രിയേൽ ഹെയ്ൻസ് നേടിയ ഏക ഗോളിൽ അർജന്റീന വിജയിക്കുകയായിരുന്നു. 2002ലും ഒരു ഗോളിനാണ് അർജന്റീന ജയിച്ചു കയറിയത്. ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.  1994ൽ 2-1നാണ് അർജന്റീന മത്സരം കൈപിടിയിലാക്കിയത്. സാംസൺ സിയാസിയയിലൂടെ നൈജീരിയ ആദ്യം ഗോൾ നേടിയെങ്കിലും ക്ലോഡിയോ കനീജിയ നേടിയ ഇരട്ട ഗോളിൽ അർജന്റീന നൈജീരിയയെ മറികടക്കുകായായിരുന്നു.

അവസാനമായി ഇരു ടീമുകളും നവംബറിൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയെ ഞെട്ടിച്ച് നൈജീരിയ വിജയിച്ചിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന ആദ്യ പകുതിയിൽ 2-0 മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ അർജന്റീനയെ നിലംപരിശാക്കി 4 ഗോൾ നേടി മത്സരത്തിൽ നൈജീരിയ വിജയിക്കുകയായിരുന്നു.

ഗ്രൂപ്പ് ഡിയിൽ അർജന്റീനക്കും നൈജീരിയക്കും ഒപ്പം കഴിഞ്ഞ യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഐസ്‌ലൻഡും ക്രൊയേഷ്യയുമാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement