തോൽക്കാൻ മനസില്ലാത്ത ക്രോട്ട് വീര്യം, ഫൈനൽ ഉറപ്പിക്കാൻ അർജന്റീന

Nihal Basheer

Picsart 22 12 13 01 49 51 648
Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ ഒരിക്കൽ കൂടി ക്രൊയേഷ്യയും അർജന്റീനയും ലോകകിരീടത്തിനായുള്ള ഫൈനൽ മത്സരത്തിൽ വിളിപ്പാടകലെ എത്തി നിൽക്കുന്നു. കഴിഞ്ഞ ലോകകപ്പുകളിലെ രണ്ടാം സ്ഥാനക്കാരാണ് ഇത്തവണ ഖത്തറിൽ ആദ്യ സെമിയിൽ നേർക്കുനേർ വരുന്നത്. സ്വപ്ന സാഫല്യത്തിന് കൈയ്യകലെ എത്തി മോഹഭംഗം രുചിച്ച ഇരു ടീമുകളിൽ ഒന്നിന് പക്ഷെ, ഇത്തവണയും കണ്ണീർ രുചിച്ചേ തീരൂ. എക്കാലത്തെയും മികച്ച താരമായി കൊണ്ടാടുന്ന മെസ്സിയുടെ കരിയറിൽ, അവസാനത്തെ പൊൻതൂവൽ ചാർത്താനുള്ള പ്രയാണത്തിൽ ഒരുപടി കൂടി അടുക്കാൻ അർജന്റീന ഇറങ്ങുമ്പോൾ, കഴിഞ്ഞ ലോകകപ്പിലെ മികച്ച താരമായ മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ഫൈനൽ ആണ് ലക്ഷ്യമിടുന്നത്.

20221213 014812

ഇച്ഛാശക്തിയാണ് ക്രൊയേഷ്യയുടെ കരുത്ത്. ബ്രസീലിനെതിരെ ക്വർട്ടറിൽ എക്സ്ട്രാ ടൈമിൽ ഗോൾ വഴങ്ങിയിട്ടും ഒട്ടും പതറാതെ ഗോൾ മടക്കാൻ സാധിച്ചതും അത് കൊണ്ട് തന്നെ. കഴിഞ്ഞ ദിവസം അഭിമുഖത്തിൽ സംസാരിച്ച മോഡ്രിച്ച് പറഞ്ഞ പോലെ, മാഡ്രിഡ് ഡിഎൻഎ ആണ് ക്രൊയേഷ്യൻ ടീമിനും ഉള്ളത്. മത്സരത്തിന്റെ അവസാന നിമിഷം വരെ കൈമെയ്‌ മറന്ന് പോരാടാൻ ഉള്ള ഈ വീര്യം തന്നെയാണ് അവരെ അപകടകാരികൾ ആക്കുന്നതും. പതിവ് പോലെ അനുഭവസമ്പത്താർന്ന മധ്യനിര വഴി കളി കൈപ്പിടിയിൽ ഒതുക്കാൻ തന്നെയാകും ക്രൊയേഷ്യയുടെ നീക്കം. കീപ്പർ ലിവാക്കോവിച്ചിന്റെ ഫോമും തുണയാണ്. ലോവ്രനും ഗ്വാർഡിയോളും അടങ്ങിയ പ്രതിരോധ നിരയും ഫോമിൽ തന്നെ. മെസ്സിക്ക് തടയിടാൻ ബ്രോൺസോവിച്ചിനെയോ കോവാസിച്ചിനെയോ ഡാലിച്ച് ചുമലതപ്പെടുത്തിയേക്കും. അവസാന രണ്ടു മത്സരങ്ങളും പെനാൽറ്റിയിലേക്ക് നീട്ടിയ ടീമിന് പക്ഷെ അർജന്റീനക്കെതിരെ മറ്റു തന്ത്രങ്ങൾ പ്രയോഗിച്ചേക്കും.

ആത്മവിശ്വാസത്തിലാണ് അർജന്റീന. കൊണ്ടും കൊടുത്തും പോരാടി നെതർലാന്റ്സിനെതിരെ നേടിയ വിജയം ടീമിന് മാനസികമായി കരുത്ത് പകരുന്നുണ്ട്. പൊതുവെ ശാന്തനായ മെസ്സിയുടെ തന്നെ ശരീര ഭാഷയിൽ നിന്നും ഇത് വ്യക്തമാണ്. ഇതേ ഊർജത്തോടെ ആവും ക്രൊയേഷ്യക്കെതിരെയും സ്‌കലോണി ടീമിനെ അണിനിരത്തുന്നത്. നെതർലാന്റ്സിനെതിരെ പ്രയോഗിച്ച മൂന്ന് സെൻട്രൽ ബാക്കുകൾ ഉള്ള ഫോർമേഷൻ ടീമിന് അക്രമണത്തിലും മേൽകൈ നേടുന്നുണ്ട്. അതിവേഗ വിങ്ങർമാർ ഇല്ലാത്ത കുറവ് മോളിനയും അക്യുണയും ഒരു പരിധിവരെ മറികടക്കാൻ സഹായിച്ചു. ഇരുവരും പാർശ്വങ്ങളിലൂടെ എത്തുന്നത് ക്രൊയേഷ്യക്ക് തലവേദന സൃഷ്ടിക്കും.

Picsart 22 12 12 21 41 30 985

എന്നാൽ പതിവ് പോലെ സ്‌കലോണി ഏത് തരത്തിൽ ടീം ഇറക്കും എന്നത് പ്രവചനാതീതം തന്നെ. പ്രതിരോധ നിരയും ഫോമിലാണ്. പോസ്റ്റിന് കീഴിൽ മാർട്ടിനസിന്റെ വിശ്വസ്ത കരങ്ങളും ഒരിക്കൽ കൂടി തുണക്കെത്തിയാൽ മോഡ്രിച്ചിനെയും സംഘത്തെയും പിടിച്ചു കെട്ടുന്നത് അപ്രാപ്യം ആവില്ല. നെതർലാന്റ്സ് അവസാന നിമിഷം നേടിയ ഗോളുകൾ സ്‌കലോണിക്ക് ചിന്തിക്കാൻ വക നൽകുന്നതാണ്, പ്രത്യേകിച്ചു അത് പോലെ അവസാന നിമിഷങ്ങളിലെ ബ്രസീലിന്റെ ആലസ്യം മുതലെടുത്തു വരുന്ന ടീം കൂടി എതിരെ വരുമ്പോൾ.

ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.