കണക്കുകൾ തെളിയിക്കും, അർജന്റീന എത്രത്തോളം മെസ്സിയെ ആശ്രയിക്കുന്നെന്ന്

- Advertisement -

മെസ്സി തന്റെ രാജ്യാന്തര മത്സരങ്ങളിൽ നിന്നുമുള്ള വിരമിക്കലിൽ നിന്നും തിരിച്ചു വന്നില്ലായിരുന്നു എങ്കിൽ, ഒരുപക്ഷെ അർജന്റീനക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കണ്ണീരായിരിക്കും റഷ്യൻ ലോകക്കപ്പ് നല്കയിട്ടുണ്ടാവുക. ലോകക്കപ്പിനു യോഗ്യത പോലും നേടിയിട്ടുണ്ടാവില്ല മെസ്സി തിരിച്ചു വന്നില്ലായിരുന്നു എങ്കിൽ. കണക്കുകൾ സൂചിപ്പിക്കുന്നതും അങ്ങനെ തന്നെയാണ്, അർജന്റീന എന്ന ടീം എത്രത്തോളം മെസ്സിയുടെ ചുമലിൽ ആണെന്ന് കണക്കുകൾ തെളിയിക്കുന്നു.

മെസ്സി ഇല്ലാത്ത ഇറങ്ങിയ 8 ലോകക്കപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നും അർജന്റീന നേടിയത് വെറും 7 പോയിന്റുകൾ ആയിരുന്നു. ഒരു സമയത്ത് CONMEBOL ലോകക്കപ്പ് യോഗ്യതാ പട്ടികയിൽ പത്തിൽ ഏഴാം സ്ഥാനത്ത് വരെ എത്തിയിരുന്നു അർജന്റീന. തുടർന്ന് മെസ്സി കളിച്ച പത്തു മത്സരങ്ങളിൽ അർജന്റീന നേടിയത് 21 പോയിന്റുകൾ ആയിരുന്നു. ഈ സമയത്തു ബ്രസീൽ നേടിയത് 24 പോയിന്റുകൾ ആയിരുന്നു. അതായത് ബ്രസീലിനു പിറകിൽ രണ്ടാം സ്ഥാനത്തു മാത്രമായിരുന്നു അർജന്റീന.

മെസ്സി തിരിച്ചു വന്നിട്ടും അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു അർജന്റീനക്ക്. ഇക്വോഡറിനെതിരായ മത്സരത്തിൽ മെസ്സി നേടിയ ഹാട്രിക് ആണ് അർജന്റീനയെ രക്ഷിച്ചെടുത്തത്. ആദ്യ മിനിറ്റിൽ തന്നെ ഇക്വോഡർ ഗോൾ നേടി എങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം കണ്ടത്.


18 മത്സരങ്ങളിൽ അർജന്റീന നേടിയത് വെറും 19 ഗോളുകൾ ആയിരുന്നു, അതിൽ ഏഴെണ്ണവും പിറന്നത് മെസ്സിയുടെ ബൂട്ടിൽ നിന്നുമാണ്. ബാക്കിയുള്ള അർജന്റീന താരങ്ങളിൽ ഒരാൾ പോലും രണ്ടു ഗോളുകളിൽ കൂടുതൽ നേടിയിട്ടില്ല. രണ്ടു ഗോളുകൾ നേടിയ ഡിമരിയ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഇകാർഡിക്ക് പകരം ടീമിൽ ഇടം നേടിയ ഹിഗ്വേയ്‌ൻ ഒരു ഗോൾ മാത്രമാണ് നേടിയത്. അഗ്യൂറോ ആവട്ടെ ഒരു ഗോൾ പോലും സ്‌കോർ ചെയ്തിട്ടില്ല.

മെസ്സിക്ക് പുറമെ മറ്റൊരാൾ കൂടെ ഗോൾ ലക്ഷ്യം നേടേണ്ടിവരുമെന്ന് വ്യക്തമാണ്.
ഇതുവരെ അർജന്റീനക്ക് വേണ്ടി മേജർ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ ഒന്നും പുറത്തെടുക്കാതെ അഗ്യൂറോക്ക് തന്റെ കഴിവ് പുറത്തെടുക്കാനുള്ള മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മെസ്സിക്കും ബാറ്റിസ്റ്റ്യൂട്ടക്കും പിന്നിൽ അർജന്റീനയുടെ ഗോൾ സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അഗ്യൂറോ ഉള്ളത്. ലോകക്കപ്പ് യോഗ്യതാ റൗണ്ടിലെ പോലെ തന്നെ മെസ്സിയുടെ ചുമലിൽ തന്നെയാണ് അർജന്റീന എങ്കിൽ ആരാധകർക്ക് വലിയ പ്രതീക്ഷ ഒന്നും ലോകക്കപ്പിൽ വെക്കേണ്ടതില്ല എന്ന് വ്യക്തമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement