
ജർമ്മൻ പരിശീലകൻ ലോയുടെ ടീം തിരഞ്ഞെടുപ്പിൽ ഇത്രയും വലിയൊരു ഒഴിവാക്കൽ ഉണ്ടാകുമെന്ന് ആരും കരുതിയില്ല. ജർമ്മൻ നിരയിൽ ഇപ്പോഴത്തെ ഫോം വെച്ച് ഏറ്റവും മികച്ച വിങ്ങർ എന്ന് സംശയങ്ങളില്ലാതെ പറയാൻ കഴിയുന്ന യുവതാരം ലെറോയ് സാനെ റഷ്യയിലേക്ക് ജർമ്മൻ സംഘത്തിനൊപ്പം വിമാനം കയറില്ല. സാനെയ്ക്ക് ഇടം ഇല്ലാത്ത ജർമ്മൻ നിരയിൽ ഇടംപിടിച്ചിരിക്കുന്നത് ജുലിയാൻ ബ്രാൻഡിറ്റും, മരിയോ ഗോമസും ഒക്കെയാണ്.
ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു സാനെ. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ മികച്ച യുവതാരത്തിനുള്ള അവാർഡും സാനെ സ്വന്തമാക്കിയിരുന്നു. സിറ്റിയുടെ വിങ്ങുകളിൽ സാനെ നടത്തിയ പ്രകടനം ജർമ്മൻ കുപ്പായത്തിലും കാണാം എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് ഇത് തീരാ നഷ്ടമാകും. ജർമ്മൻ ലീഗിന് മാത്രം വിലകൊടുത്ത് കൊണ്ടുള്ള ലോയുടെ ടീം തിരഞ്ഞെടുപ്പ് ചാമ്പ്യന്മാരെ തിരിഞ്ഞുകൊത്തിയേക്കാം.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 14 ഗോളുകളും 15 അസിസ്റ്റും സാനെ സ്വന്തമാക്കിയിരുന്നു. ലീഗ് കപ്പും റെക്കോർഡ് പോയന്റോടെ പ്രീമിയർ ലീഗ് കിരീടവും സിറ്റി നേടി. ആ മികവൊന്നും ജർമ്മൻ പരിശീലകൻ കണ്ടില്ല. സാനെയെ ഒഴിവാക്കിയത് ഡ്രാക്സ്ലറിനും റൂയിസിനും വേണ്ടിയാണെന്നാണ് ലോ മാധ്യമങ്ങളോട് പറഞ്ഞത്. സാനെയുടെ മികവ് ഇനിയും രാജ്യാന്തര മത്സരങ്ങളിൽ കണ്ടിട്ടില്ല എന്നും ലോകകപ്പിന് ശേഷം സാനെയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ജർമ്മൻ പരിശീലകൻ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial