ലോപെടെഗിയെ പുറത്താക്കിയത് റയലിനെ അപമാനിക്കാൻ : റയൽ പ്രസിഡന്റ്

ഹുലൻ ലോപെടെഗിയെ സ്പെയിൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ന്യായീകരിക്കാൻ പറ്റില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്.

സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് മേലെ സ്വന്തം അഭിമാനം മാത്രമാണ് നോക്കിയത് എന്ന് ആരോപിച്ച പെരസ് ഇതിന് പിന്നിൽ റയൽ മാഡ്രിഡിനെ അപമാനിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നും ആരോപിച്ചു.

ലോപെടെഗിയെ റയൽ പരിശീലകനായി അവതരിപ്പിക്കുന്ന ചടങ്ങിലാണ് റയൽ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. റയൽ പരിശീലകനായി പ്രഖ്യാപിക്കപ്പെട്ട പിറ്റേ ദിവസമാണ് ലോപെടെഗിയെ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയത്.

ഫുട്ബോളിൽ ലോപെടെഗിയെ നിയമിച്ചത് പോലുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് അന്റോണിയോ കൊണ്ടെ, ലൂയിസ് വാൻ ഗാൽ എന്നിവരുടെ നിയമനം ചൂണ്ടിക്കാട്ടി പെരസ് വ്യക്തമാക്കി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial