വിരിയട്ടെ ഈ പൂക്കൾ!!

- Advertisement -

പൂക്കളെ ധാരാളം ഇഷ്ടം ഉള്ള ആ കുഞ്ഞ് ഒരിക്കൽ അച്ഛനോട് ചോദിച്ചു , “നമുക്ക് ധാരാളം പറമ്പ് ഉണ്ട്. അവിടെയൊക്കെ ഓരോ തരം കൃഷികളും ഉണ്ട്. വീടിന് മുൻപിൽ ഉള്ള കുറച്ചു ഭാഗത്തെ മറ്റ് ചെടികളോട് ഒപ്പം കുറച്ചു പൂ വിരിയുന്ന ചെടികളൂടെ നട്ട് കൂടെ ? ”

എന്നാൽ ആദായം തരാത്തവ നടേണ്ടതില്ല എന്ന നയത്തിൽ ഉറച്ചു വിശ്വസിച്ച ആ പിതാവ് പറഞ്ഞു , അവയ്ക്ക് വളക്കൂർ ഉള്ള മണ്ണ് അല്ല ഇതെന്ന്. പിതാവിന്റെ വാക്കുകളെ ആ വലിയ കുടുംബത്തിൽ പലരും ശരിവച്ചു. കുഞ്ഞായ തനിക്ക് ഈ വാക്കുകളെ ധിക്കരിച്ച് അവിടൊരു ചെടി നടുക പ്രയാസം ആണെന്ന് കണ്ട കുഞ്ഞ് , അയൽ വീടുകളിൽ ഉള്ള പൂന്തോട്ടങ്ങളുടെയും പൂക്കളുടെയും സൗന്ദര്യം ആസ്വദിച്ചു ദിവസങ്ങൾ നീക്കി.

അങ്ങനൊരു ദിവസം അവൻ നോക്കുമ്പോൾ കുറെ ചെടികൾ പുതുതായി നട്ടിരിക്കുന്നു വീടിന്റെ ഒരു മൂലയിലായ്. കൗതുകത്തോടെ അവൻ നോക്കി. ആരും കാണാതെ വെള്ളമൊഴിച്ചു കാത്തിരുന്നു. വിരിയാതെ പോയ മൊട്ടുകൾ ആയിരുന്നു അധികവും. അവന്റെ പൂക്കളോടുള്ള പ്രണയം പിന്നെയും കൂടി വന്നു. അതുപോലെ ഒരു ദിവസം അവൻ ആ ചെടികൾക്ക് വെള്ളമൊഴിക്കാൻ ചെന്നപ്പോൾ തമ്മിൽ ചെറിയ ചെടിയിൽ മൊട്ടിട്ട ഒരു പൂവ് വിരിഞ്ഞിരിക്കുന്നു. കാഴ്ചയിൽ വളരെ ചെറുതെങ്കിലും അവ നയനമനോഹരം ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവ വീണ്ടും ആ പറമ്പിനത്രെയും സൗന്ദര്യം നൽകി വിരിഞ്ഞു നിന്നു. ദിവസങ്ങൾക്ക് ശേഷം അവ വാടിയത് കണ്ട് വേദനയോടെ താൻ ഒഴിക്കാൻ കൊണ്ട് വന്ന വെള്ളം താഴെയിട്ടുകൊണ്ട് അവൻ വീട്ടിലേക്ക് ഓടി.

നിറഞ്ഞു നിന്ന അവന്റെ കണ്ണുകളെ തുടച്ചു കൊണ്ട് ജ്യേഷ്ഠൻ പറഞ്ഞു. “വിരിഞ്ഞിട്ട് വാടിയവയാണ് , ഇനിയും പരിപാലിച്ചാൽ ഇനിയും ഒരുപാട് പൂക്കൾ വിടരും ഇതൊരു ഉദ്യാനം ആകും” . മണ്ണിന്റെ വളക്കൂറും ചെടിയുടെ അസൂയാത്മക വളർച്ചയും പൂക്കളുടെ സൗന്ദര്യവും കണ്ട കുഞ്ഞ് വീണ്ടും അതിനെ പരിപാലിക്കാൻ ദൃഢപ്രതിജ്ഞ എടുത്തു. അവൻ ഒരുപാട് പൂക്കൾ നിറഞ്ഞ ഉദ്യാനം സ്വപ്നം കണ്ട് ചിരിച്ചു. മാറി നിന്ന് ആ ചിരി കണ്ടുകൊണ്ട് ചെടി നട്ട അമ്മ സന്തുഷ്ടമായ മനസോടെ കണ്ണീർ പൊഴിച്ചു.

ഈ ടീം ഇനിയും ഒരുപാട് പൂക്കൾ വിരിയിക്കും. ഈ തോൽവികൾ ഒന്നും തന്നെ നിരാശയിൽ ചെന്ന് എത്തേണ്ടവ അല്ല. പ്രതീക്ഷക്ക് ഉള്ള വക നൽകി കടന്നു പോയവയാണ് . ചെറു ചെടിയിൽ നിന്ന് വലിയ പൂക്കൾ പ്രതീക്ഷിച്ചു കൂടാ. ചെറിയ പൂക്കൾ വിരിയിക്കുന്ന ചെറു ചെടികളെ പരിപാലിച്ചാൽ അവ വലിയ ചെടികളായി പരിമളം പരത്തുന്ന വലിയ പൂക്കൾക്ക് ജന്മം നൽകും .

ഈ ടീം പ്രതീക്ഷയുടെ നാളം കൊളുത്തിയിട്ടാണ് മടങ്ങുന്നത്. അലക്ഷ്യമായി പന്ത് ഉയരങ്ങളിലേക്ക് ഉയർത്തി അടിക്കുന്ന കാഴ്ചകൾ ഇവിടെ കുറവായിരുന്നു. 90 മിനിറ്റുകൾ എത്തുമ്പോൾ കിതച്ചു വീഴുന്ന കളിക്കാരെ കാണാൻ ഇല്ലായിയുന്നു. തന്നിലും നീളവും വലിപ്പവും ഉള്ള എതിർ നിരയ്ക്ക് മേൽ ഉയർന്ന് ചാടാൻ കെൽപ്പുള്ളവരെ ഈ ടീമിൽ കാണാമായിരുന്നു. 50-50 ചാൻസുകൾ ഒക്കെ തങ്ങടേതാക്കി മാറ്റുന്ന കുട്ടികളെ ഞങ്ങൾക്ക് കാണാമായിരുന്നു. കിട്ടുന്ന പന്തിനെ എതിർനിരയ്ക്ക് നൽകാതെ ഡ്രിബിൾ ചെയ്തു മുന്നോട്ട് കുതിക്കുന്ന മുന്നേറ്റനിരയെ ഞങ്ങൾക്ക് കാണാമായിരുന്നു. എതിർ ടീമിന്റെ ആക്രമണങ്ങളെ തെന്നിനീങ്ങി വിഫലമാക്കുന്ന പ്രതിരോധനരയെ ഞങ്ങൾക്ക് കാണാമായിരുന്നു. ലോകോത്തര സേവുകളിലൂടെ സാങ്കേതിക തികവോടെ ഗോൾ വലയം കാക്കുന്ന ഗോൾ കീപ്പറെ ഞങ്ങൾക്ക് കാണാമായിരുന്നു. വ്യക്തമായ തന്ത്രങ്ങളിലൂടെ കളിയെ നേരിടുന്ന കോച്ചിനെ ഞങ്ങൾക്ക് കാണാമായിരുന്നു. തോൽവികളിൽ പോലും എതിരാളിക്ക് മുൻപിൽ ഒരു പോരാട്ടം അഴിച്ചുവിട്ട ഒരു ടീമിനെ ഞങ്ങൾക്ക് കാണാമായിരുന്നു. അവരിൽ ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.

നിങ്ങൾ ഇവിടെ കൊണ്ട് നിർത്തരുത് ഈ പ്രയാണം. ആശ്ചര്യം വിരിയിക്കുന്ന സേവുകൾ നടത്തിയ ധീരജ്‌ ഇന്ന് ഏവരുടെയും ഹീറോ ആണ് , ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയ ജീക്സണ് ഇന്ന്
ഇവിടൊരു താരം ആണ് , രാഹുലിന്റെ പാഴായിപോയ ഇടം കാലൻ സ്ട്രൈക്ക് ഇന്നേവരുടെയും വേദന ആണ് , പന്ത് കൊണ്ട് മായാജാലം തീർക്കുന്ന കോമൾ ഇന്ന് ഏവരുടെയും ആരാധനാപാത്രം ആണ് , അൻവർ അലിയുടെയും ബോറിസിന്റെയും ക്ലിയറൻസുകൾ ഇന്ന് ഏവർക്കും ആവേശമാണ് ,നായകന്റെ ബാന്റ് എന്തിയ അമർജിത് ഇന്നെല്ലാവരുടെയും പ്രിയപ്പെട്ടവൻ ആണ് , ഈ ടീം ഒന്നടങ്കം ഇന്ത്യയുടെ അഭിമാനം ആണ്.

വിരിയണം നിങ്ങൾ , അതിമനോഹാരമായ കളി കെട്ടഴിച്ചു സൗന്ദര്യം വിരിയിക്കണം നിങ്ങൾ , ഒരുപാട് കാലങ്ങൾക്ക് ശേഷം അത്ഭുതം പ്രവർത്തിപ്പിക്കണം നിങ്ങൾ , ഞങ്ങൾ പ്രോത്സാഹനം നല്കിക്കൊള്ളാം ,
ഭയക്കേണ്ട തെല്ലും..കാൽപ്പന്തിന് വളക്കൂറുള്ള മണ്ണിൽ തന്നെയാണ് നിങ്ങളെ ദൈവം നാട്ടിരിക്കുന്നത് …!!!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement