ഈ അണ്ടർ 17 ടീമിന്റെ ഭാവി എന്ത്?

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനമായ ഈ കുട്ടികൾ ഇനി എന്തു ചെയ്യും എന്ന ചോദ്യമാണ് എല്ലാ ഫുട്ബോൾ പ്രേമികളിലും ഉള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ഈ ടീമിനെ പലയിടങ്ങളിലായി ചിതറിപോകാൻ അനുവദിച്ചു കൂട. ഈ ലോകകപ്പ് വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് കണക്കാക്കുക ഈ ലോകകപ്പിന്റെ അവസാനമാകില്ല. മറിച്ച് വർഷങ്ങൾക്ക് അപ്പുറം ഈ അണ്ടർ പതിനേഴ് ടീമിൽ കളിച്ച കുട്ടികളിൽ എത്രപേർ രാജ്യത്തിനായി ബൂട്ടി കെട്ടി അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നതു നോക്കിയാകും.

ടെക്നിക്കലി ഇന്ത്യക്ക് ഇത്ര മികച്ച ഒരു ടീം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇത്ര വലിയ ഒരു സ്റ്റേജിൽ പന്തുതട്ടിയ ഇവർക്ക് തന്നെയാണ് ഇന്ത്യൻ ഫുട്ബോളിന്റെ പന്തം കൈമാറേണ്ടത്. ഇന്ത്യയുടെ സീനിയർ ടീം കൊളംബിയയും ഘാനയും പോലുള്ള ടീമുകളെ നേരിട്ടാൽ സംഭവിക്കാൻ സാധ്യത എന്താണെന്ന് നമുക്ക് ഇപ്പോൾ ഊഹിക്കാം. ആ കൊളംബിയയേയും ഘാനയേയും ഒരു ഭയവുമില്ലാതെയാണ് ലോകകപ്പിന്റെ വലിയ വേദിയിൽ ഈ അനിയന്മാർ നേരിട്ടത്.

ഈ ടീം ശിഥിലമാകരുത് എന്ന ബോധം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഉണ്ട്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഈ ടീമിനെ ഒരുമിച്ച് സംരക്ഷിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്‌. ഇനി ഈ ടീമിനെ നമ്മൾ കാണുക നവംബറിൽ ആകും. അണ്ടർ 19 ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഈ അണ്ടർ പതിനേഴ് ടീമാകും ഇറങ്ങുക. അണ്ടർ 19ലെ ഇപ്പോഴുള്ള ടീമിൽ നിന്ന് മികച്ചവരെ നിലനിർത്തും എങ്കിലും ഭൂരിഭാഗവും അണ്ടർ 17 ടീമിനു വേണ്ടി വഴിമാറി കൊടുക്കേണ്ടി വരും.

ഐ ലീഗിലും അണ്ടർ പതിനേഴ് ടീം ഇറങ്ങും എന്നത് ഉറപ്പായിട്ടുണ്ട്. പഴയ ആരോസ് ടീം തിരിച്ചുകൊണ്ട് വന്ന് ആ ടീമിൽ ഈ കുട്ടികളെ കളിപ്പിക്കാനാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ഡി മാറ്റോസിനെ തന്നെ ഐ ലീഗിൽ കോച്ചായി നിലനിർത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട് എങ്കിലും പുതിയ കോച്ച് വരാനാണ് സാധ്യത. ഡി മാറ്റോസ് തന്നെ ഇന്നലെ താൻ ഇന്ത്യ വിട്ടേക്കുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ ലോംഗ് ടേം കരാർ കൊടുത്ത് ഇന്ത്യയിൽ തന്നെ മാറ്റോസിനെ നിർത്താമെന്ന് പ്രതീക്ഷ എ ഐ എഫ് എഫിന് ഇപ്പോഴും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement