പൊരുതി നിന്ന മാലിയെ മറികടന്ന് സ്പെയിൻ ഫൈനലിൽ

- Advertisement -

ഇന്ത്യയിൽ നടന്ന ആദ്യ വേൾഡ് കപ്പ് ഫുട്ബോളിൽ യൂറോപ്യൻ ഫൈനൽ. യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിൻ  ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. പൊരുതി നിന്ന മാലിയെ 3-1ന് തോൽപ്പിച്ചാണ് സ്പെയിൻ ഇംഗ്ലണ്ടുമായി ഫൈനൽ കളിയ്ക്കാൻ യോഗ്യത നേടിയത്. മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോളടിക്കാൻ പറ്റാതെ പോയതാണ് മാലിക്ക് വിനയായത്.  സ്പെയിനിന് വേണ്ടി ആബേൽ റൂയിസ് രണ്ട് ഗോൾ നേടിയപ്പോൾ ഫെറാൻ  ടോറസ് മൂന്നാമത്തെ ഗോൾ നേടി. മാലിയുടെ ആശ്വാസ ഗോൾ എൻഡ്യയെ നേടി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൗണ്ടർ അറ്റാക്കിങ്ങിലൂടെ മാലി സ്പെയിൻ ഗോൾ മുഖം വിറപ്പിച്ചെങ്കിലും 19ആം മിനുറ്റിൽ സെസാർ ഗേളാബെർട്ടിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി സ്പെയിൻ മത്സരത്തിൽ ലീഡ് നേടി.   ഗോൾ വഴങ്ങിയതിന് ശേഷവും മികച്ച പ്രകടനം കാഴ്ചവെച്ച മാലി പക്ഷെ ആദ്യ പകുതി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും ഗോൾ വഴങ്ങി. സെസാർ ഗേളാബെർട്ടിന്റെ മനോഹരമായ ഒരു പാസിൽ നിന്ന്  ആബേൽ റൂയിസ് സ്പെയിനിന്റെ ലീഡ് വീണ്ടും ഉയർത്തി.

രണ്ടാം പകുതിയിലും മികച്ച പ്രകടനം നടത്തിയ മാലി ഗോൾ നേടുന്നതിന് തൊട്ടടുത്ത് എത്തിയെങ്കിലും ഗോൾ പോസ്റ്റ് വില്ലനായി. തുടർന്ന്  റൂയിസും സെർജിയോ ഗോമസും ചേർന്ന് നടത്തിയ മികച്ച മുന്നേറ്റത്തിലൂടെ ഫെറാൻ ടോറസ് സ്പെയിനിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരം അവസാനിക്കാൻ 15 ബാക്കി നിൽക്കെ മാലി ഒരു എൻഡ്യയേയിലൂടെ ഒരു ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ സ്പെയിൻ മത്സരം പൂർത്തിയാക്കുകയായിരുന്നു.

സെപ്റ്റംബർ 28 ശനിയാഴ്ച്ച മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ മാലിയും ബ്രസീലും ഏറ്റുമുട്ടും. അന്ന് തന്നെ ഇന്ത്യൻ സമയം 8 മണിക്കാണ് ഫൈനൽ മത്സരം. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ട് മത്സരങ്ങളും അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement