കൊച്ചിയിലെ അവസാന മത്സരത്തിൽ ഇറാനെ മറികടന്ന് സ്പെയിൻ സെമിയിൽ

- Advertisement -

കൊച്ചിയിലെ അവസാന മത്സരത്തിൽ ഇറാനെ 3 – 1ന് തറപറ്റിച്ച് സ്പെയിൻ അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.  സ്പെയിനിന്റെ പാസിംഗ് ഫുട്ബോളിന് മുന്നിൽ ഇറാന് അടി തെറ്റിയപ്പോൾ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് സ്പെയിൻ സെമി ഉറപ്പിച്ചത്. അവസാനം കളിച്ച നാല് അണ്ടർ 17 ലോകകപ്പിലും സ്പെയിൻ സെമിയിലെത്തിയിരുന്നു. ബുധനാഴ്ച നടക്കുന്ന സെമിയിൽ മാലിയാണ് സ്പെയിനിന്റെ എതിരാളികൾ.

Photo: Fifa

മത്സരത്തിന്റെ 14ആം മിനുറ്റിൽ ആബേൽ റൂയിസിലൂടെയാണ് സ്പെയിൻ ആദ്യ ഗോൾ നേടിയത്. സ്പെയിനിന്റെ പാസിംഗ് ഫുട്ബോളിന്റെ മികച്ച ഒരു ഉദാഹരണം കൂടിയായിരുന്നു ആദ്യ ഗോൾ. 26 തവണ പാസ് പൂർത്തിയാക്കിയതിനു ശേഷമാണ് സ്പെയിൻ റൂയിസിലൂടെ ആദ്യ ഗോൾ നേടിയത്.  തുടർന്ന് മത്സരത്തിൽ പൂർണ ആധിപത്യം  നേടിയ സ്പെയിൻ രണ്ടമത്തെ ഗോളിന് 60ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് പന്ത് ലഭിച്ച സെർജിയോ ഗോമസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് ഇറാൻ ഗോൾ വല കുലുക്കുകയായിരുന്നു.  67ആം മിനുറ്റിൽ ടോറസിലൂടെ സ്പെയിൻ ലീഡ് ഉയർത്തി. മികച്ചൊരു പാസിങ്ങിനൊടുവിൽ ടോറസ് ഇറാൻ ഗോൾ വല ചലിപ്പിക്കുകയായിരുന്നു.

മത്സരം കൈവിട്ടതോടെ സർവ്വശക്തിയുമെടുത്ത് പൊരുതിയ ഇറാൻ 69ആം മിനുട്ടിൽ കരീമിയിലൂടെ ആശ്വാസ ഗോൾ നേടി. ഒരു ഗോൾതിരിച്ചടിച്ചതോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഇറാൻ പക്ഷെ തിരിച്ചു വരവിനു ആവശ്യമായ രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement