
റിയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക്ക് മികവില്‍ ഇംഗ്ലണ്ടിനു ഫൈനല്‍ സ്ഥാനം. അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 3-1 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് ബ്രസീലിനു മടക്ക ടിക്കറ്റ് നല്‍കിയത്. മത്സരത്തിന്റെ 10, 39, 77 മിനുട്ടുകളിലാണ് റിയാന്‍ തന്റെ ഗോളുകള്‍ നേടിയത്. 21ാം മിനുട്ടില്‍ വെസ്ലി ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ മാലി-സ്പെയിന് മത്സരത്തിലെ വിജയികളെയാണ് ഇംഗ്ലണ്ട് ഫൈനലില്‍ നേരിടുക.
ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ചത് ബ്രസീലായിരുന്നുവെങ്കിലും ആദ്യ ഗോള്‍ ഇംഗ്ലണ്ടിന്റെ വകയായിരുന്നു. ബ്രസീല്‍ ഗോളി തടഞ്ഞിട്ട പന്ത് ഗോള്‍ വലയിലേക്ക് തട്ടിയിടേണ്ട താമസം മാത്രമേ റിയാന്‍ ബ്രൂസ്റ്ററിനുണ്ടായിരുന്നുള്ളു. മികച്ചൊരു മുന്നേറ്റത്തിനു ശേഷം ബ്രസീല്‍ വെസ്ലിയിലൂടെ ഗോള്‍ മടക്കി. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം മികച്ചൊരു ഓപ്പണ്‍ അവസരം ബ്രണ്ണര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മുന്നിലെത്തുവാനുള്ള അവസരം ബ്രസീലിനു നഷ്ടമായി. 39ാം മിനുട്ടില്‍ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ റിയാന്‍ നേടുകയായിരുന്നു. ഇടവേളയ്ക്ക് 2-1 എന്ന സ്കോറിനു ഇംഗ്ലണ്ട് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുവാനുള്ള ബ്രസീല്‍ ശ്രമത്തിനിടെയാണ് റിയാന്‍ ബ്രൂസ്റ്റര്‍ ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം ഹാട്രിക്ക് സ്വന്തമാക്കി ബ്രസീലിന്റെ സാധ്യതകള്‍ അവസാനിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial