കൊച്ചിയിലെ ടിക്കറ്റ് തീർന്നു, ഇന്ത്യയുടെ കളിയുടെ ടിക്കറ്റ് ഡെൽഹിയിൽ ഇപ്പോഴും ബാക്കി

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പ് ഡ്രോ കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊച്ചി കലൂർ സ്റ്റേഡിയത്തിലേ ടിക്കറ്റുകൾ വിറ്റു തീർന്നു. ബ്രസീലും സ്പെയിനും ജർമ്മനിയുമൊക്കെ കൊച്ചിയിൽ എത്തും എന്നു ഇന്നലെ ഗ്രൂപ്പ് ഡ്രോ കഴിഞ്ഞപ്പോൾ തീരുമാനമായിരുന്നു. ഇതിനു ശേഷമാണ് കേരളത്തിലെ ടിക്കറ്റുകൾക്ക് ആൾക്കാർ കൂടിയത്. കേരള ഫുട്ബോൾ ആരാധകർക്ക് ബ്രസീലിനേയും ജർമ്മനിയേയും സ്പെയിനിനേയും സ്റ്റേഡിയത്തിൽ ചെന്ന് കാണാനുള്ള അവസരമാണ് ലഭിക്കാൻ പോകുന്നത്. അത് പാഴാക്കൻ ഒരുക്കമല്ലാത്ത ഫുട്ബോൾ ആരാധകർ ടിക്കറ്റിനായി ഇപ്പോ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്.

ഇന്നലെ ഫിഫ രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. ജൂലൈ 21വരെ രണ്ടാം ഘട്ട ടിക്കറ്റിന് ഫിഫ സമയം കൊടുത്തിരുന്നു എങ്കിലും 24 മണിക്കൂറിനകം തന്നെ ടിക്കറ്റ് വിറ്റ് തീർന്നിരിക്കുകയാണ്. മൂന്നാം ഘട്ട ടിക്കറ്റ് വിൽപ്പന ജുലൈ 21 മുതലാണ് അരംഭിക്കുക. അതുവരെ കാത്തുനിൽക്കുക മാത്രമേ ഫുട്ബോൾ ആരാധകർക്ക് ഇനി രക്ഷയുള്ളൂ.

അതേസമയം ഇന്ത്യ ആദ്യമായി ലോകകപ്പിന് ഇറങ്ങുന്ന ഡെൽഹി സ്റ്റേഡിയത്തിലെ അവസ്ഥ പരിതാപകരമാണ്. ഇപ്പോഴും ഇന്ത്യയുടെ ടിക്കറ്റുകൾ വെബ്സൈറ്റിൽ സുലഭമാണ്. നേരത്തെ ഡെൽഹിയിലേക്ക് ഇന്ത്യയുടെ മത്സരങ്ങൾ മാറ്റിയതിന് ഫുട്ബോൾ ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു. ഡെൽഹിയിൽ ഇന്ത്യൻ കുട്ടികൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വന്നേക്കും എന്നതായിരുന്നു പ്രതിഷേധത്തിനുള്ള പ്രധാന കാരണം. ആ ആശങ്ക സത്യമാകുമോ എന്ന പേടിയിലാണ് സംഘാടകരും ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement