കൊച്ചിയിൽ ലോകകപ്പ് കാണാൻ ശരാശരി ഒമ്പതിനായിരം പേർ മാത്രം!!!

- Advertisement -

എല്ലാ സ്റ്റേഡിയങ്ങളിലും രണ്ട് മത്സരം വീതം കഴിഞ്ഞപ്പോൾ ലോകകപ്പിന് കാണികൾ കുറഞ്ഞ സ്റ്റേഡിയങ്ങളിൽ ഒന്നായി കൊച്ചി തുടരുകയാണ്. നാലു മത്സരങ്ങളിലുമായി ശരാശരി ഒമ്പതിനായിരം കാണികൾ മാത്രമേ കൊച്ചിയിൽ എത്തിയിട്ടുള്ളൂ. ബ്രസീലിന്റെ രണ്ടു മത്സരങ്ങൾക്കൊഴികെ ബാക്കിയുള്ള മത്സരങ്ങൾക്ക് കാണികൾ നന്നേ കുറവായതാണ് ശരാശരി ഇത്ര കുറയാൻ കാരണം.

ഒപ്പം ടിക്കറ്റ് ലഭ്യമാക്കുന്നതിൽ ടൂർണമെന്റ് സംഘാടകർക്ക് വന്ന പിഴവും ഉണ്ട്. നേരത്തെ കൊച്ചി സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം 29000 ആയി അവസാന നിമിഷം ചുരുക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം സോൾഡ് ഔട്ട് ആണെന്നു ഫിഫ പറഞ്ഞെങ്കിലും ആദ്യ മത്സരത്തിനെത്തിയ 21000 എന്ന സംഖ്യയാണ് ഇപ്പോഴും കൊച്ചിയിൽ ലോകകപ്പ് കാണാൻ എത്തിയ ഏറ്റവും വലിയ ജനക്കൂട്ടം.

ആദ്യ മത്സരത്തിനെത്തിയവർക്ക് ലഭിച്ച മോശം അനുഭവങ്ങൾ ടിക്കറ്റ് ഉള്ളവരെ വരെ സ്റ്റേഡിയത്തിൽ എത്തിക്കാതിരിക്കുന്നുണ്ട്. നിരവധി പേരാണ് ആദ്യ മത്സരത്തിന് എത്തി വെള്ളം പോലും കുടിക്കാബ് കിട്ടാതെ വിഷമിച്ചത്.

സോൾഡ് ഔട്ട് എന്ന് ഫിഫ പറഞ്ഞ ടിക്കറ്റുകൾ ഇന്നു മുതൽ വീണ്ടും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. ഇന്ന് മുതൽ കലൂർ ബോക്സ് ഓഫീസിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കൊച്ചിയും ഗുവാഹത്തിയും ഗോവയും ആണ് കാണികളുടെ എണ്ണത്തിൽ പിറകിൽ ഉള്ളത്. ഇന്ത്യയുടെ കളി ഇല്ലാഞ്ഞിട്ടും 50000ത്തിനടുത്ത് ശരാശരി കാണികൾ എത്തിയ കൊൽക്കത്ത ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കു തന്നെ അഭിമാനമാവുകയും ചെയ്തു. നാലു മത്സരങ്ങൾക്കായി കൊൽക്കത്തയിൽ രണ്ടു ലക്ഷത്തോളം പേരാണ് എത്തിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement