
ഇന്ത്യയുടെ അണ്ടർ പതിനേഴ് ലോകകപ്പിന് പരാജയത്തോടെ അവസാനം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ ഡെൽഹിയിൽ പരാജയപ്പെട്ടത്. ഇന്ത്യൻ ഫുട്ബോളിന്റെ സ്വപ്നമായിരുന്ന ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അന്ത്യമാവുകയാണ്.
ഇന്ത്യയുടെ പ്രീക്വാർട്ടർ യോഗ്യത യാഥാർത്ഥ്യമാകാൻ അത്ഭുതങ്ങൾ തന്നെ വേണ്ടുന്ന ദിവസമായിരുന്നു ഇന്ന്. കോമാൽ തട്ടലിനെ ഇറക്കാതെ തന്നെ വീണ്ടും ഇറങ്ങിയ ഇന്ത്യയ്ക്ക് ആക്രമണത്തിൽ ഒരുഘട്ടത്തിലും മികവ് പുലർത്താൻ കഴിയാത്തതാണ് ഇന്ന് വിനയായത്. ഇന്ത്യ ഇതുവരെ നേരിട്ടത്തിൽ ഏറ്റവുൻ കരുത്തർ തങ്ങളാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഘാനയുടെ പ്രകടനം.
മികച്ച വേഗതയിൽ കളി ആരംഭിച്ച ഇന്ത്യ ആദ്യം ഘാനയുടെ ഒപ്പത്തിനൊപ്പം നിന്നു എങ്കിലും പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അയിഅ നേടിയ ഗോളാണ് ഇന്ത്യയെ ആദ്യം പ്രതിരോധത്തിൽ ആക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ധീരജിനെ കീഴ്പ്പെടുത്തി അയിഅ ഗോൾ കണ്ടെത്തി. അതോടെ ഇന്ത്യയുടെ ലോകകപ്പിൽ ഒരു പോയന്റ് എന്ന മോഹവും ഇല്ലാതാവുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ സബ്സ്റ്റിട്യൂട്ട് ഡാൻസോയും ടോകുവുമാണ് ഗോളുകളുമായി ഇന്ത്യയു പരാജയത്തിന്റെ ഭാരം കൂട്ടിയത്.
ഇന്ത്യൻ ഡിഫൻസ് ഇന്ന് കളിയുടെ ആദ്യ 70 മിനുറ്റിലും ശക്തമായിരുന്നു എങ്കിലും അവസാനം തകരുകയായിരുന്നു. മധ്യനിരയും മുന്നേറ്റ നിരയും പന്ത് കൈവശം വെക്കുന്നതിൽ മുൻ മത്സരങ്ങളിലെ അത്ര തിളങ്ങിയതുമില്ല. രാഹുലിന്റെ ഷോട്ട് ഉൾപ്പെടെ രണ്ടു ഷോട്ട് മാത്രമെ ഇന്ത്യയ്ക്ക് ഇന്ന് ടാർഗറ്റിലേക്കായി തൊടുക്കാൻ കഴിഞ്ഞുള്ളൂ. ഘാനയുടെ ശാരീരക ക്ഷമതയും ഇന്ത്യയ്ക്ക് ഇന്ന് കനത്ത വെല്ലുവിളിയായി.
ലോകകപ്പിലെ യാത്ര ഒരു പോയന്റ് നേടാതെ അവസാനിച്ചു എങ്കിലും ഒരുപാട് പ്രത്യാശകൾ ഇന്ത്യൻ ഫുട്ബോളിന് ഈ ലോകകപ്പ് തന്നു. ജീക്സൺ നേടിയ ചരിത്ര ഗോൾ ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒരുപാട് കാലം ഓർമ്മിക്കാൻ സാധ്യതയുള്ള നിമിഷങ്ങൾ ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി ലഭിച്ചു. ഫുട്ബോൾ ലോകത്തെ കരുത്തന്മാരുടെ ഗ്രൂപ്പിൽപെട്ടിട്ടും തല ഉയർത്തി തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാൻ കഴിഞ്ഞതും കുട്ടികളുടെ മികവായി കണക്കിൽ വെക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial