ഇന്ത്യൻ കുട്ടികൾക്ക് ഇന്ന് അവസാന അങ്കം, എങ്കിലും അവസാനിക്കാത്ത പ്രതീക്ഷ

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന മത്സരം ആയേക്കും. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ആരാധകർ പ്രതീക്ഷയിലാണ്. അത്ഭുതങ്ങൾ നടക്കുമെന്ന പ്രതീക്ഷയിൽ. അവസാന മത്സരത്തിന് ഘാനയ്ക്കെതിരെ ഇറങ്ങുന്ന ഇന്ത്യയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ വിദൂരത്താണ്. ഘാനയെ വലിയ മാർജിനിൽ പരാജയപ്പെടുത്തുകയും കൊളംബിയ അമേരിക്കയോട് വലിയ മാർജിനിൽ പരാജപ്പെടുകയും ചെയ്യണം.

കഴിഞ്ഞ മത്സരത്തിൽ കൊളംബിയക്കെതിരെ ചരിത്ര ഗോൾ നേടിയ ഇന്ത്യൻ കുട്ടികളുടെ മനസ്സിൽ പക്ഷെ പ്രീക്വാർട്ടർ ഒന്നും ഉണ്ടാകില്ല. ഒരു പോയന്റെങ്കിലും നേടി ലോകകപ്പിൽ ഇന്ത്യയുടെ അക്കൗണ്ട് തുറക്കുകയാകും ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ലക്ഷ്യം. കരുത്തരായ ഘാനയെ കീഴടക്കുക എളുപ്പമാകില്ല. കളി വിജയിക്കുക എന്നത് ഘാനയ്ക്കും നിർണ്ണായകമാണ് എന്നിരിക്കെ ഒരു ദയയുമില്ലാത്ത പോരിനാകും ആഫ്രിക്കൻ ശക്തികൾ വരുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലായിരുന്ന കോമൾ തട്ടാലും അനികേതും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ത്യൻ ഭാവി പ്രതീക്ഷയായ താരങ്ങളിൽ നിന്ന് മികച്ച പ്രകടനം തന്നെ കലാശകൊട്ടായി പ്രതീക്ഷിക്കാം.

ഇന്നത്തെ കളി ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന് ഇന്ത്യൻ കോച്ച് മാറ്റോസ് പറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി 8മണിക്കാണ് മത്സരം. കളി സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement