ജപ്പാനെ മറികടന്ന ഫ്രഞ്ച് പട പ്രീക്വാർട്ടറിൽ

- Advertisement -

ഏഷ്യൻ ശക്തികളായ ജപ്പാനേയും മറികടന്ന് ഫ്രാൻസിന്റെ കുട്ടികൾ അണ്ടർ പതിനേഴ് ലോകകപ്പിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ജപ്പാനെ വീഴ്ത്തിയത്. ലിയോൺ യുവതാരം ഗൗരിയുടെ ഇരട്ടഗോളുകളാണ് ഫ്രാൻസിനെ സഹായിച്ചത്.

ആദ്യ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലായിരുന്നു ജപ്പാൻ വന്നത്. പക്ഷെ ഗൗരിയുടെ പതിമൂന്നാം മിനുട്ടിലെ ഗോളിൽ തന്നെ ജപ്പാൻ പതറി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിലായിരുന്നു ഗൗരിയുടെ രണ്ടാം ഗോൾ. കഴിഞ്ഞ മത്സരത്തിലും ഗൗരി ഇരട്ട ഗോളുകൾ നേടിയിരുന്നു. ഗൗരിയാണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ ഇപ്പോൾ.

കളിയുടെ 73ആം മിനുട്ടിൽ മിയാഷിറോ എടുത്ത പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ ജപ്പാൻ ശ്രമിച്ചു എങ്കിലും സമനില ഗോൾ കണ്ടെത്താൻ ജപ്പാനായില്ല. രണ്ട് കളികളും ജയിച്ച ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ ജപ്പാനു അടുത്ത മത്സരം നിർണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement