
സ്പെയിനിന്റെ രണ്ട് ഗോള്‍ മുന്‍തൂക്കത്തെ മറികടന്ന് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോക ചാമ്പ്യന്മാര്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ഇന്ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ടത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ പോയ ശേഷമാണ് മത്സരത്തിലേക്ക് ഇംഗ്ലണ്ട് തിരികെ വന്നത്. ഇംഗ്ലണ്ടിനായി റിയാന്‍ ബ്രൂസ്റ്റര്‍, ഗിബ്സ് വൈറ്റ്, ഫോഡന് (2), മാര്‍ക് ഗ്യൂഹി എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. സ്പെയിനിനായി സെര്‍ജിയോ ഗോമസ് ഇരട്ട ഗോളുകള്‍ നേടി.
പത്താം മിനുട്ടില്‍ സെര്‍ജിയോ ഗോമസ് നേടിയ ഗോളിലൂടെ സ്പെയിനാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. 31ാം മിനുട്ടില്‍ സെര്ജീയോ വീണ്ടും ഇംഗ്ലണ്ട് വല കുലുക്കിയപ്പോള്‍ സ്പെയിനിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു. ആദ്യ പകുതി അവസാനത്തോടടുക്കുമ്പോള്‍ റിയാന്‍ ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്പെയിന് 2-1നു ലീഡ് ചെയ്യുകയായിരുന്നു.
58ാം മിനുട്ടില്‍ മോര്ഗന് ഗിബ്സ് വൈറ്റിലൂടെ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തിയ ശേഷം പിന്നീട് സ്പെയിന് മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ പാട് പെടുന്ന കാഴ്ചയാണ് കണ്ടത്. 69ാം മിനുട്ടില്‍ ഫിലിപ്പ് ഫോഡനിലൂടെ ഇംഗ്ലണ്ട് ആദ്യമായി മത്സരത്തില്‍ ലീഡ് സ്വന്തമാക്കിയതോടെ സ്പെയിന് പതറുകയായിരുന്നു. അവസാന മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് ഇംഗ്ലണ്ട് U-17 ലോകകപ്പ് ചാമ്പ്യന്മാരായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial