റിയാന്‍ ബ്രെവ്സ്റ്റിനു ഹാട്രിക്ക്, അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

- Advertisement -

U-17 ലോകകപ്പിലെ അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്. റിയാന്‍ ബ്രെവ്സ്റ്ററിന്റെ ഹാട്രിക്കും ഗിബ്സ് വൈറ്റും നേടിയ ഗോളിന്റെയും ബലത്തില്‍ മൂന്ന് ഗോള്‍ ലീഡുമായി മുന്നേറിയ ഇംഗ്ലണ്ടിനെതിരെ ജോഷ് സര്‍ജ്ജന്റിലൂടെ ഒരു ഗോള്‍ മടക്കാന്‍ അമേരിക്കയ്ക്കായെങ്കിലും അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 4-1നു ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. U-20 നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന്റെ കൗമാരക്കാര്‍ സീനിയര്‍ ടീമിനെയപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന ഒരു ജയം ആയിരുന്നു ഇന്ന് ഗോവയില്‍ അവര്‍ സ്വന്തമാക്കിയത്.

മത്സരം തുടങ്ങി ആദ്യ 15 മിനുട്ടിനുള്ളില്‍ തന്നെ ഇംഗ്ലണ്ട് അമേരിക്കയെ രണ്ട് ഗോളിനു പിന്നിലാക്കിയിരുന്നു. റിയാന്‍ ബ്രെവ്സ്റ്ററായിരുന്നു ഇരു ഗോളുകളുടെയും ഉടമ. ആദ്യ പകുതിയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 2-0നു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് 64ാം മിനുട്ടില്‍ ഇംഗ്ലണ്ട് മൂന്ന് ഗോളിന്റെ അപരാജിത ലീഡ് നേടി. ഗിബ്സ് വൈറ്റായിരുന്നു ഗോള്‍ സ്കോറര്‍. 72ാം മിനുട്ടില്‍ ജോഷ് സര്‍ജ്ജന്റ് അമേരിക്കയുടെ ആശ്വാസ ഗോള്‍ നേടി. 3-1 എന്ന സ്കോറിനു മത്സരം അവസാനിക്കുമെന്ന് കരുതിയ നിമിഷത്തില്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അമേരിക്കയുടെ സെര്‍ജ്ജീനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി റിയാന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement