രണ്ടാം പകുതിയിൽ മികച്ച തിരിച്ച് വരവ് നടത്തി ബ്രസീൽ സെമിയിൽ

- Advertisement -

രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ.  66000ത്തിൽ പരം കാണികളുടെ മുൻപിൽ രണ്ടാം പകുതിയിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച കാനറികൾ ജർമനിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ പുറത്തെടുത്തത്.  ആദ്യ പകുതിയിൽ ജർമനി ഒരു ഗോളിന് മുൻപിലായിരുന്നു.

തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച ബ്രസീൽ ആറാം മിനുറ്റിൽ തന്നെ ഗോളിനടുത്ത് എത്തിയെങ്കിലും അലൻ തൊടുത്തു വിട്ട ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയിരുന്നു. തുടർന്ന് പതുകെ മത്സരത്തിലേക്ക് തിരിച്ച് വന്ന ജർമനി 21ആം മിനുറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മുൻപിലെത്തി. ജോൺ യെബോയെ പെനാൽറ്റി ബോക്സിൽ ലൂക്കാസ് ഹാൾട്ടർ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജർമൻ ക്യാപ്റ്റൻ ആർപ്പ് ജർമനിക്ക് ലീഡ് സമ്മാനിച്ചത്.

പക്ഷെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ച് വരവ്‌നടത്തിയ ബ്രസീൽ ആറ് മിനുറ്റിനിടയിൽ രണ്ട് ഗോളടിച്ച് മത്സരത്തിൽ മേധാവിത്വം നേടുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ വെവേഴ്സണാണ് ബ്രസീലിന് വേണ്ടി സമനില ഗോൾ നേടിയത്. തുടർന്ന് ആറ് മിനിറ്റിന് ശേഷം പൗളിഞ്ഞോയുടെ മികച്ചൊരു ഗോളിന്റെ പിൻബലത്തിൽ ബ്രസീൽ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു.

ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ബ്രസീലിന്റെ സെമി ഫൈനൽ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement