87 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പിൽ

67 വർഷങ്ങൾക്കു ശേഷം  ഇന്ത്യ ഫുട്ബോൾ ലോകകപ്പിന്റെ പടി വാതിലിൽ. നാളെ അമേരിക്കയെ നേരിടാനിറങ്ങുമ്പോൾ അത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവും. 87 വർഷത്തെ വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ലോകകപ്പ് ഫുട്ബോളിൽ പന്ത് തട്ടും. ആതിഥേയരെന്ന നിലക്കാണ് ഇന്ത്യ യോഗ്യത നേടിയതെങ്കിലും കോടാനുകോടി ജനങ്ങളുടെ ഇടയിൽ നിന്നും ലോകകപ്പിന് കളിക്കാൻ പാകത്തിൽ ഒരു ടീം ഇറക്കാൻ കഴിഞ്ഞില്ല എന്ന പരാതിയിൽ ഇന്ത്യക്ക് തൽകാലം ആശ്വസിക്കാം.  ഇതൊരു തുടക്കമാവട്ടെ, 2022 ലോകകപ്പിന് ഇന്ത്യൻ സീനിയർ ടീം യോഗ്യത നേടുമെന്ന വിശ്വാസത്തോടെയുള്ള തുടക്കം.

ഇന്ത്യയിൽ ഫുട്ബോൾ മാറുകയാണ്. ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണനകൾ ഫുട്ബോളിനും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ദേശിയ ടീമിന്റെ മത്സരങ്ങൾ ടിവിയിൽ  സംപ്രേഷണം ചെയ്തു തുടങ്ങിയിരിക്കുന്നു. ഐ എസ് എൽ എന്ന ഇന്ത്യൻ ഫുട്ബോളിലെ ബിസിനസ് വിപ്ലവത്തിന് ഉപരിയായി ഗ്രാസ് റൂട്ട് ഫുട്ബോൾ ഇന്ത്യയിൽ പിച്ച വെച്ച് തുടങ്ങിയിരിക്കുന്നു.  ഇതൊരു തുടക്കമാണ്, ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ മുഖത്തിന്റെ തുടക്കം.  വിവിധ പ്രായ പരിധികളിൽ ഉള്ള ഫുട്ബോൾ ലീഗുകളും ദേശിയ ടീമുകളും ഇന്ന് ഇന്ത്യയിലുണ്ട്. അവർക്ക് മികച്ച ടീമുകളുമായി മത്സരിക്കാനുള്ള സൗകര്യങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യൻ അണ്ടർ 17 ടീമിന് ഇന്ത്യയിലും വിദേശത്തുമായി നിരവധി മത്സരങ്ങളാണ് ലഭിച്ചത്.

ലൂയിസ് നോർട്ടന് കീഴിൽ അണ്ടർ 17 വേൾഡ് കപ്പിന് ഇറങ്ങുന്ന ഇന്ത്യ കിരീടം നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ കരുത്തരായ യു.എസ്.എയും ഘാനയും കൊളംബിയയും അടങ്ങുന്ന ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം ഡൽഹിയിൽ ഇന്ത്യയുടെ മത്സരത്തിന് ആളെ നിറക്കാൻ ഫ്രീയായി ടിക്കറ്റുകൾ നൽകുമ്പോൾ സ്പെയിൻ, ബ്രസീൽ മത്സരങ്ങൾക്ക് പോലും സ്റ്റേഡിയം നിറക്കാൻ കഴിയുന്ന കൊച്ചിയിൽ ഇന്ത്യയുടെ ഒരു മത്സരം പോലും ഇല്ലാത്തത് കേരള ഫുട്ബോൾ ആരധകരെ നിരാശരാക്കും.

Photo: Goal.com

ലോകകപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ജർമൻ കോച്ച് നിക്കോളോ ആദമിനെ പുറത്താക്കിയെങ്കിലും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ച ലൂയിസ് നോർട്ടനെ ഇന്ത്യൻ ടീമിന്റെ കോച്ചായി പ്രഖ്യാപിക്കുകയായിരുന്നു. ബില്യൺ പ്രതീക്ഷകളുമായി ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പിന് ഇറങ്ങുമ്പോൾ അത്ഭുതങ്ങൾ പ്രതീക്ഷിച്ച് നമുക്കും കാത്തിരിക്കാം, ഇന്ത്യയെന്ന ഫുട്ബോൾ ടീമിന്റെ ഉയർച്ചക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിച്ചല്‍ മക്ക്ലെനഗന്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും
Next articleവെസ് ബ്രൗണും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ