ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി, റാങ്ക് 107ലേക്ക് താഴ്ന്നു

പുതിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ ഇന്ത്യക്ക് നിരാശയോടെ 107-ആം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു.  കഴിഞ്ഞ ഏതാനും മാസങ്ങളിലായി ആദ്യ 100 റാങ്കിനുള്ളിൽ ആയിരുന്നു  ഇന്ത്യൻ ഫുട്ബോൾ ടീം. 2017 ജൂലൈയിൽ കഴിഞ്ഞ 20 വർഷത്തിലെ തങ്ങളുടെ മികച്ച റാങ്കായ 96 -ആം സ്ഥാനം ഇന്ത്യ നേടിയിരുന്നു. 1996 ൽ നേടിയ 94 -ആം സ്ഥാനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്ക്.

കഴിഞ്ഞ മാസം മുംബൈയിൽ വച്ച് നടന്ന ത്രിരാഷ്ട്ര ടൂർണ്ണമെന്റിൽ സെന്റ് കീറ്റ്സിനോട് അപ്രതീക്ഷിത സമനില വഴങ്ങിയതാണ് റാങ്കിങ്ങിൽ ഇന്ത്യയുടെ ഇപ്പോഴത്തെ തിരിച്ചടിക്ക്  കാരണമായത്. നിലവിൽ ഇന്ത്യയ്ക്ക് 316 പോയിന്റാണ് ഉള്ളത്.

അതേ സമയം റാങ്കിങ്ങിൽ ഇത് വരെ ഒന്നാമതായിരുന്ന ബ്രസീലിനെ പിന്തള്ളി ജർമനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോർച്ചുഗൽ ചരിത്രത്തിലെ തങ്ങളുടെ മികച്ച റാങ്ക് ആയ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 2014 മെയ് മാസത്തിലായിരുന്നു പോർച്ചുഗൽ ഇതിനു മുൻപ് മൂന്നാം സ്ഥാനം കൈയ്യടക്കിയത്. ആരാധകരെ നിരാശരാക്കി അർജന്റീന നാലാം സ്ഥാനത്തേക്ക് പിൻവാങ്ങി. കൂടാതെ ലോകകപ്പ് പ്ലേ ഓഫിന് യോഗ്യത നേടിയ സിറിയ തങ്ങളുടെ ഏറ്റവും മികച്ച റാങ്കിങ് ആയ 75-ലേക്ക് ഉയർന്നു.

ഇത്തവണ റാങ്കിങ്ങിൽ ഇന്ത്യക്കുണ്ടായ ദുര്യോഗം മറികടക്കാൻ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യത നേടുന്നതോടെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും മുന്നോട്ട് കുതിക്കും എന്നാണ് കരുതുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial