സൂപ്പർ സ്റ്റുഡിയോയ്ക്കു മുന്നിൽ വീണ്ടും ഫിഫാ മഞ്ചേരി ഇടിഞ്ഞു വീണു, ഫൈനൽ സാധ്യത മങ്ങി

- Advertisement -

ഫിഫാ മഞ്ചേരിയുടെ സീസണിലെ സ്ഥിരതയില്ലായ്മ തുടരുകയാണ്. ഒരു ദിവസം മിന്നിയും ഒരു ദിവസം തകർന്നു മുന്നോട്ടു പോകുന്ന ഫിഫാ മഞ്ചേരിക്ക് ഇന്ന് തകർച്ചയുടെ രാത്രി ആയിരുന്നു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ കല്പകഞ്ചേരിയിൽ സെമി ഫൈനൽ ആദ്യ പാദത്തിനിറങ്ങിയ മഞ്ചേരിക്ക് ഇന്ന് സൂപ്പറിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റു വാങ്ങാനായിരുന്നു വിധി. സൂപ്പർ സ്റ്റുഡിയോയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ ഫിഫാ മഞ്ചേരിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സൂപ്പർ തകർത്തത്.

സൂപ്പറിനു വേണ്ടി ഇരട്ട ഗോളുകളുമായി പാട്രിക്ക് മിന്നി തിളങ്ങി. ഫ്രാൻസിസാണ് ഫിഫയുടെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ സൂപ്പറിന്റെ ഫൈനൽ പ്രതീക്ഷ വർധിക്കുകയും ഫിഫാ മഞ്ചേരിയുടെ പ്രതീക്ഷ മങ്ങുകയും ചെയ്തു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് രണ്ടാം പാദത്തിൽ സമനില മതിയാകും ഇനി ഫൈനലിൽ എത്താൻ. സൂപ്പറും ഫിഫയുമായുള്ള അവസാന മൂന്നു ഏറ്റുമുട്ടലുകളിലും ജയം സൂപ്പറിനാണ്.

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. മദീനയ്ക്കു വേണ്ടി മാക്സ് ഇരട്ട ഗോളുകൾ നേടി. സനൂപാണ് മൂന്നാമത്തെ ഗോൾ നേടിയത്.

 

Advertisement