ചെമ്മാണിയോടിൽ ബ്ലാക്കിനെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് സീസണിലെ നാലാം കിരീടം

മമ്പാടിലെ പക ഫിഫാ മഞ്ചേരി ചെമ്മാണിയോടിൽ തീർത്തു. അതെ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനോട് മമ്പാട് ഫൈനലിൽ തോറ്റതിനുള്ള മറുപടി ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ പറഞ്ഞു കൊണ്ട് സീസണിലെ തങ്ങളുടെ നാലാം കിരീടം ഫിഫാ മഞ്ചേരി ഉയർത്തി.

ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. കളിയുടെ ആദ്യ പകുതിയിൽ എറികിന്റെ മനോഹരമായ ഫ്രീകിക്കിലൂടെ ഫിഫ മുന്നിലെത്തിയിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ബ്ലാക്ക് സമനില ഗോൾ നേടി. കളി നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിക്കുക ആയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോൾ ബ്ലാക്കിനെ പിഴച്ചു. 5-4 എന്ന സ്കോറിന് പെനാൾട്ടി വിജയിച്ച് ഫിഫ കിരീടം സ്വന്തമാക്കുക ആയിരുന്നു.

കഴിഞ്ഞ വർഷവും ഫിഫാ മഞ്ചേരി ആയിരുന്നു ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലെ ചാമ്പ്യന്മാർ. സെമി ഫൈനലിൽ എ വൈ സി ഉച്ചാരക്കടവിനെ മറികടന്നാണ് ഫിഫാ മഞ്ചേരി ഇത്തവണ ചെമ്മാണിയോട് ഫൈനലിൽ എത്തിയത്. സീസണിൽ ഇതിനു മുമ്പ് ചാവക്കാടും, കോട്ടക്കലും, എടത്തനാട്ടുകരയിലുമാണ് ഫിഫാ മഞ്ചേരി കിരീടം നേടിയിട്ടുള്ളത്.