ഫെല്ലയ്‌നിക്ക് പരിക്ക്, ലിവർപൂളിന് എതിരായ മത്സരം നഷ്ടമായേക്കും

സീസണിലെ ആദ്യത്തെ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമ്മർദത്തിലാക്കി മധ്യ നിര താരം ഫെല്ലയ്നിക്ക് പരിക്ക്. ബെൽജിയൻ ദേശീയ താരമായ ഫെല്ലയ്നിക്ക് അവരുടെ ബോസ്നിയക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് പരിക്ക് പറ്റിയത്. കാലിനാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ശനിയാഴ്ച ലിവർപൂളിന് എതിരായ മത്സരത്തിൽ താരത്തിന് കളിക്കാൻ ആവില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബെൽജിയം ഫുട്ബാൾ ഫെഡറേഷനും ഫെല്ലയ്നിയുടെ പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പരിക്ക് അത്ര പ്രശ്നം ഉള്ളതല്ലെങ്കിലും ലിഗ്മെന്റ് ന് പരിക്ക് പറ്റിയതാവാൻ സാധ്യതയുള്ളതായി ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസും ഭയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ താരത്തിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കും.

പോൾ പോഗ്ബക്ക് പരിക്ക് പറ്റിയതോടെ പകരക്കാരനായി തിളങ്ങി നിൽക്കുന്ന സമയത്താണ് ഫെല്ലയ്നിക്ക് പരിക്കേറ്റത് എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയാകും. ഗുരുതരമായ പരിക്ക് അല്ലെങ്കിലും ലിവർപൂളിനെതിരായ നിർണായക എവേ മത്സരത്തിൽ ഫെല്ലയ്നി ഉണ്ടാവില്ല. പകരം ആന്ദ്രേ ഹെരേരയാവും ആദ്യ ഇലവനിൽ കളിക്കുക എന്നാണ് റിപ്പോർട്ടുകൾ. ജോസ് മൗറീഞ്ഞോക്ക് കീഴിൽ തന്റെ യുനൈറ്റഡ് കരിയറിന് പുതു മുഖം നൽകിയ ഫെല്ലയ്നി അവസാന ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ 2 ഗോളുകൾ നേടി ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial